രാമായണം പോസ്‌റ്റ് വിവാദം; തൃശൂർ എംഎൽഎ പി ബാലചന്ദ്രന് സിപിഐയുടെ കാരണം കാണിക്കൽ നോട്ടീസ്
തൃശൂർ: പി ബാലചന്ദ്രൻ എംഎൽഎയുടെ രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്‍ബുക്ക് പോസ്‌റ്റിൽ നടപടിയുമായി സിപിഐ. പോസ്‌റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിൽ തൃശൂർ എംഎൽഎയോട് പാർട്ടി വിശദീകരണം തേടി. ജില്ലാ എക്‌സിക്യുട്ടിവിൽ നേരിട്ടെത്തി വിഷയത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറിയാണ് എംഎൽഎയ്ക്ക് കത്ത് നൽകിയത്.
വിഷയം ചർച്ച ചെയ്യാൻ ജനുവരി 31നാണ് ജില്ലാ എക്‌സിക്യൂട്ടിവ് യോഗം വിളിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന അനുകൂല സാഹചര്യം പ്രതികൂലമാക്കിയെന്ന കടുത്ത വിമർശമാണ് സിപിഎം -സിപിഐ നേതാക്കൾ പി ബാലചന്ദ്രനെതിരെ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എംഎൽഎ സാമൂഹിക മാധ്യമത്തിൽ വിവാദമായ കുറിപ്പ് പങ്കുവെച്ചത്.

രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്‌മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന് തുടങ്ങുന്ന ബാലചന്ദ്രന്റെ പോസ്‌റ്റായിരുന്നു വിവാദമായത്. ഇതിന് പിന്നാലെ ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലടക്കം ബാലചന്ദ്രനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
നിരവധി പേർ എംഎൽഎയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ചെയ്‌തു. സംഭവം വിവാദമായതോടെ പി ബാലചന്ദ്രൻ പോസ്‌റ്റ് പിൻവലിച്ചിരുന്നു. തുടർന്ന് ഫേസ്ബുക്കിലൂടെ തന്നെ എംഎൽഎ ഖേദ പ്രകടനവും നടത്തിയിരുന്നു. എന്നാൽ വിവാദ പോസ്‌റ്റുമായി ബന്ധപ്പെട്ട ചർച്ചകൾ അവിടെ അവസാനിച്ചില്ല. ബാലചന്ദ്രന്റെ നടപടി മുന്നണിക്ക് ഒന്നാകെ തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ഇടത് കേന്ദ്രങ്ങൾ.
'രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്‌മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു.' എംഎൽഎയുടെ പോസ്‌റ്റിൽ പറയുന്നു. 'ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്‌മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ' എന്നായിരുന്നു പോസ്‌റ്റിൽ പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ ബിജെപി ജില്ലാ പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുൾപ്പെടെ നിരവധി പേരാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുവർണാവസരം കാത്തിരുന്ന ബിജെപി ബാലചന്ദ്രന്റെ എഫ്ബി പോസ്‌റ്റ് ആയുധമാക്കുകയാണ്. പ്രത്യേകിച്ച് സുരേഷ് ഗോപിയെ മുൻനിർത്തി തൃശൂർ പിടിക്കാമെന്ന കണക്കുകൂട്ടലുകൾ വച്ചുപുലർത്തുന്ന സാഹചര്യത്തിൽ ഈ വിവാദം വേണ്ടവിധം ഉപയോഗിക്കാനാണ് അവരുടെ തീരുമാനം.












Click it and Unblock the Notifications