തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; എൽഡിഎഫ് പരാതിയിൽ സുരേഷ് ഗോപിയോട് വിശദീകരണം തേടി കളക്‌ടർ
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി തൃശൂർ മണ്ഡലത്തിൽ മത്സരിക്കുന്ന നടൻ സുരേഷ് ഗോപിക്കെതിരെ പെരുമാറ്റ ചട്ടലംഘന പരാതിയുമായി എൽഡിഎഫ്. ഇതിൽ കളക്‌ടർ നടനോട് വിശദീകരണം. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ കളക്‌ടർ വിശദീകരണം തേടിയത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിതരണം ചെയ്‌ത നോട്ടീസിലെ പിഴവുമായി ബന്ധപ്പെട്ടാണ് ഇടതുമുന്നണി പരാതി നൽകിയത്. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെകെ വത്സരാജാണ് പരാതിക്കാരൻ.

സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള നോട്ടീസുകളിൽ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് വിശദാംശങ്ങൾ ഇല്ലെന്നും, ഇത്തരം ലഘുലേഖകളിൽ വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നും എൽഡിഎഫ് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഇതിൽ ആദ്യം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് വിവരങ്ങളെ കുറിച്ചാണ് കളക്‌ടർ ഇപ്പോൾ വിശദീകരണം തേടിയിരിക്കുന്നത്.
എന്തുകൊണ്ടാണ് ഇത്തരം വിശദാംശങ്ങൾ നോട്ടീസിൽ നൽകാതിരുന്നത് എന്നത് സംബന്ധിച്ച മറുപടിയാണ് തേടിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥി നിരന്തരം വാഗ്‌ദാനങ്ങൾ നൽകുന്നുവെന്നും, മതസ്‌പർദ്ധ വളർത്താനുള്ള ശ്രമം മണ്ഡലത്തിൽ നടത്തുന്നുവെന്നും കാട്ടി എൽഡിഎഫ് പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിലും തുടർനടപടി സ്വീകരിച്ചു വരികയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.
അതേസമയം, തൃശൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു കൊണ്ടിരിക്കെ സ്ഥാനാർത്ഥികൾ പരസ്‌പരം പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി പരാതി നൽകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. മുൻപ് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറിന് എതിരെയും പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി പരാതി ഉയർന്നിരുന്നു.
നടൻ ടൊവിനോ തോമസിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച സംഭവത്തിലാണ് ആദ്യം പരാതി ഉയർന്നത്. എന്നാൽ ഈ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ഉടൻ അദ്ദേഹം നീക്കം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ വീണ്ടും സുനിൽ കുമാറിനെതിരെ മറ്റൊരു പരാതിയും ഉയർന്നിരുന്നു. വോട്ട് തേടിക്കൊണ്ടുള്ള ഫ്ലെക്‌സ് ബോഡിൽ മത ചിഹ്നങ്ങൾ ഉൾപ്പെടുത്തിയെന്നായിരുന്നു പരാതി.
തൃപ്രയാര്‍ ക്ഷേത്രത്തിന്റെയും തേവരുടെയും ചിത്രമുള്ള ഫ്ലെക്‌സ് ബോര്‍ഡ് വച്ചതിനായിരുന്നു വിഎസ് സുനില്‍കുമാറിനെതിരെ വീണ്ടും പരാതി ഉയർന്നത്. ഇതിൽ യുഡിഎഫാണ് പരാതി നൽകിയത്. ഇപ്പോഴിതാ സുരേഷ് ഗോപിക്കെതിരെ ഇടതുമുന്നണിയും സമാന സ്വഭാവമുള്ള പരാതിയുമായി രംഗത്ത് വന്നതോടെ പ്രചാരണം കൊഴുക്കുകയാണ് മണ്ഡലത്തിൽ.












Click it and Unblock the Notifications