യൂത്ത് കോണ്‍ഗ്രസ്-കെഎസ് യു മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജ്, വീക്ഷണം ഫോട്ടോഗ്രാഫർക്ക് മർദ്ദനം
തൃശൂര്‍: ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും വഴിവിട്ട് അനുമതി നല്‍കിയ എക്‌സൈസ് മന്ത്രിയെ പുറത്താക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക, ആരാധനാലയങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. 20 പ്രവര്‍ത്തകര്‍ക്കും വീക്ഷണം ഫോട്ടോഗ്രാഫര്‍ സാഞ്ച്‌ലാലിനും പരുക്കേറ്റു.
വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; കാഞ്ഞിരത്തില്‍ ഭൂമി പ്രശ്‌നത്തില്‍ സമരത്തിന് ശക്തിപകരാന്‍ ആഹ്വാനം
ഡി.സി.സി. ഓഫീസില്‍ നിന്നു വൈകീട്ടു നാലോടെ തുടങ്ങിയ മാര്‍ച്ച് സ്വരാജ്‌റൗണ്ടിലെത്തിയതോടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. വന്‍പോലീസ് സംഘം നൂറ്റമ്പതോളം വരുന്ന പ്രകടനക്കാരെ അനുഗമിച്ചു. ജോസ് തീയറ്ററിനു സമീപം വൈകീട്ട് നാലേമുക്കാലോടെ റോഡു തടഞ്ഞ ഇവരെ അറസ്റ്റുചെയ്തു നീക്കുന്നതിനിടെ വെസ്റ്റ് സി.ഐ.മാത്യുവിനു നേരെ ചിലര്‍ കൊടിക്കാല്‍ വലിച്ചെറിഞ്ഞു.

ഇതോടെ പോലീസ് ലാത്തിചാര്‍ജു തുടങ്ങി. ഒന്നരമണിക്കൂറോളം വന്‍ സംഘര്‍ഷാവസ്ഥയായി. വൈകിട്ട് ആറോടെയാണ് സ്ഥിതിഗതികള്‍ സാധാരണനിലയിലായത്. ലാത്തിചാര്‍ജില്‍ കെ.എസ്.യു. ജില്ലാവൈസ്പ്രസിഡന്റ് നിഖില്‍ ജോണിനു കടുത്ത മര്‍ദനമേറ്റു. നിഖിലിനെ പോലീസുകാര്‍ വളഞ്ഞിട്ടു തല്ലി. ഷര്‍ട്ടും മുണ്ടും കീറി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ജെലിന്‍ ജോണ്‍, കെ.എസ്.യു.നേതാക്കളായ ശ്രീലാല്‍ ശ്രീധര്‍, അനീഷ് ആന്റണി, യദുകൃഷ്ണന്‍, രതീഷ് എന്നിവര്‍ക്കും നല്ല അടി കിട്ടി. പോലീസ് ലാത്തിയടിയുടെ പടമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീക്ഷണം ഫോട്ടോഗ്രാഫര്‍ സാഞ്ച്‌ലാലിനു മുഖത്തു പരുക്കേറ്റു. 12 പേരെ കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എട്ടുപേരെ ജില്ലാ ആശുപത്രിയിലാക്കി. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി നേതാക്കള്‍ പറഞ്ഞു. എ.സി.പി: വി.കെ.രാജു, സി.ഐ.മാരായ കെ.സി.സേതു, എന്‍.കെ.ബെന്നി, രാജു എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍പോലീസ് സംഘം ക്യാമ്പു ചെയ്തിരുന്നു. കൃത്യനിര്‍വഹണത്തിനിടെ ഫോട്ടോഗ്രര്‍മാറെ മര്‍ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തകയൂണിയന്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.
യാത്രക്കാര്‍ വലഞ്ഞു
ഇന്നലെ നഗരം യൂത്ത് കോണ്‍ഗ്രസ്-പോലീസ് ഏറ്റുമുട്ടലോടെ സംഘര്‍ഷനിര്‍ഭരമായി. വൈകീട്ട് നാലു മുതല്‍ രണ്ടുമണിക്കൂര്‍ വന്‍ പോലീസ് സംഘമാണ് നിലയുറപ്പിച്ചത്. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രകടനം ജോസ് തീയറ്ററിനു മുന്നില്‍ റോഡ് ഉപരോധമായി മാറി. ഡി.സി.സി. ഓഫീസില്‍ നിന്നു പ്രകടനം തുടങ്ങിയതു മുതല്‍ അവസാനിക്കും വരെ സംഘര്‍ഷാവസ്ഥയായിരുന്നു. ബിനി ജംഗ്ഷനു സമീപമെത്തിയതോടെ സമരക്കാര്‍ അക്രമാസക്തരായി. പോലിസിനെതിരേ ചിലര്‍ കരുതിക്കൂട്ടി പ്രകോപനമുണ്ടാക്കി. ജോസ് തീയറ്ററിനു മുന്നില്‍ കെ.എസ്.യു ജില്ലാ സെക്രട്ടറി നിഖില്‍ ജോണിനെ വളഞ്ഞുവെച്ചു തല്ലുന്നതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച വീക്ഷണം ഫോട്ടോഗ്രാഫര്‍ സാഞ്ച്‌ലാലിനു മുഖത്ത് ലാത്തിയടിയേറ്റു. പോലീസുകാരന്‍ ക്യാമറ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു. അയാളെ തടഞ്ഞ വീക്ഷണം ജീവനക്കാരന്‍ എം.സുജിത്ത് കുമാറിന്റെ പുറംഅടിച്ചു പൊളിച്ചു. കാല്‍മുട്ടില്‍ പൊതിരെ തല്ലി.
20 പ്രവര്‍ത്തകര്‍ക്കാണ് പരുക്ക്. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീലാല്‍ ശ്രീധര്‍അടക്കം 12 പേരെ സഹകരണ ആ ശുപത്രിയിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പ്രസ്‌ക്ലബ്ബിനു മുന്നില്‍ എത്തിയപ്പോള്‍ സി.ഐ. സേതു പ്രവര്‍ത്തകരെ ഷീല്‍ഡു പയോഗിച്ച് തള്ളിയെന്ന് നേതാക്കള്‍ അറിയിച്ചു. ചോദ്യം ചെയ്തപ്പോള്‍ പോലീസ് തട്ടിക്കകയറി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നിലത്തിരുന്നു. കണ്ണൂര്‍ ലോകോളജിലെ കെ.എസ്.യു. നേതാവ് സോഫിയയെ തല്ലാന്‍ പോലീസുകാരന്‍ ശ്രമിച്ചപ്പോള്‍ മറ്റുള്ളവര്‍ തടഞ്ഞു. ഇതിനിടെയാണ് പോലീസിനു നേരെ കൊടിക്കാല്‍ എറിഞ്ഞത്. പ്രകോപിതരായ പോലീസ് ലാത്തികൊണ്ട് എല്ലാവരേയും തല്ലി. തൃശൂര്‍ എ.സി.പി. വി കെ. രാജുവിന്റെനേതൃത്വത്തിലാണ് പോലീസ് എത്തിയത്. പരുക്കേറ്റു എന്ന പരാതിയോടെ അഞ്ചു പോലീസുകാരും ആശുപത്രിയിലുണ്ട്.
നടപടി വേണം: ചെന്നിത്തല
തൃശൂരില്‍ വിദ്യാര്‍ത്ഥി യുവജന മാര്‍ച്ചിന് നേരെ നടന്ന ക്രൂരമായ പൊലീസ് നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. വീക്ഷണം ഫോട്ടോഗ്രാഫറെയും പൊലീസ് മര്‍ദിച്ചു. മാധ്യമ പ്രവര്‍ത്തകന് നേരെയും, വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകര്‍ക്ക് നേരെയും അതിക്രമം നടത്തിയ പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കെ.യു.ഡ.ബ്ല്യു.ജെ. പ്രതിഷേധം
വീക്ഷണം ഫോട്ടോഗ്രാഫര്‍ സാഞ്ച്‌ലാലിനെ കൃത്യനിര്‍വഹണത്തിനിടെ പോലീസ് മര്‍ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തിങ്കളാഴ്ച വൈകിട്ട് ജോസ് തിയറ്ററിനുമുന്നില്‍ യൂത്ത്‌കോണ്‍ഗ്രസ്- കെ.എസ്.യു. പ്രവര്‍ത്തകര്‍ നടത്തിയ കുത്തിയിരുപ്പ് സമരത്തിനിടെ പൊലീസ് ലാത്തിവീശിയതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് സാഞ്ച്‌ലാലിന്റെ മുഖത്ത് ലാത്തികൊണ്ടടിച്ചത്. പരുക്കേറ്റ സാഞ്ച്‌ലാല്‍ തൃശൂര്‍ കോ-ഓപ്പറേറ്റീവ് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. പത്രഫോട്ടോഗ്രാഫറെ മര്‍ദിച്ച പോലീസുകാരനെതിരേ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.












Click it and Unblock the Notifications