തൃശൂരിൽ സുനിലേട്ടൻ മിന്നിക്കുമോ? സുരേഷ് ഗോപിയും മുരളീധരനും ഒപ്പത്തിനൊപ്പം, സർവേ ഫലം ഇങ്ങനെ
തൃശൂർ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും ഉറ്റുനോക്കുന്ന തൃശൂർ മണ്ഡലത്തിൽ ഇക്കുറിയും താമര വിരിയില്ലെന്ന് വ്യക്തമാക്കി ട്വന്റി ഫോർ ന്യൂസ് അഭിപ്രായ സർവേ ഫലം. മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന് ജയം ഉണ്ടാവുമെന്നാണ് സർവേ പ്രവചിക്കുന്നത്.
സർവേയിൽ പങ്കെടുത്തവരിൽ 35.9 ശതമാനം പേരും അഭിപ്രായപ്പെട്ടത് വിഎസ് സുനിൽകുമാർ മണ്ഡലം പിടിച്ചെടുക്കുമെന്നാണ്. എന്നാൽ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ ജയിക്കുമെന്ന് 31.5 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും 31.5 പേരുടെ പിന്തുണ തന്നെയാണ് ലഭിച്ചത്.

മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിക്ക് ജയം പ്രവചിക്കുമ്പോഴും ഇന്ത്യയൊട്ടാകെ ഉള്ള ട്രെൻഡിൽ അത്ഭുതങ്ങൾ ഒന്നുമുണ്ടാവില്ലെന്ന് തന്നെയാണ് തൃശൂരിൽ വോട്ടർമാർ പറയുന്നത്. രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിന് എൻഡിഎയുടെ ഹാട്രിക് ഭരണമുണ്ടാവും എന്ന് തന്നെയാണ് അവർ നൽകിയ മറുപടി. 54.4 ശതമാനം പേരാണ് ദേശീയ ജനാധിപത്യ സഖ്യത്തിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന് പറയുന്നത്.
എന്നാൽ പ്രതിപക്ഷ കൂട്ടായ്‌മയായ ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്ന വിശ്വസിക്കുന്നവർ കേവലം 27.7 ശതമാനം പേർ മാത്രമാണ്, 1.4 ശതമാനം പേര്‍ മറ്റുള്ളവര്‍ എന്ന് രേഖപ്പെടുത്തിയപ്പോൾ 16.5 പേർ ഇക്കാര്യത്തിൽ അഭിപ്രായമില്ലെന്നാണ് പറഞ്ഞത്.
ഇഷ്‌ടനേതാക്കളെ കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ ഗാന്ധിയെന്നാണ് കൂടുതൽ പേർ നൽകിയ ഉത്തരം. രാഹുലിനെ 46.4 ശതമാനം പേർ അനുകൂലിച്ചപ്പോൾ മോദിയെ അനുകൂലിച്ചത് 38.4 ശതമാനം പേരാണ്. സീതാറാം യെച്ചൂരിയെന്ന് 9.3 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ പേര് പറഞ്ഞവർ മൂന്ന് ശതമാനത്തിൽ അധികം വരും.
അതേസമയം, ഇത്തവണ തൃശൂരിലൂടെ കേരളത്തിലെ ഡെഡ്‌ലോക്ക് പൊളിക്കാമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു ബിജെപി കേന്ദ്രനേതൃത്വം. അതിനായി കഴിഞ്ഞ അഞ്ച് വർഷത്തോളമായി അമേഠിയിൽ സ്‌മൃതി ഇറാനി പയറ്റിയത് പോലെയുള്ള തന്ത്രം സുരേഷ് ഗോപിയും രംഗത്തിറക്കിയിരുന്നു. എന്നാൽ സാക്ഷാൽ പ്രധാനമന്ത്രിയെ തന്നെ രംഗത്തിറക്കിയിട്ടും ജയം അകന്നു നിൽക്കുകയാണ് എന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന.
ഇത് ബിജെപിക്ക് നൽകുന്ന ആശങ്ക ചെറുതല്ല. തൃശൂരിനോളം ജയ പ്രതീക്ഷ കേരളത്തിൽ മറ്റൊരു മണ്ഡലത്തിലും ബിജെപി വച്ചുപുലർത്തുന്നില്ല എന്നതാണ് വാസ്‌തവം. അതിന്റെ കാരണം സുരേഷ് ഗോപിയുടെ ജനസമ്മതി കൂടി വോട്ടാകുമെന്ന കണക്കുകൂട്ടലാണ്. എന്നാൽ ഇതിനെയൊക്കെ തകിടം മരിക്കുന്ന ഫലമാണോ തൃശൂരിൽ ഉണ്ടാവുകയെന്ന് കണ്ടറിയാം ജൂൺ നാല് വരെ കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications