'ടിഎൻ പ്രതാപൻ സംഘപരിവാർ ഏജന്റ്, പാർട്ടിയിൽ നിന്ന് പുറത്താക്കണം'; തൃശൂരിൽ വീണ്ടും പോസ്‌റ്റർ യുദ്ധം
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെ തൃശൂരിൽ വീണ്ടും നേതാക്കൾക്ക് എതിരെ പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടു. ഇത്തവണ മുൻ എംപി ടിഎൻ പ്രതാപന് എതിരെയാണ് പോസ്‌റ്റർ ഇറങ്ങിയത്. പ്രതാപൻ സംഘപരിവാർ ഏജന്റ് ആണെന്നും ഇയാളെ ഉടനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടുള്ള പോസ്‌റ്റർ സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് ഒട്ടിച്ചിരിക്കുന്നത്.
തൃശൂർ ഡിസിസി ഓഫീസ് മതിലിലും പ്രസ്ക്ലബ് പരിസരത്തുമാണ് പോസ്‌റ്ററുകൾ ഉള്ളത്. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് തൃശൂരിൽ വീണ്ടും പോസ്‌റ്റർ യുദ്ധം മുറുകുന്നത്. ടിഎൻ പ്രതാപൻ തൃശൂരിലെ കോൺഗ്രസിന്റെ ശാപമാണെന്നും പോസ്‌റ്ററിൽ ആരോപിക്കുന്നു. ഗുരുതര ആരോപണങ്ങളാണ് പോസ്‌റ്ററിൽ പറഞ്ഞിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ടിഎൻ പ്രതാപൻ ഗൾഫ് ടൂറിലൂടെ ബിനാമി കച്ചവടങ്ങൾ നടത്തിയെന്നും പോസ്‌റ്ററിൽ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം താൽക്കാലിക ഡിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുത്ത വികെ ശ്രീകണ്ഠൻ ഇത്തരം പോസ്‌റ്ററുകൾക്കും പരസ്യ പ്രതികരണത്തിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് പുതിയ സംഭവ വികാസം.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുരളീധരന്റെ അപ്രതീക്ഷിത തോൽവിയിൽ കെസി ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ സിറ്റിങ് നടത്താനിരിക്കുകയാണ് പോസ്‌റ്റർ യുദ്ധം. തൃശൂരിലെ തോൽവിക്ക് പിന്നാലെ വലിയ ഉൾപ്പാർട്ടി കലാപത്തിനാണ് കോൺഗ്രസ് കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്.
ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരും, യുഡിഎഫ് തൃശൂർ ജില്ലാ ചെയർമാൻ എംപി വിൻസന്റും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഡിസിസി ഓഫിസിന് മുന്നിലെ കൂട്ടത്തല്ല് ഉൾപ്പെടെ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയ പശ്ചാത്തലയിരുന്നു ഇവരുടെ രാജി. ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂർ മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആരോപണങ്ങൾ നേരിട്ട വ്യക്തിയാണ്.
ജില്ലയിലെ മുതിർന്ന നേതാക്കളായ മുൻ എംഎൽഎ അനിൽ അക്കരെ, എംപി വിൻസന്റ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ആദ്യമായി പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്. സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഇവർക്കെതിരെ പോസ്‌റ്ററിൽ ആരോപിച്ചിരുന്നു.
അനിൽ അക്കരെ ബിജെപി ഏജന്റാണോ എന്നുൾപ്പടെ പോസ്‌റ്ററിൽ ചോദ്യം ഉയർന്നിരുന്നു. തുടർന്ന് പ്രശ്‌നം വഷളാവുകയായിരുന്നു. ഇതാണ് ഡിസിസി ഓഫീസിലെ കൂട്ടത്തല്ല് വരെ എത്തിയത്. മുരളി വിഭാഗവും ജോസ് വെള്ളൂരിന്റെ നേതൃത്വത്തിലുള്ള പക്ഷവുമാണ് തമ്മിൽ ഏറ്റുമുട്ടിയത്. ഇതിന് പിന്നാലെ ഡിസിസി അധ്യക്ഷനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്ന് ജോസ് വെള്ളൂർ രാജി പ്രഖ്യാപിക്കുകയും ചെയ്‌തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയം തൃശൂർ കോൺഗ്രസിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. കരുത്തനായ മുരളീധരനെ ഇറക്കിയിട്ടും സിറ്റിങ് സീറ്റിൽ തകർന്നടിയേണ്ടി വന്നത് കേരളത്തിലെ മിന്നും ജയത്തിന് ഇടയിലും കോൺഗ്രസിന് കല്ലുകടിയായിരുന്നു. ഇതിനിടയിലാണ് തൃശൂരിൽ പാർട്ടിക്കുള്ളിൽ പരസ്‌പരം പോരടിക്കുന്ന സാഹചര്യവും ഉള്ളത്.
വിഎസ് സുനിൽകുമാർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മുരളീധരൻ മൂന്നാമതാണ് എത്തിയത്. ഇതോടെ മുരളീധരൻ ഇടഞ്ഞിരുന്നു. ഇനി താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും മുരളി പറഞ്ഞിരുന്നു. വടകരയിൽ മത്സരിക്കുമെന്ന് ഉറപ്പിച്ച് ബാനറുകളും പോസ്‌റ്ററുകളും ഉൾപ്പെടെ തയ്യാറാക്കിയ ശേഷമായിരുന്നു അവസാന നിമിഷം മണ്ഡലം മാറിയത്. പകരമെത്തിയ ഷാഫി പറമ്പിൽ വടകരയിൽ വൻ ഭൂരിപക്ഷത്തിന് ജയിക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications