'ഞാൻ പഴയ എസ്എഫ്ഐക്കാരൻ, ഇക്കാര്യം എംഎ ബേബിയോട് ചോദിക്കൂ'; വിവാദങ്ങളിൽ പ്രതികരിച്ച് സുരേഷ് ഗോപി
തൃശൂർ: കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ കൂടുതൽ പ്രതികരണവുമായി തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി രംഗത്ത്. ഇനിയും കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ വീണ്ടും കാണാൻ ശ്രമിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എംഎം ബേബിയുടെ വിമർശനങ്ങളോടും സുരേഷ് ഗോപി പ്രതികരിക്കുകയുണ്ടായി.
താനൊരു മുൻ എസ്എഫ്ഐ പ്രവർത്തകൻ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാനൊരു മുൻ എസ്എഫ്ഐക്കാരൻ ആണെന്നത് സിപിഎം നേതാവ് എംഎ ബേബിക്ക് അറിയാം. ഇക്കാര്യം ബേബിയോട് തന്നെ ചോദിക്കൂ. ഞാൻ അദ്ദേഹത്തിന്റെ ക്ലാസിൽ ഇരുന്നിട്ടുണ്ടെന്നുമായിരുന്നു നടൻ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.

കൂടാതെ കെ കരുണാകരന്റെ സ്‌മൃതി കുടീരം സന്ദർശിക്കുന്ന കാര്യം നേതാക്കൾ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി മറുപടി നൽകി. കരുണാകരനോട് നീതി കാണിച്ചോ എന്നത് കോൺഗ്രസ് പരിശോധിക്കേണ്ട കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപി അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമാണെന്നും വ്യക്തമാക്കി.
'ഗോപിയാശാൻ എന്നെ സ്വീകരിക്കാത്തത് അവരുടെ രാഷ്ട്രീയ ബാധ്യതയായത് കൊണ്ടാണ്, ഒരിക്കലും അത് അവഗണനയല്ല. എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോടു ചോദിക്കണം. ആ സ്നേഹം ഞാൻ തൊട്ടറിഞ്ഞിട്ടുണ്ട്.' സുരേഷ് ഗോപി പറഞ്ഞു. കരുണാകരന്റെ ഭാര്യാസഹോദരിയുടെ വീട്ടിൽ സന്ദർശനം നടത്തിയതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കലാമണ്ഡലം ഗോപിയുടെ മകൻ സുരേഷ് ഗോപിയുടെ പേരിൽ ഒരു പ്രമുഖ ഡോക്‌ടർ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. സുരേഷ് ഗോപി പിതാവിനെ കാണാൻ വരണമെന്ന് ആഗ്രഹം പ്രകടപ്പിച്ചതായും പറ്റില്ലെന്ന് പറഞ്ഞപ്പോൾ തന്നെ വിളിച്ച ഡോക്‌ടർ പിതാവിന് പത്‌മഭൂഷൺ കിട്ടണ്ടേ എന്ന് ചോദിച്ചതായും കലാമണ്ഡലം ഗോപിയുടെ മകൻ രഘു ആരോപിച്ചത് വലിയ വിവാദങ്ങൾക്കാണ് ഇടയാക്കിയത്.
ഇതിന് പിന്നാലെ നിരവധി പേരാണ് സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നത്. അതിൽ മുതിർന്ന സിപിഎം നേതാവ് എംഎ ബേബിയും ഉണ്ടായിരുന്നു. കലാകാരന്റെ യഥാർത്ഥ മനസുള്ള ഒരാൾക്ക് രാജ്യത്തെ എല്ലാ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മറയിട്ട അധമ രാഷ്ട്രീയത്തിനുവേണ്ടി നിലകൊള്ളാൻ കഴിയില്ലെന്നും, വർഗീയ രാഷ്ട്രീയത്തിനൊപ്പം നിൽക്കുന്നതിനാലാണ് സുരേഷ് ഗോപി ചെയ്യുന്നതെല്ലാം ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരമായി മാറുന്നതെന്നും ബേബി പറഞ്ഞിരുന്നു. ഇതിനോടാണ് സുരേഷ് ഗോപി ഇന്ന് പ്രതികരിച്ചത്.












Click it and Unblock the Notifications