തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ യുവതി പ്രസവിച്ചു; ജന്മം നൽകിയത് പെൺകുഞ്ഞിന്, ആശുപത്രിയിലേക്ക് മാറ്റി
തൃശൂർ: ഇതര സംസ്ഥാനക്കാരിയായ യുവതി തൃശൂർ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ പെൺകുഞ്ഞിന് ജന്മം നൽകി. സെക്കന്ദരാബാദിലേക്ക് പോകാനായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ജിസ്‌നി ബീഗമാണ് പ്രസവിച്ചത്. ഇതിന് പിന്നാലെ യുവതിയെയും കുഞ്ഞിനെയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്.
അസം സ്വദേശിയാണ് ജിസ്‌നി, 25കാരിയായ യുവതിക്കൊപ്പം മൂന്ന് വയസുള്ള മൂത്ത കുട്ടിയുമുണ്ടായിരുന്നു. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. യുവതി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടതോടെ യാത്രക്കാർ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തിയപ്പോഴാണ് യുവതി ഗർഭിണിയാണെന്ന് മനസിലാക്കിയത്.

ഇതോടെ ആംബുലൻസ് വിളിച്ച് ഏർപ്പാടാക്കുകയായിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ യുവതി പ്രസവിക്കുകയായിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ യുവതിയെ പരിചരിക്കാൻ എത്തി. ചൈൽഡ് ഹെൽപ് ലൈൻ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരും പൂർണ സഹകരണവുമായി ഇവർക്കൊപ്പം നിന്നതോടെയാണ് അപൂർവമായ പ്രസവത്തിന് തൃശൂർ റെയിൽവേ സ്‌റ്റേഷൻ സാക്ഷ്യം വഹിച്ചത്.
സംഭവത്തിന് പിന്നാലെ മലപ്പുറത്ത് ജോലി ചെയ്യുന്ന യുവതിയുടെ ഭര്‍ത്താവിനെ വിവരം അറിയിച്ചിട്ടുണ്ട്. സ്‌റ്റേഷന്റെ പിൻഭാഗത്ത് രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഇതോടെ എസ്‌കലേറ്ററിന് സമീപം യുവതി തളർന്നിരുന്നതോടെയാണ് മറ്റ് യാത്രക്കാർ ശ്രദ്ധിച്ചത്.
തൃശൂർ പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ അജിതാകുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിക്ക് ആവശ്യമായ സഹായങ്ങൾ ചെയ്‌തു നൽകിയത്, ആർപിഎഫ് എസ്ഐ ഗീതു കൃഷ്‌ണൻ, പോലീസുകാരായ രേഷ്‌മ, അർത്ഥന എന്നിവരുടെയും റെയിൽവേ പോലീസ് എസ്ഐമാരായ മനോജ്, സജി ശ്രീരാജ് എന്നിവരും സ്‌റ്റേഷനിലെ ശുചീകരണ തൊഴിലാളികളും ഉൾപ്പെടെ തക്ക സമയത്ത് സഹായത്തിനെത്തി.
അടുത്തിടെ തൃശൂരിൽ തന്നെ കെഎസ്ആർടിസി ബസിൽ വച്ച് യുവതി പ്രസവിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. അങ്കമാലിയില്‍ നിന്നും തൊട്ടില്‍ പാലത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസിലായിരുന്നു തിരുനാവായ സ്വദേശിനിയായ 36കാരി പ്രസവിച്ചത്. പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു യുവതിക്ക്.
തുടർന്ന് ബസ് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അമല മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ബസില്‍ വെച്ചുള്ള പരിശോധനയിൽ പ്രസവം തുടങ്ങിയതായി കണ്ടെത്തിയിരുന്നു. ഇതോടെ യാത്രക്കാരെ മുഴുവൻ ഇറക്കി പെട്ടന്ന് തന്നെ ബസ് പ്രവസ മുറിയാക്കുകയായിരുന്നു.












Click it and Unblock the Notifications