ബേലൂര്‍ മഖ്‌ന കേരളത്തിലേക്ക് വരുന്നത് തടയും; ഉള്‍വനത്തിലേക്ക് തുരത്തുമെന്ന് കര്‍ണാടകയുടെ ഉറപ്പ്
മാനന്തവാടി: വയനാട്ടില്‍ ദിവസങ്ങളോളം ഭീതി പരത്തുകയും, ഒരാളുടെ മരണത്തിന് കാരണക്കാരനാവുകയും ചെയ്ത ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്തുമെന്ന് കര്‍ണാടകയുടെ ഉറപ്പ്. അന്തര്‍ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കര്‍ണാടക ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.
ബേലൂര്‍ മഖ്‌ന കേരളത്തിലേക്ക് വരുന്നത് തടയുമെന്നും കര്‍ണാടക അറിയിച്ചിട്ടുണ്ട്. നിലവില്‍ ബേലൂര്‍ മഖ്‌നയുള്ളത് കര്‍ണാടക വനത്തിനുള്ളിലാണ്. കേരള അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 4.8 കിലോമീറ്റര്‍ ദൂരെയായി കര്‍ണാടക ഉള്‍വനത്തിലായിട്ടാണ് ബേലൂര്‍ മഖ്‌ന നിലകൊള്ളുന്നത്.

അതേസമയം അഞ്ച് ദിവസമായി ബേലൂര്‍ മഖ്‌ന കേരളത്തിലേക്ക് വന്നിട്ടില്ല. ഇതോടെ മയക്കുവെടി ദൗത്യം അനിശ്ചിതത്തിലായിരിക്കുകയാണ്. 2023 നവംബര്‍ മുപ്പതിന് ഹാസനിലെ ബേലൂരില്‍ നിന്നും പിടികൂടിയ മോഴയെ കര്‍ണാടക വനംവകുപ്പാണ് കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മൂലഹോള്ള വന്യജീവി റേഞ്ചില്‍ തുറന്നുവിട്ടത്.
പിന്നാലെ ജനവാസ മേഖലയിലെത്തിയ അജീഷിനെ ആന ആക്രമിച്ച് കൊന്നിരുന്നു. ഇതിനുപിന്നാലെയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. അതേസമയം ആനയെ നിരീക്ഷിക്കുന്നതായി കര്‍ണാടക വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. രാത്രികാല പട്രോളിങ് തുടരുന്നുണ്ട്.
കേരളത്തിലെ ജനവാസ മേഖലയിലേക്ക് ആന ഇറങ്ങാതിരിക്കുന്നതിന് ഓണ്‍ലൈന്‍ സിഗ്നല്‍ പ്രകാരം കേരള വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. അന്തര്‍സംസ്ഥാന തലത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരും വനംവകുപ്പ് ഉയര്‍ന്ന ഉദ്യോഗസ്ഥരും സംയുക്ത യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications