തൃശൂരിൽ ഇക്കുറിയും 'പുലിയിറങ്ങും'; ഒടുവിൽ തീരുമാനം മാറ്റി കോർപ്പറേഷൻ, പുലിക്കളി സെപ്റ്റംബറിൽ നടക്കും
തൃശൂർ: ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പുലിക്കളിയിൽ അനുകൂല തീരുമാനവുമായി തൃശൂർ കോർപ്പറേഷൻ. എല്ലാവർഷവും ഓണത്തിന് നടക്കുന്ന പുലിക്കളി ഈ വർഷവും മാറ്റമില്ലാതെ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി മാറ്റിവെക്കുമെന്ന് തൃശൂർ കോർപ്പറേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ വ്യാപക പരാതികളാണ് ഉയർന്നത്.
തൃശൂർ മേയറുടെ ചേമ്പറിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഇനി കോർപ്പറേഷൻ കൗൺസിലിന്റെതായിരിക്കും അന്തിമ തീരുമാനം. സെപ്റ്റംബർ 18നാണ് പുലിക്കളി നടക്കുക. ആറ് പുലിക്കളി സംഘങ്ങളാണ് ഇതുവരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പുലിക്കളി, കുമ്മാട്ടി എന്നീ ആഘോഷങ്ങൾ ഒഴിവാക്കാനായിരുന്നു കോർപറേഷൻ തീരുമാനിച്ചത്.

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇരതേ അറിയിച്ചിരുന്നു. വയനാട് രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും കണക്കിലെടുത്തായിരുന്നു തീരുമാനം. ഇതിന്റെ ചുവടുപിടിച്ചാണ് തൃശൂരിൽ ഇത്തവണ പുലിക്കളി പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചത്.
നേരത്തെ പുലിക്കളി നടത്തണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് തൃശൂർ കോർപറേഷനാണ് എന്നായിരുന്നു മന്ത്രി എംബി രാജേഷ് അറിയിച്ചത്. കോർപ്പറേഷൻ പുലിക്കളി നടത്താൻ തീരുമാനിക്കുകയാണെങ്കിൽ മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാർ തീരുമാനം കോർപ്പറേഷന് വിട്ടതോടെയാണ് ഇപ്പോൾ വീണ്ടും അവർ നയം മാറ്റുന്നത്.
അതേസമയം, പുലിക്കളി ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ ടീമുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് സംഘാടക സമിതി ചൂണ്ടിക്കാണിച്ചിരുന്നു. പുലിക്കളിക്കായി ഓരോ ടീമും നാല് ലക്ഷം രൂപയിലധികം ചെലവഴിച്ചതാണ്. അതിനാൽ തന്നെ കോർപ്പറേഷൻ അനുമതി നിഷേധിച്ചാലും പുലിക്കളി നടത്താൻ സംഘാടക സമിതി തയ്യാറാവുമെന്നായിരുന്നു ഭാരവാഹികളുടെ നിലപാട്.
നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്‌റു ട്രോഫി വള്ളംകളി ഉൾപ്പെടെയുള്ളവയും മാറ്റി വച്ചിരുന്നു. ആഗസ്‌റ്റ് പത്തിന് നടക്കേണ്ടിയിരുന്ന വള്ളംകളി മാറ്റി വയ്ക്കുകയായിരുന്നു. എന്നാൽ ഇതുവരെ പകരം തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇക്കുറി മത്സരം ഉപേക്ഷിക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെ ക്ലബുകൾ വലിയ ആശങ്കയിലാണ്.
മൂന്ന് മാസത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ഓരോ ക്ലബും വള്ളംകളി മത്സരത്തിനായി ഒരുങ്ങുന്നത്. 120ഓളം ആളുകൾ പങ്കെടുക്കുന്ന പരിശീലന ക്യാമ്പുകൾ, തുഴച്ചിൽ കാർക്കുള്ള പ്രത്യേക പരിശീലനം ഭക്ഷണം അങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിച്ചത്. മത്സരം ഉപേക്ഷിച്ചാൽ കടക്കെണിയിൽ ആവുമെന്നാണ് ക്ലബുകൾ ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications