തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിൽ ജ്യോതിതെളിഞ്ഞു; വന്‍ വനിതാപങ്കാളിത്തം, ചരിത്ര വിജയമെന്ന് കെ സുരേന്ദ്രൻ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശരണം വിളികള്‍ മുഴക്കി അവര്‍ ഒത്തുകൂടി. ശബരിമല കര്‍മസമിതിയുടെയും വിവിധ സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ ബുധനാഴ്ച സന്ധ്യയ്ക്കു നടത്തിയ അയ്യപ്പജ്യോതി പതിനായിരങ്ങള്‍ നെഞ്ചേറ്റു വാങ്ങി. എന്തു വില നല്‍കിയും ശബരിമലയിലെ ആചാരം കാത്തുരക്ഷിക്കുമെന്ന് വ്യക്തമാക്കിയാണ് ജ്യോതി തെളിയിച്ചത്. സ്ത്രീകളുടെ വന്‍ പങ്കാളിത്തം ദൃശ്യമായിരുന്നു.

<strong>കോയമ്പത്തൂരില്‍ നിയന്ത്രണം വിട്ട ലോറി കിണറ്റിലേയ്ക്ക് മറിഞ്ഞു!!! രണ്ട് പേരുടെ മൃതദേഹം പുറത്തെടുത്തത് മൂന്നാം ദിവസം!!! മരിച്ചതില്‍ ഇടുക്കി സ്വദേശിയും!!!</strong>കോയമ്പത്തൂരില്‍ നിയന്ത്രണം വിട്ട ലോറി കിണറ്റിലേയ്ക്ക് മറിഞ്ഞു!!! രണ്ട് പേരുടെ മൃതദേഹം പുറത്തെടുത്തത് മൂന്നാം ദിവസം!!! മരിച്ചതില്‍ ഇടുക്കി സ്വദേശിയും!!!

പലയിടത്തും സെറ്റുസാരിയുടുത്താണ് വനിതകള്‍ പങ്കെടുത്തത്. ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തായാണ് ജ്യോതി തെളിയിക്കാനെത്തിയവര്‍ അണിനിരന്നത്. മിക്കയിടത്തും ജങ്ഷനുകളിലൂടെയും വലയം തീര്‍ത്തു. അതോടെ കുറച്ചുനേരം ഗതാഗതം തടസപ്പെട്ടു. എന്നാല്‍ കാര്യമായ യാത്രാതടസമുണ്ടായില്ല. സ്വരാജ്‌റൗണ്ടില്‍ ഭക്തര്‍ എള്ളുതിരികൊണ്ടു ജ്യോതി തീര്‍ത്തതു നഗരത്തിനു മനോഹരമായ കാഴ്ച്ചയായി. ആയിരക്കണക്കിനു ചെരാതുകളില്‍ വൈകീട്ട് ആറുമുതല്‍ ആറര മണി വരെ തിരികള്‍ കത്തിച്ചു. അയ്യപ്പവിഗ്രഹത്തില്‍ പൂമാലയിട്ട് പ്രധാന കേന്ദ്രങ്ങളില്‍ അലങ്കരിച്ചു. കര്‍പ്പൂരാഴിയുമുണ്ടായി. ഇതോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷമായി. അര മണിക്കൂര്‍ നേരം കൂട്ട ശരണം വിളിയോടെയാണ് ജ്യോതിയില്‍ ഭാഗഭാക്കായത്.

ayyappa jyothi in kunnamkulam

തൃശൂര്‍ നഗരത്തില്‍ പാറമേക്കാവ് ക്ഷേത്രത്തിനു മുന്നില്‍ പ്രത്യേകം വേദിയൊരുക്കിയാണ് അയ്യപ്പജ്യോതി തെളിയിച്ചത്. ശബരിമല കര്‍മസമിതി ആക്ടിങ് ചെയര്‍പേഴ്‌സണ്‍ കെ.പി.ശശികല ടീച്ചര്‍, ബി.ജെ.പി. സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, റിട്ട.എസ്.പി: പി.എന്‍.ഉണ്ണിരാജ, ടി.വി.ബാബു, സ്വാമി പുരുഷോത്തമാനന്ദ, സ്വാമി ഗഭീരാനന്ദ, കെ.വി. ശ്രീധരന്‍, ബി.ഗോപാലകൃഷ്ണന്‍, ഡോ. കെ.എസ്. പിള്ള, കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ, ഡി.മൂര്‍ത്തി, ബാബു പിഷാരോടി, നടി ശ്രാവണ, ഭരത്കുമാര്‍,ടി.എ.സുന്ദര്‍മേനോന്‍, ടി.കെ.വിജയരാഘവന്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിരയുണ്ടായിരുന്നു. വൈകീട്ട് ആറു മണിക്ക് മാടമ്പ് ആദ്യജ്യോതി പകര്‍ന്നു. തുടര്‍ന്ന് മറ്റു വിളക്കുകളിലേക്ക് തെളിയിച്ചു.

