പുലിക്കളിക്ക് ഇനി രണ്ട് നാൾ മാത്രം ബാക്കി; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, സ്വരാജ് റൗണ്ടിനെ വിറപ്പിക്കുമോ?
തൃശൂർ: രണ്ട് നാൾ മാത്രം ശേഷിക്കെ പുലിക്കളി സംഘങ്ങൾ അവസാന വട്ട ഒരുക്കത്തിൽ. തൃശൂരിന്റെ മുഖമായ പുലിക്കളിക്കായി ഇക്കുറി ഏഴ് സംഘങ്ങളാണ് രംഗത്തുള്ളത്. മുഖ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. ഇതോടെ ചായമരക്കൽ തുടങ്ങിയിട്ടുണ്ട്. എല്ലാ ക്രമീകരണങ്ങളും അവസാന ഘട്ടത്തിലാണ്. ഓണം കഴിഞ്ഞതോടെയാണ് പുലിക്കളി സംഘങ്ങൾ അവസാനഘട്ട ഒരുക്കങ്ങൾ വേഗത്തിലാക്കിയത്.
ഇത്തവണയും സർപ്രൈസ് പുലികൾ സ്വരാജ് ഗ്രൗണ്ടിൽ ഇറങ്ങുമെന്നാണ് പുലിക്കളി സംഘങ്ങൾ നൽകുന്ന ഉറപ്പ്. വേഷവിധാനങ്ങളിലെ വ്യത്യസ്‌തത കൊണ്ട് വന്ന് കൈയടി നേടുകയാവും കൂടുതൽ പുലിക്കളി സംഘങ്ങളുടെയും ലക്ഷ്യം. മുൻവര്‍ഷത്തെ പോലെ ഇത്തവണയും പെൺപുലികളും കുട്ടിപുലികളും വിവിധ ദേശങ്ങൾക്കായി രംഗത്തിറങ്ങും എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ കാണികളും ആവേശത്തിലാണ്.

35 മുതൽ 51 വരെ പുലികളാണ് ഓരോ സംഘങ്ങളിലും ഉണ്ടാവുക. പുലി വേഷം കെട്ടുന്നവരുടെ ശരീരത്തിൽ തേയ്ക്കാനുളള നിറക്കൂട്ടുകൾ ദേശങ്ങൾ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം വിവിധ ഇടങ്ങളിൽ ഒപ്പം ചമയ പ്രദർശനവും ആരംഭിച്ചു. സെപ്റ്റംബർ 18നാണ് തൃശൂര്‍ റൗണ്ടിൽ പുലിക്കളി നടക്കുക. ഇതിനായി കാത്തിരിക്കുകയാണ് സകല ദേശക്കാരും പുലിക്കളി പ്രേമികളും.
അതേസമയം, നേരത്തെ പുലിക്കളി നടക്കുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. അത്തരം അനിശ്ചിതത്വങ്ങളും ചർച്ചകൾക്കും ഒക്കെ ഒടുവിലാണ് കോർപ്പറേഷൻ പുലിക്കളിയുമായി മുന്നോട്ട് പോകാനുള്ള പ്രഖ്യാപനം അറിയിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി പുലിക്കളി വേണ്ടെന്ന് നിലപാടിലായിരുന്നു തൃശൂർ കോർപറേഷൻ. കുമ്മാട്ടിയും പുലിക്കളിയും വേണ്ടെന്ന തീരുമാനമായിരുന്നു അവർ സ്വീകരിച്ചത്.
എന്നാൽ പുലിക്കളി ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ ടീമുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നായിരുന്നു സംഘാടക സമിതി പറഞ്ഞത്. പുലിക്കളിക്കായി ഓരോ ടീമും നാല് ലക്ഷം രൂപയിലധികം ചെലവഴിച്ചതാണ്. അതിനാൽ തന്നെ കോർപ്പറേഷൻ അനുമതി നിഷേധിച്ചാലും പുലിക്കളി നടത്താൻ സംഘാടക സമിതി തയ്യാറാവുമെന്നായിരുന്നു ഭാരവാഹികൾ സ്വീകരിച്ച നിലപാട്.
ഇതിന് പുറമേ സംസ്ഥാന സർക്കാരും അനുകൂല നിലപാട് എടുത്തതോടെ പുലിക്കളി നടത്താമെന്ന് കോർപറേഷൻ തീരുമാനിക്കുകയായിരുന്നു. ഓണക്കാലത്താണ് സാധാരണയായി തൃശൂരിൽ പുലിക്കളി നടക്കാറുള്ളത്. സ്വരാജ് റൗണ്ടിൽ വച്ചാണ് പുലിക്കളി അരങ്ങേറാറുള്ളത്. തൃശൂരിന്റെ സമ്പന്നമായ പൈതൃകത്തിന്റെ അടയാളം കൂടിയാണ് ഈ കലാരൂപം.












Click it and Unblock the Notifications