'തൃശൂരിൽ നുണ ഫാക്‌ടറി തുറന്നു, തനിക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്'; ആരോപണവുമായി ടിഎൻ പ്രതാപൻ
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂരിൽ പോരാട്ടം കനക്കുകയാണ്. ഇപ്പോഴിതാ സംഘ പരിവാറിനെതിരെയും ബിജെപിക്കെതിരെയും കടുത്ത ആരോപണവുമായി സിറ്റിംഗ് എംപി ടിഎൻ പ്രതാപൻ രംഗത്തെത്തിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള അപവാദ പ്രചരണങ്ങള്‍ നിയമപരമായി നേരിടുമെന്നാണ് ടിഎന്‍ പ്രതാപന്‍ അറിയിച്ചിരിക്കുന്നത്.
ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘപരിവാര്‍ തൃശൂരില്‍ 'നുണ ഫാക്‌ടറി' തുറന്നിരിക്കുകയാണ്. ബിജെപിയുടെ ദേശീയ ഐടി സെല്ലിന്റെ നേതൃത്വത്തില്‍ അപകടകരമായ വ്യാജ വ്യവഹാര നിര്‍മിതിയാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും പ്രതാപൻ ആരോപിച്ചു.

തനിക്കെതിരേ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. വ്യക്തിഹത്യയിലൂടെ തിരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് അവര്‍ കരുതുന്നത്. ഇതിന് ബിജെപി കനത്ത വില കൊടുക്കേണ്ടി വരുമെന്നും ടിഎൻ പ്രതാപന്‍ മുന്നറിയിപ്പ് നൽകി. ചെറുതും വലുതുമായ നുണകള്‍ പ്രചരിപ്പിക്കുന്നതിനായി ആയിരക്കണക്കിന് ബോട്ട് അക്കൗണ്ടുകള്‍, വിവിധ സാമൂഹ്യ മാധ്യമങ്ങള്‍, ബ്ലോഗര്‍മാര്‍ എന്നിവരെ ബിജെപി-ആര്‍എസ്എസ് സംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് പ്രതാപന്റെ ആരോപണം.
ഒരേ അച്ചിലിട്ട് വാര്‍ത്തതുപോലെയുള്ള കമന്റുകളും പോസ്‌റ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരമായി പരത്തുന്നു. ഇത് സംഘപരിവാരം ആവിഷ്‌കരിക്കുന്ന വെറുപ്പിന്റെ കമ്പോളം തുറക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംഘപരിവാറും അവരുടെ കൈയില്‍ നിന്നും പണം കൈപ്പറ്റിയ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അവര്‍ വിലക്കെടുത്ത ചില ബ്ലോഗുകളും തന്നെ വ്യക്തിപരമായി ലക്ഷ്യമിടുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ചൂണ്ടികാട്ടി.
മതപരമായ ചിന്തകളും അറിവുകളും വ്യക്തിപരമായ കാര്യമാണ്. ഹീനമായ അപവാദപ്രചരണങ്ങള്‍ക്ക് അത് പോലും ഉപയോഗിക്കുന്നു. ക്ഷേത്രാരാധകനായ ഹൈന്ദവ വിശ്വാസിയാണ് താന്‍. ഇന്ത്യന്‍ ഭരണഘടനയാണ് ജീവാത്മാവ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും മറ്റു മതക്കാരും മതമില്ലാത്തവരും തുല്യ നീതിയും സ്ഥാനവും അഭിമാനവും അര്‍ഹിക്കുന്ന പൗരന്മാരാണ് എന്നതാണ് തന്റെ സാമൂഹിക രാഷ്ട്രീയ വീക്ഷണമെന്നും പ്രതാപൻ വ്യക്തമാക്കി.
നടക്കാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോകസഭാ തിരഞ്ഞടുപ്പാണെന്നും പ്രതാപൻ പറഞ്ഞു. ഗാന്ധിജിയുടെ അനുയായികളും ഗോഡ്‌സെയുടെ അനുയായികളും തമ്മിലാണ് ഈ പോരാട്ടം. ഇവിടെ ഗാന്ധിജി ജയിക്കും. ഗാന്ധിജിയുടെ അനുയായികള്‍ വെറുപ്പിന്റെ ഉപാസകരെ തോല്‍പ്പിക്കും. വെറുപ്പിന്റെ കമ്പോളമല്ല, സ്‌നേഹത്തിന്റെ കടകള്‍ തങ്ങള്‍ ഇവിടെ ഇനിയും തുറക്കുമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന മണ്ഡലമായി തൃശൂർ മാറി കഴിഞ്ഞു. ബിജെപിക്ക് വേണ്ടി ജനസമ്മതനും, പ്രമുഖ നടനുമായി സുരേഷ് ഗോപിയാവും കളത്തിൽ ഇറങ്ങുക. കോൺഗ്രസിന് വേണ്ടി സിറ്റിംഗ് എംപി ടിഎൻ പ്രതാപൻ തന്നെ മത്സരിച്ചേക്കും. എൽഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ച് ഇതുവരെ കൃത്യമായ ധാരണ വന്നിട്ടില്ല.












Click it and Unblock the Notifications