തൃശൂര്‍ ജില്ലയില്‍ കടവല്ലൂര്‍, പെരുമ്പിലാവ്, കുന്നംകുളം, കേച്ചേരി, പൂങ്കുന്നം, സ്വരാജ്‌റൗണ്ട്, ഒല്ലൂര്‍, ആമ്പല്ലൂര്‍, പുതുക്കാട്, കൊടകര, ചാലക്കുടി, കൊരട്ടി, ചിറങ്ങര വഴിയാണ് ജ്യോതി കടന്നുപോയത്. എല്ലായിടത്തും വന്‍ ജനക്കൂട്ടമാണ് പങ്കെടുത്തതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ജ്യോതി കടന്നുപോകുന്ന വഴികളിലെല്ലാം വന്‍തോതില്‍ കാഴ്ച്ചക്കാരുമുണ്ടായി. പരിപാടി വിജയമായതിന്റെ ആവേശത്തിലാണ് സംഘാടകസമിതി. എന്‍.എസ്.എസ്, കെ.പി.എം.എസ്, ബി.ഡി.ജെ.എസ്, ഉള്‍പ്പെടെ നൂറിലധികം സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയിരുന്നു.

ജ്യോതി ആരെയും ഭിന്നിപ്പിക്കാനല്ലെന്നും ഒന്നിപ്പിക്കാനാണെന്നുമായിരുന്നു ചടങ്ങു കഴിഞ്ഞയുടനെ കെ.സുരേന്ദ്രന്റെ പ്രതികരണം. വനിതാമതില്‍ ഭിന്നിപ്പിന്റേതാണെന്നും ചൂണ്ടിക്കാട്ടി. അയ്യപ്പജ്യോതി വനിതാമതിലിനു ബദല്‍ പരിപാടിയല്ലെന്നും വിശദീകരിച്ചു. അതേസമയം ഇനിയും ശബരിമലയിലേക്കു യുവതികളെ പ്രവേശിപ്പിക്കാനാണു സര്‍ക്കാര്‍ നീക്കമെങ്കില്‍ അവിടെ എന്തുണ്ടാകുമെന്നു ആര്‍ക്കും പ്രവചിക്കാനാകില്ലെന്നു കെ.പി. ശശികല ചൂണ്ടിക്കാട്ടി.

ഭക്തമനസുകള്‍ അത്രമാത്രം മുറിപ്പെട്ടിരിക്കുകയാണ്. സമൂഹം ഒന്നാണെന്ന വിളംബരമാണ് അയ്യപ്പജ്യോതി. ചെറിയ സമയമെടുത്തു പോസ്റ്റര്‍ പോലും അടിക്കാതെയാണ് ഇത്രയധികം ഭക്തരെ അണിനിരത്തിയത്. ഭക്തരുടെ മനസ് അതില്‍ നിന്നു പ്രകടമാണ്. അതു മുഖ്യമന്ത്രിക്കു മനസിലാക്കാന്‍ പറ്റാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.

ബസുകളിലും മറ്റുമായാണ് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിയത്. തൃശൂര്‍ ജില്ലയില്‍ ജ്യോതിജ്വലനം സമാധാനപരമായാണ് നടന്നത്. അയ്യപ്പജ്യോതി അണച്ചശേഷം മാത്രമേ മടങ്ങാവൂ എന്നു സംഘാടകര്‍ എല്ലായിടത്തും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം അയ്യപ്പജ്യോതി ചരിത്രവിജയമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഇതോടെ സംസ്ഥാനത്ത് സാമൂഹ്യമാറ്റത്തിനു കളമൊരുങ്ങിയതായി പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍വശത്ത് അയ്യപ്പജ്യോതി ജ്വലനത്തില്‍ പങ്കെടുത്തശേഷം സുരേന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായിക്കുള്ള വലിയ മുന്നറിയിപ്പാണിത്. ഇടതുസര്‍ക്കാര്‍ ഇനിയെങ്കിലും ഭക്തരുടെ വികാരം മാനിക്കണം. വനിതാമതിലില്‍ ഭയമുള്ളതു കൊണ്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ കൂട്ടുപിടിക്കുന്നത്. യുവതീപ്രവേശന നടപടികളില്‍ നിന്നു മുഖ്യമന്ത്രി പിന്മാറണമെന്നും ആവശ്യപ്പെട്ടു.

