തൃശൂർ തോൽവിയും കൂട്ടത്തല്ല് വിവാദവും; രാജിവച്ച് ഡിസിസി അധ്യക്ഷനും യുഡിഎഫ് ചെയർമാനും
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുരളീധരൻ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജിവച്ച് തൃശൂർ ഡിസിസി അധ്യക്ഷനും ജില്ലാ യുഡിഎഫ് ചെയർമാനും. ഡിസിസി ഓഫിസിന് മുന്നിലെ കൂട്ടത്തല്ല് വലിയ വിവാദങ്ങൾക്ക് ഇടയാക്കുകയും കൂടി ചെയ്‌ത പശ്ചാത്തലത്തിലാണ് അധ്യക്ഷന്റെ രാജി പ്രഖ്യാപനം വന്നിരിക്കുന്നത്.
ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂർ മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആരോപണങ്ങൾ നേരിട്ടിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിൽ വച്ച് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ഇത് കൂടി ആയതോടെയാണ് അധ്യക്ഷൻ രാജിവച്ച് പുറത്തേക്ക് പോവുന്നത്.

ജോസ് വെള്ളൂരിന് പുറമെ നിലവിൽ ആരോപണം നേരിടുന്ന യുഡിഎഫ് ജില്ലാ ചെയർമാൻ എംപി വിൻസന്റും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃശൂരിൽ പലയിടത്തായി പ്രത്യക്ഷപ്പെട്ട പോസ്‌റ്ററുകളിൽ ഈ നേതാക്കൾക്ക് എതിരെ കടുത്ത ആരോപണമാണ് ഉയർന്നത്. ഇതിന്റെ തുടർച്ചയാണ് രാജിയെന്നാണ് വിലയിരുത്തൽ.
പാലക്കാട് എംപി വികെ ശ്രീകണ്ഠനാണ് ഡിസിസിയുടെ ചുമതല. ജില്ലയിലെ നേതാക്കൾ തമ്മിലടി തുടരുന്ന സാഹചര്യത്തിലാണ് നടപടി. തിരഞ്ഞെടുപ്പ് തോൽവിയും അതിന് ശേഷം വന്ന പോസ്‌റ്ററുകളും ഉൾപ്പെടെ പാർട്ടിയുടെ ഉന്നത കേന്ദ്രങ്ങളിൽ വരെ തൃശൂരിലെ ഭിന്നത ചർച്ചയായിരുന്നു. ഇതോടെ വിഷയം പരിശോധിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് സംഘർഷം നടന്നത്. ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂര്‍, മുൻ എംപി ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരേ ഡിസിസിയുടെ മതിലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ച പോസ്‌റ്ററിനെ ച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘർഷത്തിലേക്ക് വഴിമാറിയതെന്നാണ് ലഭ്യമായ വിവരം. ഒടുവിൽ ഒത്തൊരു കൂട്ടയടിയിലേക്ക് എത്തിയിരുന്നു.
മുരളീധരന്‍ അനുകൂലിയായ സജീവന്‍ കുരിച്ചിറയെ ജോസ് വള്ളൂരും അനുയായികളും ചേർന്ന് പിടിച്ച് തള്ളി എന്നായിരുന്നു ആരോപണം. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം എന്നും തന്റെ കഴുത്തിന് പിടിച്ച് തള്ളിയതോടെ തന്റെ ശബ്‌ദം പോയെന്നും സജീവൻ കുരിച്ചിറ ആരോപിച്ചിരുന്നു. ഇതോടെ ഡിസിസി അധ്യക്ഷനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
എന്നാൽ ഡിസിസി അധ്യക്ഷൻ ആരോപണം നിഷേധിച്ചിരുന്നു. മദ്യലഹരിയില്‍ ഡിസിസി സെക്രട്ടറി സജീവന്‍ കുരിച്ചിറയുടെ നേതൃത്വത്തിലാണ് സംഘർഷം തുടങ്ങിയതെന്നാണ് ജോസ് വെള്ളൂർ നൽകിയ വിശദീകരണം. കെഎസ്‌യു നേതാവിനെയും സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്ററെയും പ്രകോപനമില്ലാതെയാണ് സജീവൻ മർദിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.












Click it and Unblock the Notifications