സീരിയല്‍ ബാല താരത്തിന്റെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല പ്രചാരണം, പ്രതി പിടിയിൽ
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ച ആളെ കണ്ടെത്തി പിടികൂടി പോലീസ്. തൃശൂര്‍ ജില്ലയിലാണ് സംഭവം. ഫേസ്ബുക്കിലൂടെയാണ് സീരിയലുകളില്‍ അഭിനയിക്കുന്ന ബാലതാരത്തെ അപകീര്‍ത്തിപ്പെടുത്തിയത്. സംഭവത്തില്‍ അല്‍ അമീന്‍ എന്നയാള്‍ ആണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാള്‍ കൊല്ലം സ്വദേശിയാണ്. ഇരിങ്ങാലക്കുട സൈബര്‍ പോലീസ് ആണ് അല്‍ അമീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്കില്‍ സീരിയല്‍ ബാലതാരത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് അല്‍ അമീന്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുകയായിരുന്നു. 2019 മുതല്‍ ഇത്തരത്തില്‍ ഇയാള്‍ വ്യാജ പ്രചാരണം നടത്തിയതായാണ് സൈബര്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സീരിയല്‍ ബാലതാരത്തിന്റെ പേരും ഫോട്ടോയുമാണ് ഇയാള്‍ അശ്ലീല പ്രചാരണത്തിന് വേണ്ടി സൃഷ്ടിച്ചിരിക്കുന്ന വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്നത്.

സീരിയലുകളിലെ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിമാരുടെ ചിത്രങ്ങളും ഇയാള്‍ അശ്ലീല ചുവയോടെ പ്രചരിപ്പിച്ചിരുന്നു. ഇയാളുടെ വ്യാജ ഫേസ്ബുക്ക് പേജില്‍ നിന്ന് നിരവധി പേരാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്ന ആയിരത്തോളം പേരുടെ വിവരങ്ങള്‍ സൈബര്‍ പോലീസ് ശേഖരിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് വിവരം. ഇത്തരക്കാരെ കണ്ടെത്തി അവരേയും ഈ കേസില്‍ പോലീസ് പ്രതി ചേര്‍ക്കും. തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി ആണ് ഇക്കാര്യം അറിയിച്ചത്.
അതിനിടെ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രധാന പ്രതി അല്‍ അമീനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സീരിയല്‍ ബാലതാരത്തിന്റെ പേരില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന വ്യാജ ഫേസ്ബുക്ക് പേജ് സൈബര്‍ പോലീസ് വിശദമായി പരിശോധിച്ചു. ഈ പേജില്‍ നിരവധി വ്യാജ പ്രൊഫൈലുകളില്‍ നിന്ന് ലൈക്കും അശ്ലീല കമന്റുകളും രേഖപ്പെടുത്തിയിരിക്കുന്നതായും സൈബര്‍ പോലീസ് കണ്ടെത്തി.
മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായി കെ സുരേന്ദ്രൻ, താരത്തിന്റെ വീട്ടിൽ നിന്നുളള ചിത്രങ്ങൾ
പ്രതിയായ അല്‍ അമീനെ കണ്ടെത്താന്‍ സൈബര്‍ പോലീസിന് നന്നായി പാട് പെടേണ്ടതായി വന്നിരുന്നു. കാരണം സൈബര്‍ പോലീസിന്റെ വലയില്‍ വീഴാതിരിക്കാനായി ഇയാള്‍ മറ്റൊരു വ്യക്തിയുടെ വിലാസത്തില്‍ ഉളള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത്. സൈബര്‍ പോലീസ് അല്‍ അമീനെ തിരിച്ചറിഞ്ഞത് ഫേസ്ബുക്കില്‍ നിന്നും ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമായിരുന്നു. ഫേസ്ബുക്കില്‍ ഇത്തരത്തില്‍ സീരിയല്‍ ബാലതാരത്തിന്റെ പേരില്‍ നടക്കുന്ന അശ്ലീല പ്രചരണത്തെ കുറിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആണ് പോലീസിന് വിവരം നല്‍കിയത്. സംഭവത്തില്‍ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരം സൈബര്‍ പോലീസ് കേസ് ഇരിങ്ങാലക്കുട സൈബര്‍ പോലീസിന് കൈമാറിയത്.












Click it and Unblock the Notifications