'സിപിഎം അക്കൗണ്ട് മരവിപ്പിച്ചത് സുരേഷ് ഗോപിക്ക് വേണ്ടി, പക്ഷേ രക്ഷയില്ല'; ബിജെപിക്കെതിരെ മുഖ്യമന്ത്രി
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് ബിജെപി സിപിഎമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ചെയ്‌താൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകും എന്നായിരിക്കും വിചാരിച്ചിട്ടുണ്ടാവുക എന്ന് പറഞ്ഞ മുഖ്യമന്ത്രി സുരേഷ് ഗോപിക്ക് രക്ഷയില്ലെന്നും വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ ഗ്രാഫ് അനുദിനം ഇടിഞ്ഞുവരികയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൃശൂർ മണ്ഡലത്തിൽ ജയം ലക്ഷ്യമിട്ട് ദേശീയ നേതാക്കളെ ഉൾപ്പെടെ രംഗത്തിറക്കി പ്രചരണം നടത്തുന്നതിടെയാണ് പിണറായി ബിജെപിയെ വിമർശിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ജയപ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലമാണ് തൃശൂർ.

ജനങ്ങൾ നൽകുന്ന സംഭാവന കൊണ്ടാണ് തങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും, അത് തടയാൻ ആർക്കും സാധിക്കില്ലെന്നും മുഖ്യമന്ത്രി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിൽ ഉറപ്പായും സുരേഷ് ഗോപി തോൽക്കുമെന്നും ഇക്കാര്യത്തിൽ ഇഡിക്കോ, ബിജെപിക്കോ പോലും അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ലെന്നും പിണറായി പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെ ഉയർത്തി ബിജെപി തൃശൂരിൽ പ്രചാരണം ശക്തമാക്കുമ്പോൾ ഇതും മുഖ്യമന്ത്രി സൂചിപ്പിച്ചു. സഹകരണ മേഖലകളുടെ വിശ്വാസ്യത നിലനിർത്തി പോകാനാണ് സഹകാരികൾ ശ്രമിക്കുന്നത്. എന്നാൽ എല്ലാത്തിനും നേതൃത്വം നൽകുന്നത് മനുഷ്യരാണെന്നും ചിലപ്പോൾ അവർക്ക് വീഴ്‌ച സംഭവിക്കാമെന്നും, എന്നാൽ അത്തരക്കാർക്ക് എതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കരുവന്നൂർ ബാങ്കിലെ അക്കൗണ്ട് ഉടമകൾക്ക് പണം തിരിച്ചുകൊടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ നിക്ഷേപകർക്ക് 117 കോടിയിൽപരം രൂപ തിരിച്ച് നൽകി. ആവശ്യപ്പെടുന്ന മുറയ്ക്ക് ആളുകൾക്ക് നിക്ഷേപം തിരിച്ചു നൽകാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക്. ഞങ്ങൾക്ക് കള്ളം പറഞ്ഞ് ശീലമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി പത്ത് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് വെച്ച് ചർച്ചയ്ക്ക് തയ്യാറുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു. കൂടാതെ കേരളത്തിന്റെ വിവിധ നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ ഒന്നാമത്, ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം, ആരോഗ്യ സൂചികയിൽ തുടർച്ചയായി നാല് വർഷവും ഒന്നാമത്, കൂടുതൽ സൗജന്യ ചികിത്സ നൽകിയതിനുളള കേന്ദ്രസർക്കാർ അവാർഡ് എന്നിങ്ങനെ മുഖ്യമന്ത്രി വൈവിധ്യ വിഷയങ്ങൾ ചൂണ്ടിക്കാട്ടി.
ഒരു തരത്തിലും അവഗണിക്കാൻ കഴിയാത്തത്രയും ഉയരത്തിൽ നിൽക്കുന്ന സംസ്ഥാനമായത് കൊണ്ട് മാത്രമാണ് രാഷ്ട്രീയമായ വേട്ടയാടലിലും കേരളത്തെ അംഗീകരിക്കേണ്ടി വരുന്നതെന്നും പിണറായി പറഞ്ഞു. മുകളിൽ പറഞ്ഞ റാങ്കിങ്ങുകളിൽ ഉത്തർപ്രദേശ് എത്രാം സ്ഥാനത്തു നിൽക്കുന്നു എന്നത് വരാണസി എംപി കൂടിയായ പ്രധാനമന്ത്രി സ്വയം ചോദിച്ചു നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കരുവന്നൂർ വിഷയം ചൂണ്ടിക്കാട്ടിയാണ് തൃശൂരിൽ ബിജെപി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കുന്നത്. ഇതിനിടയിൽ ഇഡിയുടെ ഇടപെടൽ ആവട്ടെ മുൻപെങ്ങും ഇല്ലാത്തവിധം ശക്തമാവുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് പ്രതിരോധത്തിന് ക്യാപ്റ്റൻ തന്നെ നേരിട്ട് രംഗത്തിറങ്ങുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.












Click it and Unblock the Notifications