ഇന്നസെന്റിനൊപ്പമുള്ള ഫ്ലെക്‌സ് വച്ച് സുരേഷ് ഗോപി; തങ്ങളുടെ അറിവോടെയല്ലെന്ന് കുടുംബം, തുടർനടപടി ഉടൻ
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം ശേഷിക്കെ തൃശൂരിൽ പുതിയ പോർമുഖം തുറന്ന് ഫ്ലെക്‌സ് ബോർഡ് വിവാദം. അന്തരിച്ച നടൻ ഇന്നസെന്റിന്റെ ചിത്രം തന്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡിൽ വച്ച സുരേഷ് ഗോപിയാണ് പുലിവാല് പിടിച്ചത്. ഇതിന് പിന്നാലെ തങ്ങളുടെ അനുവാദമില്ലാതെയാണ് സുരേഷ് ഗോപി ഇത്തരത്തിൽ ഒരു കാര്യം ചെയ്‌തതെന്നാണ് ഇന്നസെന്റിന്റെ കുടുംബം അറിയിച്ചത്.
ഇതോടെ സംഭവം പുതിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. പാർട്ടിയുമായി ആലോചിച്ചശേഷം സംഭവത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നാണ് ഇന്നസെന്റിന്റെ മകൻ സോണറ്റ് ഇന്ന് വ്യക്തമാക്കിയത്. സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്‌തുകൊണ്ട് സ്ഥാപിച്ച ഫ്ലക്‌സിലാണ് ഇന്നസെന്റിന്റെ ചിത്രം ബിജെപി ചേർത്തത്.

എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ വിഎസ് സുനിൽകുമാറിന്റെ ബോർഡിലും ഇന്നസെന്റിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ബസ് സ്‌റ്റാൻഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പിലാണ് രണ്ടും ബോർഡുകളും ഉയർന്നത്. ആദ്യം സുനിൽ കുമാറിന്റെ ബോർഡാണ് ഇവിടെ വച്ചത്. ചാലക്കുടി മണ്ഡലത്തിലെ മുൻ
എംപിയും ഇടതുസഹയാത്രികനുമായ ഇന്നസെന്റ് സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് ബോർഡിൽ ഇടംപിടിച്ചതിൽ വലിയ അത്ഭുതം ഇല്ലായിരുന്നു.
എന്നാൽ ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ബോർഡും ഇവിടെ ഉയർന്നത്. അടുത്ത് തന്നെ കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാല്‍ അതിന്റെ ആശംസകളോടൊപ്പം വോട്ട് അഭ്യർഥിച്ചാണ് ബോര്‍ഡ് കഴിഞ്ഞ ദിവസം രാത്രിയോടെ ഈ ബോർഡ് ഉയർന്നത്. ഇതാണിപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.
അതേസമയം, തൃശൂരിൽ വലിയ സ്വാധീനമുള്ള വ്യക്തി എന്ന നിലയിൽ ഇന്നസെന്റിനെ വലിയ പ്രാധാന്യത്തോടെയാണ് ഇരു പാർട്ടികളും അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ 2014 മുതൽ 2019 വരെ ഇടതുപക്ഷ എംപിയായിരുന്ന ഇന്നസെന്റിന്റെ ചിത്രം കുടുംബത്തിന്റെ പോലും അനുമതിയില്ലാതെ സുരേഷ് ഗോപിയുടെ ബോർഡിൽ വച്ചത് രാഷ്ട്രീയ ധാർമികത ഇല്ലാത്ത നടപടി ആണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
ഇത് ഉയർത്തിക്കാട്ടി ആവും ഇനി ഇടതുപക്ഷത്തിന്റെ പ്രചരണം. പ്രത്യേകിച്ച് മണ്ഡലത്തിൽ ഏത് വിധേനയും ജയിച്ച് ബിജെപിക്ക് ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറക്കാനാണ് സുരേഷ് ഗോപിയുടെ ശ്രമം. അതിനായി കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങൾ അവർ പ്രചരണ വിധേയമാക്കിയിരുന്നു. പിന്നാലെ തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നവും ബിജെപി ചർച്ചക്കിടുന്നുണ്ട്. അതിനിടയിലാണ് സുരേഷ് ഗോപിക്ക് പുലിവാലായി ഫ്ലെക്‌സ് വിവാദം ഉയർന്നു വന്നിരിക്കുന്നത്.












Click it and Unblock the Notifications