സ്‌കൂളിലെ വെടിവെപ്പ്; പ്രതി തോക്ക് വാങ്ങിയത് സെപ്റ്റംബർ 28ന്, കട തിരിച്ചറിഞ്ഞു
തൃശൂർ: തൃശൂർ വിവേകോദയം സ്‌കൂളിൽ വെടിവെപ്പ് നടത്തിയ യുവാവ് തോക്ക് വാങ്ങിയ കട തിരിച്ചറിഞ്ഞു. സെപ്റ്റംബർ മാസം 28നാണ് ഇയാൾ വെള്ളേപ്പങ്ങാടിയിലെ കടയിൽ നിന്ന് തോക്ക് വാങ്ങിയത്. പലപ്പോഴായി പിതാവിൽ നിന്ന് മറ്റാവശ്യങ്ങൾ പറഞ്ഞു കൈപ്പറ്റിയ പണമാണ് യുവാവ് എയർഗൺ വാങ്ങാനായി ഉപയോഗിച്ചത്.
ഏകദേശം 1500 രൂപയോളമാണ് ഈ തോക്കിന്റെ വില, .177 കാലിബറുള്ള എയർ പിസ്‌റ്റളാണ് യുവാവ് കടയിൽ നിന്ന് വാങ്ങിയത്. നിയമാനുസൃതമായി എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു യുവാവ് ഇത് വാങ്ങിയതെന്ന് കടയുടമ വ്യക്തമാക്കി. ഏഴ് മുതൽ എട്ട് മീറ്റർ വരെ റേഞ്ച് ഉള്ള താരതമ്യേന ചെറിയ എയർഗൺ ആണിതെന്നാണ് റിപ്പോർട്ടുകൾ. പെല്ലറ്റ് ഉപയോഗിക്കാതെയാണ് യുവാവ് സ്‌കൂളിൽ വെടിയുതിർത്തതെന്നാണ് പോലീസിന്റെ അനുമാനം.

അതേസമയം, അപ്രതീക്ഷിത സംഭവങ്ങളുടെ ഞെട്ടലിലാണ് അധ്യാപകരും വിദ്യാർത്ഥികളും. യുവാവ് തോക്കുമായി ആദ്യം ഓടിക്കയറിയത് പഠനം നടന്നു കൊണ്ടിരിക്കുന്ന ഒരു ക്ലാസ് മുറിയിലേക്കായിരുന്നു. ഇവിടെ എത്തിയ ഇയാൾ ഉള്ളിൽ നിന്നും വാതിൽ പൂട്ടിയ ശേഷം ക്ലാസ് എടുക്കുകയായിരുന്ന അധ്യാപകയോട് ഒരു അധ്യാപകന്റെ വിവരങ്ങൾ ആരാഞ്ഞിരുന്നു.
നിനച്ചിരിക്കാതെ നടന്ന സംഭവങ്ങൾ ഞെട്ടലോടെയാണ് ഓർക്കുന്നതെന്ന് ദൃക്‌സാക്ഷിയായ അധ്യാപക പറയുന്നു. കുട്ടികളിൽ പലരും ഇത് പ്രാങ്ക് ആണെന്നാണ് ആദ്യം കരുതിയതെന്നും അവർ പറഞ്ഞു. എന്നാൽ യാതൊരു പ്രകോപനവുമില്ലാതെയാണ് മുകളിലേക്ക് യുവാവ് വെടിയുതിർത്തതെന്നും, അധികം ശബ്‌ദം ഉണ്ടായിരുന്നില്ലെന്നും അധ്യാപിക വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയാണ് തൃശൂരിലെ വിവേകോദയം സ്‌കൂളിൽ അപ്രതീക്ഷിത സംഭവ വികാസങ്ങൾ അരങ്ങേറിയത്. പൂർവ വിദ്യാർത്ഥിയായ യുവാവ് സ്‌കൂളിൽ തോക്കുമായെത്തി വെടിയുതിർക്കുകയായിരുന്നു. ക്ലാസ് റൂമിൽ അതിക്രമിച്ചു കയറിയ ഇയാൾ 3 തവണ മുകളിലേക്ക് വെടിവയുതിർത്തു. സംഭവത്തിൽ പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
തോക്കുമായെത്തിയ ഇയാൾ സ്‌റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. അക്ഷരാർത്ഥത്തിൽ സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു യുവാവ്. പിന്നാലെ സ്ഥലത്തെത്തിയ തൃശൂർ ഈസ്‌റ്റ് പോലീസാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്.












Click it and Unblock the Notifications