പൗരത്വ പ്രതിഷേധം; ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെ 57 പ്രതികളെ വെറുതെവിട്ടു, 'സര്‍ക്കാരിനേറ്റ തിരിച്ചടി'
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് 57 പ്രതികളെയും വെറുതെ വിട്ടത്. നേരത്തെ പ്രതികള്‍ അഞ്ച് ദിവസം കേസില്‍ ജയിലില്‍ കിടന്നിരുന്നു. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചതാണ് കേസിന് ആധാരം. 2019 ഡിസംബര്‍ 21നായിരുന്നു സംഭവം. സംഘം ചേര്‍ന്ന് അക്രമം പ്രവര്‍ത്തിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസെടുത്തത്. പോലീസുകാരെ ഉപദ്രിവിച്ചു എന്ന വകുപ്പും ചുമത്തിയിരുന്നു.

എല്ലാ പ്രതികളും കേസില്‍ നേരത്തെ ജാമ്യം ലഭിച്ചവരാണ്. പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നിരുന്നു. കേരളത്തിലും സജീവമായിരുന്നു സമരം. ഈ വേളയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തത്. പ്രതികള്‍ കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചു. ടി സിദ്ദിഖിന് പുറമെ, ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവരുള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. പൗരത്വ പ്രതിഷേധക്കാര്‍ക്കാര്‍ക്ക് നേരെ കേസെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയും അത് നടപ്പാക്കാതിരിക്കുകയും ചെയ്ത സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് കോടതി വിധി എന്ന കെ പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.
2019ലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി ചെയ്തത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പീഡനം കാരണം ഇന്ത്യയിലെത്തുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. മുസ്ലിങ്ങളല്ലാത്ത മതസ്ഥര്‍ക്ക് മാത്രമായി പൗരത്വം നല്‍കുന്ന രീതിയില്‍ വരുത്തിയ ഭേദഗതിയാണ് വിവാദമായത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള എല്ലാ സുപ്രധാന നഗരങ്ങളിലും സ്ത്രീകളും കുട്ടികളും സമരത്തിന്റെ ഭാഗമാകുകയും ചെയ്തു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് സമരം നിലച്ചത്.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത നിലപാടാണ് സിപിഎം ഉള്‍പ്പെടെയുള്ള ബിജെപി ഇതര പാര്‍ട്ടികള്‍ സ്വീകരിച്ചത്. കേരളത്തില്‍ സമരത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഗൗരവ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇത് നടപ്പാക്കാത്തതില്‍ വലിയ വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തി. ഇതിനിടെയാണ് പൗരത്വ പ്രതിഷേധ കേസില്‍ ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടിരിക്കുന്നത്. പൗരത്വ പ്രതിഷേധം സമരം കേരളത്തില്‍ അക്രമാസക്തമായിരുന്നില്ല. പ്രാദേശിക കൂട്ടായ്മകളും മറ്റും നടത്തിയ ഭൂരിഭാഗം സമരങ്ങളും സമാധാന പരമായിരുന്നു.












Click it and Unblock the Notifications