തോൽവി ഉറപ്പിച്ചോ? തൃശൂരിൽ വീഴ്‌ച ഉണ്ടായി, പത്മജയുടെ ആരോപണങ്ങൾ ഏറ്റെടുത്ത് കെ മുരളീധരൻ
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നതിന് പിന്നാലെ പല കണക്കുകൂട്ടലുകളിലുമാണ് മുന്നണികൾ. എന്നാൽ കേരളം ഒരേപോലെ ഉറ്റുനോക്കിയിരുന്ന തൃശൂർ മണ്ഡലത്തിൽ കോൺഗ്രസിന് കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാവുന്ന വിവരം. കെപിസിസി യോഗത്തിൽ നേതാക്കൾക്ക് എതിരെ രൂക്ഷ വിമർശനം ഉയർത്തി കെ മുരളീധരൻ തന്നെയാണ് ഇതിന്റെ സൂചന നൽകിയത്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തൃശൂരിൽ പാർട്ടിക്ക് വീഴ്‌ച ഉണ്ടായെന്നാണ് മുരളീധരൻ ആരോപിക്കുന്നത്. പൊതു വിമർശനം എന്നതിലുപരി നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് മുരളീധരൻ വിമർശിച്ചതെന്നതും ശ്രദ്ധേയമാണ്. ടിഎൻ പ്രതാപനെയും ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരിനെയുമാണ് മുരളീധരൻ വിമർശിച്ചത്.

ഇരുനേതാക്കളുടെയും സാന്നിധ്യത്തിൽ തന്നെയായിരുന്നു വിമർശനം എന്നതാണ് ശ്രദ്ധേയം. തൃശൂരിൽ പ്രചരണ പ്രവർത്തനങ്ങളിൽ വീഴ്‌ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയ മുരളീധരൻ തിരഞ്ഞെടുപ്പ് ചിലവ് ഇരട്ടിയായെന്നും ചില നേതാക്കൾക്ക് പണത്തോട് ആർത്തി ഉണ്ടെന്നും വിമർശനം ഉന്നയിക്കുകയുണ്ടായി. അവസാന നിമിഷമാണ് തൃശൂരിൽ മുരളീധരൻ സ്ഥാനാർത്ഥിയായി എത്തിയത്.
നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ കരുണാകരന്റെ മകളും മുരളിയുടെ സഹോദരിയുമായ പത്മജ വേണുഗോപാൽ കോൺഗ്രസിലെ ചില നേതാക്കൾക്ക് എതിരെ ഉയർത്തിയ അതേ സ്വഭാവമുള്ള ആരോപണമാണ് മുരളീധരനും ഉന്നയിച്ചിരിക്കുന്നത്. പ്രചരണത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന പ്രതാപനെ ഉൾപ്പെടെ വിമർശിച്ച മുരളി പത്മജയുടെ ആരോപണങ്ങൾ ഏറ്റെടുക്കുകയാണ്.
കെസി വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് മുരളീധരൻ ഈ വിഷയം ഉന്നയിച്ചത്. നേരത്തെ വടകര മണ്ഡലത്തിൽ രണ്ടാമൂഴം കാത്തിരുന്ന മുരളീധരൻ ക്ലൈമാക്‌സ് ട്വിസ്‌റ്റിന് ഒടുവിലാണ് തൃശൂരിലേക്ക് പറിച്ചുനടപ്പെട്ടത്. മറ്റെല്ലാ സീറ്റുകളിലും സിറ്റിങ് എംപിമാരെ പരിഗണിച്ചപ്പോൾ പ്രതാപൻ മാത്രമാണ് പുറത്തായത്.
ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി എത്തുകയും ഇടതുമുന്നണിക്ക് വേണ്ടി സുനിൽകുമാർ തന്നെ രംഗത്തിറങ്ങുകയും ചെയ്‌ത സാഹചര്യത്തിലാണ് കോൺഗ്രസ് കരുത്തനായ മുരളീധരനെ ഇറക്കി മത്സരത്തിന്റെ ഗതി അനുകൂലമാക്കാൻ ശ്രമിച്ചത്. എന്നാൽ അത് എത്രത്തോളം വിജയം കൈവരിച്ചുവെന്ന് പറയാൻ കഴിയില്ലെന്നാണ് കോൺഗ്രസിന്റെയും മുരളീധരന്റെയും ശരീരഭാഷ നൽകുന്ന സൂചന.
സാക്ഷാൽ നരേന്ദ്ര മോദിയെ മുൻനിർത്തി പ്രചരണം നടത്തിയ സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിച്ചെടുത്ത് കേരളത്തിൽ ആദ്യമായി താമര വിരിയിക്കാം എന്ന മോഹത്തിലാണ് ബിജെപി ഉള്ളത്. എന്നാൽ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം തന്നെയാണ് നടന്നതെന്നാണ് വിലയിരുത്തൽ. ഇനി അന്തിമ വിധി വരുന്ന ജൂൺ നാല് വരെ ആരെയാണ് തൃശൂർ വരിച്ചതെന്ന് അറിയാൻ കാത്തിരിക്കണം.












Click it and Unblock the Notifications