പീച്ചി ഡാമില്‍ കാണാതായ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തൃശൂര്‍: പീച്ചി ഡാമില്‍ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി ദാരുണാന്ത്യം. സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനായി മണിക്കൂറുകളോളമാണ് സ്‌കൂബ ടീം തിരച്ചില്‍ നടത്തിയത്. മലപ്പുറം താനൂര്‍ സ്വദേശി യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിന്ന് കാണാതായത്.
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ നീന്തുന്നതിനിടയില്‍ കാണാതാവുകയായിരുന്നു. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. എസ്എഫ്‌ഐയുടെ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയാണ്.

കോളേജില്‍ നിന്നുള്ള പന്ത്രണ്ട് അംഗ സംഘമാണ് കേരള വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിനായി എത്തിയത്. എംഎസ്‌സി ബോട്ടണി വിദ്യാര്‍ത്ഥിയാണ് യഹിയ. വൈകീട്ട് നാല് മണിയോടെയാണ് നാല് സുഹൃത്തുക്കള്‍ക്കൊപ്പം യഹിയ കുളിക്കാനായി റിസര്‍വോയറില്‍ ഇറങ്ങിയത്. ആ സമയത്താണ് അപകടം സംഭവിച്ചത്.
ഡാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങിയ യഹിയ മുങ്ങിപ്പോവുകയായിരുന്നു. കൂട്ടുകാര്‍ക്ക് വിദ്യാര്‍ത്ഥിയെ രക്ഷിക്കാനായില്ല. മന്ത്രി കെ രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ഇവിടെ എത്തിയിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരില്‍ ചിലരാണ് ആദ്യം രക്ഷിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇരുട്ടായതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളുമെല്ലാം രാത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. ഒടുവില്‍ സ്‌കൂബ ടീമിന്റെ തിരച്ചിലിലാണ് മൃതദേഹം മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.












Click it and Unblock the Notifications