തൃശൂർ കോർപറേഷനിൽ കൈയ്യാങ്കളി; ബജറ്റ് കീറിയെറിഞ്ഞ് കോൺഗ്രസ് പ്രതിഷേധം
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിൽ ബജറ്റ് അവതരണത്തിനിടെ സംഘര്‍ഷം. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലാണ് യോഗത്തിനിടെ കൈയാങ്കളിയുണ്ടായത്. മേയറുടെ ചേംബറില്‍ കയറിയ പ്രതിപക്ഷ അംഗങ്ങള്‍ ബജറ്റ് അവതരണം തടസ്സപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. ഇതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ ബജറ്റ് കീറിയെറിയുകയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം നിര്‍വഹിക്കുന്നതിനിടെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ ആണ് ബജറ്റ് അവതരണം നടത്തിയത്.

ബജറ്റ് വായന ആരംഭിച്ചതു മുതൽ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. തുടർന്ന് മേയറുടെ മൈക്ക് പിടിച്ചു വാങ്ങി. ഇതോടെയാണ് ഭരണപക്ഷവും നടുത്തളത്തിൽ ഇറങ്ങിയത്. ഇത് വാക്കേറ്റത്തിലേക്കും തുടർന്ന് കൈയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. പല അംഗങ്ങളുടെയും കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. അതേ സമയം പൊതുമുതല്‍ നശിപ്പിച്ച പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, എ കെ സുരേഷ്, ലാലി ജെയിംസ് എന്നിവര്‍ക്കെതിരേ നടപടി എടുക്കുമെന്നും മേയര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാജൻ പല്ലനാണ് തടസ്സവാദം ഉന്നയിച്ച് ആദ്യം പ്രസംഗം തുടങ്ങിയത്.

തൃശൂര്‍ മാസ്റ്റര്‍ പ്ലാന്‍ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള കരട് റിപോര്‍ട്ട് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ കേന്ദ്രസര്‍ക്കാരിന് കൈമാറിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ബിജെപിയും എല്‍ഡിഎഫും ഒത്തുകളിച്ച് കോടികളുടെ അഴിമതി നടത്തുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. അവിശ്വാസം പരാജയപ്പെട്ട ശേഷം ഭരണപക്ഷത്തിനെതിരേ നിലപാട് ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

കോര്‍പറേഷനിലെ എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് കോൺഗ്രസ് നോട്ടീസ് നൽകിയിരുന്നു. ഇതുസംബന്ധിച്ചുള്ള കത്ത് ഡി.സി.സി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ കക്ഷി നേതാവുമായ രാജൻ പല്ലന്‍റെ നേതൃത്വത്തിൽ കലക്ടര്‍ ഹരിത വി. കുമാറിന് കൈമാറിയിരുന്നു.
ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന കൗൺസിലർമാരുടെയും ഡി.സി.സി ഭാരവാഹികളുടെയും യോഗത്തിലാണ് അവിശ്വാസത്തിന് തീരുമാനമെടുത്തത്. 55 അംഗ ഭരണസമിതിയിൽ കോൺഗ്രസ് വിമതനായ മേയർ എം.കെ. വർഗീസും സ്വതന്ത്രനായ സി.പി. പോളിയും ഉൾപ്പെടെ 25 പേരാണ് ഇടതുപക്ഷത്തിനുള്ളത്. കോൺഗ്രസിന് 24ഉം ബിജെപിക്ക് ആറും അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണിയുടെ തുടർഭരണമാണ് കോർപറേഷനിൽ നിലവിലുളളത്.












Click it and Unblock the Notifications