വനിതാമതില്‍ സംബന്ധിച്ച് സര്‍ക്കാരിനു അജന്‍ഡ വ്യക്തമാക്കാനാകുന്നില്ലെന്ന് ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്‌സന്‍ കെ.പി.ശശികല ചൂണ്ടിക്കാട്ടി. ശബരിമലയില്‍ യുവതി പ്രവേശനത്തിനു വഴിയൊരുക്കാനും നവോഥാനത്തിനുമായാണ് വനിതാമതില്‍ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പാര്‍ട്ടി സെക്രട്ടറി കോടിയേരി പറയുന്നത് ഹിന്ദുത്വ ശക്തികളെ തകര്‍ക്കാനാണ് മതില്‍ പണിയുന്നതെന്നാണ്. കൃത്യമായ ലക്ഷ്യം പ്രഖ്യാപിക്കട്ടെ. അങ്ങനെയെങ്കില്‍ പങ്കെടുക്കാന്‍ വിരോധമില്ല. വനിതാമതിലിന് എതിരല്ല അയ്യപ്പജ്യോതി.

പോസ്റ്ററോ ബാനറോ അടിക്കാതെ ചെറിയ തോതില്‍ പ്രചാരണം നല്‍കിയിട്ടും അഭൂതപൂര്‍വമായാണ് സ്ത്രീകളുള്‍പ്പെടെ വന്‍ തോതില്‍ ജനക്കൂട്ടം പരിപാടിക്ക് എത്തിയതെന്ന് തൃശുരിലെ ചടങ്ങില്‍ പങ്കെടുത്തശേഷം അവര്‍ ചൂണ്ടിക്കാട്ടി. പണം ചെലവിടാതെ വനിതാമതിലിനു ഇത്രയും സ്വീകാര്യതയുണ്ടാക്കാനാകുമോ എന്നും ചോദിച്ചു.

മാടമ്പ് കുഞ്ഞുകുട്ടനാണ് ആദ്യം ദീപം പകര്‍ന്നത്. റിട്ട. എസ്.പി. പി.എന്‍. ഉണ്ണിരാജ, ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ടി.വി.ബാബു, എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ.കെ.എസ്.പിള്ള, നടി ശ്രാവണ, ടി.എ. സുന്ദര്‍മേനോന്‍ തുടങ്ങിയവര്‍ സന്നിഹിതരായി. സ്വരാജ്‌റൗണ്ടിലുള്‍പ്പെടെ പതിനായിരങ്ങള്‍ ജ്യോതി തെളിയിച്ചു. പങ്കെടുത്തവരിലേറെയും സ്ത്രീകളായിരുന്നു.

അയ്യപ്പ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പജ്യോതിയില്‍ പുതുക്കാട് മണ്ഡലത്തില്‍ നിന്ന് പതിനായിരം പേര്‍ പങ്കെടുത്തു.ദേശീയ പാതയുടെ ഇടതുവശത്താണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അണിനിരന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നായി എത്തിയ വിശ്വാസികള്‍ ശരണംവിളികളോടെയാണ് അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തത്.ജില്ലയുടെ പല ഭാഗങ്ങളിലും ഇതര ജില്ലകളില്‍ നിന്നുമുള്ളവരാണ് പുതുക്കാട് മണ്ഡലത്തിലെ ദേശീയപാതയോരത്ത് അണിനിരന്നത്.പഞ്ചായത്തുകളുടെ നേതൃത്തിലാണ് ദീപം തെളിയിച്ചത്.ഗുരുസ്വാമിമാരും പ്രമുഖ വ്യക്തികളും ആദ്യ ദീപം തെളിയിച്ചു. അര മണിക്കൂറോളം അയ്യപ്പ ജ്യോതി തെളിയിച്ചു.

Thrissur
English summary
Sabarimala karma samithi's protest 'Ayyappajyothi' in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X