ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു; ടിക്കറ്റ് ചോദിച്ചതിന്റെ പകയെന്ന് നിഗമനം, അതിഥി തൊഴിലാളി പിടിയിൽ
തൃശൂർ: ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു. തൃശ്ശൂര്‍ വെളപ്പായയില്‍ വച്ച് ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. യാത്രക്കിടെ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഇന്ന് വൈകീട്ടോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം നടന്നത്.
വിനോദ് കുമാറിന്റെ മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിഥി തൊഴിലാളിയായ പ്രതി ഒഡീഷ ഖഞ്ജം സ്വദേശി രജനീകാന്ത് രണജിത്തിനെയാണ് പാലക്കാട് റെയിൽവെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഒഡീഷ സ്വദേശിയാണ് പിടിയിലായ രജനീകാന്ത്. ഇയാൾ മദ്യപാനിയാണെന്ന് പോലീസ് തന്നെ പറയുന്നു.

എറണാകുളം-പാറ്റ്ന എക്‌സ്പ്രസ് വൈകിട്ട് 6.45ന് തൃശൂർ സ്‌റ്റേഷൻ വിട്ട് അധികം കഴിയും മുൻപാണ് സംഭവമുണ്ടായത്. മുളങ്കുന്നത്തുകാവ് സ്‌റ്റേഷന് സമീപത്തായിരുന്നു വിനോദിനെ രജനീകാന്ത് തള്ളിയിട്ടത്. തൊട്ടടുത്ത ട്രാക്കിലേക്കു വീണ ഇദ്ദേഹത്തിന്റെ ദേഹത്തു കൂടി മറ്റൊരു ട്രെയിൻ കയറിയതിനെത്തുടർന്നാണ് മരണം സംഭവിച്ചതാണെന്നാണ് നിഗമനം.
എസ് 11 കോച്ചിൽ ടിക്കറ്റ് പരിശോധനക്കെത്തിയ വിനോദും രജനീകാന്തയും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് ടിക്കറ്റ് ഇല്ലാത്ത രജനീകാന്തയോട് പാലക്കാട് എത്തുമ്പോൾ ഇറങ്ങാനായിരുന്നു നിർദ്ദേശം. എന്നാൽ ഇതിന് പിന്നാലെ വാതിലിന് സമീപമെത്തി വെള്ളം കുടിക്കുമ്പോൾ പ്രതി വിനോദിനെ തള്ളിയിടുക ആയിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന സൂചന.
മദ്യലഹരിയിലായിരുന്ന പ്രതി എല്ലാവരെയും ആക്രമിക്കാൻ ശ്രമിച്ചതിനാൽ ചങ്ങല വലിക്കാൻ കഴിഞ്ഞില്ലെന്നാണ് ഈ കമ്പാർട്മെന്റിലെ മറ്റ് യാത്രക്കാർ പറയുന്നത്. പിന്നീട് സമീപത്തെ കോച്ചിലെ ടിടിഇയെ ഇവർ വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടാണ് പ്രതി പിടിയിലായത്.
അതേസമയം, സിനിമാ താരം കൂടിയാണ് കൊല്ലപ്പെട്ട വിനോദ്. നിരവധി സിനിമകളിൽ വിനോദ് അഭിനയിച്ചിട്ടുണ്ട്. പുലിമുരുകനിലും വിനോദ് വേഷമിട്ടു. സ്‌കൂളില്‍ സഹപാഠിയായിരുന്നു സംവിധായകന്‍ ആഷിഖ് അബു വഴിയാണ് ആദ്യമായി സിനിമയിലേക്ക് എത്തുന്നത്.വില്ലാളിവീരന്‍, മംഗ്ലീഷ്, ഹൗ ഓള്‍ഡ് ആര്‍യു, അച്ഛാ ദിന്‍, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം തുടങ്ങിയ സിനിമകളിലും വിനോദ് വേഷമിട്ടിരുന്നു.
എറണാകുളം മഞ്ഞുമ്മൽ പള്ളിക്ക് സമീപം കുന്തപ്പാടം റോഡിൽ മൈത്രി നഗറിലാണ് കൊല്ലപ്പെട്ട വിനോദിന്റെ വീട് സ്ഥിതി ചെയ്യുന്നത്. അടുത്തിടെയാണ് വിനോദ് മഞ്ഞുമ്മലിൽ പുതിയ വീട് പണിതത്. ഇതിനിടയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.












Click it and Unblock the Notifications