ഇഷ്‌ടദേവനെ തേടി സുരേഷ് ഗോപിയെത്തി; മന്ത്രിയായ ശേഷം ഗുരുവായൂരിൽ വരുന്നത് ആദ്യം, വഴിപാട് നടത്തി ധന്യ
തൃശൂർ: മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായി ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് സുരേഷ് ഗോപി. തന്റെ ഇഷ്‌ടദേവനെ തൊഴാനെത്തിയ സുരേഷ് ഗോപി കദളിക്കുലയും പണക്കിഴിയും സമർപ്പിക്കുകയും ചെയ്‌തു. ശ്രീവത്സം ഗസ്‌റ്റ് ഹൗസിലെത്തിയ മന്ത്രിയെ ദേവസ്വം വകുപ്പ് അധികൃതർ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, ജീവധനം ഡെപ്യൂട്ടി അഡ്‌മിനിസ്‌ട്രേറ്റര്‍ കെഎസ് മായാദേവി എന്നിവര്‍ പൊന്നാട അണിയിച്ചു.
കൂടാതെ കേന്ദ്ര സഹമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ വരവിൽ സുരേഷ് ഗോപിക്ക് ഒരു ഉപഹാരവും ദേവസ്വം നൽകുകയുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നിശ്ചയിച്ചിരുന്നെങ്കിലും കുവൈത്ത് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ക്ഷേത്ര സന്നിധിയിലേക്ക് കടന്നുചെന്നത്. ആദ്യം ഗണപതി ക്ഷേത്രത്തിലായിരുന്നു സുരേഷ് ഗോപി ദർശനം നടത്തിയത്.

അതേസമയം, സുരേഷ് ഗോപി തിരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയായി വരണമെന്ന് നേർന്നുകൊണ്ട് ഡി വഴിപാട് ധന്യയും സനീഷും ചേർന്ന് ഇന്ന് പൂർത്തിയാക്കി. സുരേഷ് ഗോപിയുടെ വരവ് അറിഞ്ഞ ഇരുവരും നേരത്തെ തന്നെ വഴിപാട് രസീതാക്കിയിരുന്നു. ശ്രീവത്സം ഗസ്‌റ്റ് ഹൗസില്‍ സുരേഷ് ഗോപി എത്തിയതോടെ സനീഷും ധന്യയും അവിടേക്ക് ചെന്ന് അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും ചെയ്‌തിരുന്നു.
ക്ഷേത്ര പരിസരത്ത് കൈക്കുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന തൊഴിലിൽ ഏർപ്പെട്ട ഇവരുടെ കഥ അറിഞ്ഞ സുരേഷ് ഗോപി നേരത്തെ സഹായ ഹസ്‌തവുമായി രംഗത്ത് വന്നിരുന്നു. നേരത്തെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന മകളുടെ കല്യാണത്തിന് സുരേഷ് ഗോപി ഇവരുടെ പക്കൽ നിന്നായിരുന്നു വാങ്ങിയത്. ഇതോടെയാണ് സുരേഷ് ഗോപി തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ഇവർ വഴിപാട് നേർന്നത്.
നേരത്തെ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റതിന് ശേഷം കഴിഞ്ഞ ദിവസം അദ്ദേഹം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെയും പ്രധാന ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. കോഴിക്കോട് തളി ക്ഷേത്രത്തിലും, കണ്ണൂരിലെ മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര എന്നീ ക്ഷേത്രങ്ങളിലും, കൊട്ടിയൂര്‍ ക്ഷേത്രത്തിലും സുരേഷ് ഗോപി ദര്‍ശനം നടത്തിയിരുന്നു.
അതിനിടെ കുവൈത്തിൽ അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം എത്തിയ കൊച്ചി വിമാനത്താവളത്തിലും അദ്ദേഹം ഇന്ന് എത്തിയിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ട ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സ്വന്തം നിലയ്ക്ക് വീട് വച്ച് നൽകുമെന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു.വിമാനത്താവളത്തിൽ എത്തിയ ബന്ധുക്കളോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications