തൃശൂർ പൂരം നടത്തിപ്പ്; പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി, നാളെ കളക്ട്രേറ്റിൽ വച്ച് നടക്കും
തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേകം യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നാളെ രാവിലെ പത്ത് മണിക്ക് കളക്ട്രേറ്റിൽ വച്ചാണ് യോഗം. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജില്ലാ കളക്‌ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ പ്രതിനിധികളും യോഗത്തിലെത്തും.
ഇത്തവണത്തെ തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായഭിന്നതയും പ്രശ്‌നങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. ജനങ്ങളുടെ സഹകരണം ഉറപ്പാക്കി കൊണ്ട് അടുത്ത തവണ പൂരം നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള തീരുമാനങ്ങൾ നാളത്തെ യോഗത്തിൽ സ്വീകരിച്ചേക്കും.

സംസ്ഥാന സർക്കാർ, ദേവസ്വം ഭാരവാഹികൾ, ജില്ലാ ഭരണകൂടം എന്നിവയ്ക്ക് പുറമേ കേന്ദ്ര സർക്കാർ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തേക്കും. അടുത്ത വർഷം നടക്കുന്ന പൂരത്തിൽ ഇത്തവണത്തേത് പോലെയുള്ള സങ്കീർണതകളും വീഴ്‌ചകളും ഉണ്ടാവാതിരിക്കാൻ ലക്ഷ്യമിട്ടാണ് നേരത്തെ തന്നെ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി മുൻകൈ എടുക്കുന്നത്.
ഇത്തവണത്തെ പൂരത്തിൽ പോലീസ് ഇടപെടൽ ഉൾപ്പെടെ വലിയ രീതിയിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. രാത്രിപൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവയ്ക്കാൻ തീരുമാനിക്കുകയുമുണ്ടായി. പൂരപ്പന്തലിലെ ലൈറ്റുകൾ അണയ്ക്കുകയും വെടിക്കെട്ട് അനിശ്ചിതത്വത്തിലായി മാറുകയും ചെയ്‌തത് പൂരത്തിന്റെ ശോഭ കെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ നടന്ന തൃശൂർ പൂരത്തിൽ അനിശ്ചിതത്വം ഉണ്ടായപ്പോൾ സുരേഷ് ഗോപി ഇടപെട്ടിരുന്നു. പോലീസിന്റെ അനാവശ്യ ഇടപെടലാണ് പ്രശ്‌നങ്ങൾ വഷളാക്കിയതെന്ന് വിമർശനം ഉയർന്നതോടെ സർക്കാർ ഇടപെട്ടിരുന്നു. നേരത്തെ പൂരം അട്ടിമറിക്കപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുന്നതിന് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷനെ ഉൾപ്പെടെ നിയോഗിച്ചിരുന്നു.
നേരത്തെ കമ്മീഷണര്‍ അങ്കിത് കുമാർ പൂരക്കാരെ തടയുന്ന ദൃശ്യങ്ങള്‍ ഉൾപ്പെടെ പുറത്തുവന്നിരുന്നു. ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയർന്നത്.
അനാവശ്യ നിയന്ത്രണങ്ങൾ പോലീസ് കൊണ്ടുവന്നതാണ് പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ മുഖ്യമന്ത്രി തന്നെ നിർദ്ദേശിച്ചിരുന്നു. കമ്മീഷണർ അങ്കിത് കുമാറിനെതിരെയും, അസിസ്‌റ്റന്റ് കമ്മീഷണർ സുദർശന് എതിരേയുമാണ് നടപടിക്ക് നിർദ്ദേശം നൽകിയത്.












Click it and Unblock the Notifications