സ്വകാര്യ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി ചോര്‍ത്തിയത് സംഘത്തിലുള്ള ഗുണ്ടകള്‍, കിര്‍മാണി അടക്കം കുടുങ്ങി
കല്‍പ്പറ്റ: വയനാട്ടില്‍ പോലീസിനെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം വലിയൊരു ലഹരി പാര്‍ട്ടി പിടിച്ചിരുന്നു. കിര്‍മാണി മനോജ് അടക്കമുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ് ഇതില്‍ പിടിയിലായത്. എന്നാല്‍ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ട്ടിയെ കുറിച്ച് പോലീസിന് വിവരങ്ങള്‍ ചോര്‍ന്ന് ലഭിച്ചതാണ്. ഇത് സംഘവുമായി അടുപ്പമുള്ളവര്‍ തന്നെയാണ് ചോര്‍ത്തി നല്‍കിയതെന്നാണ് സൂചന. ഉന്നത പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിസോര്‍ട്ടില്‍ പരിശോധന നടന്നത്. ലഹരി മരുന്ന് അടക്കമാണ് പ്രതികള്‍ പിടിയിലായത്. ടിപി കേസിലെ പ്രതിയായ കിര്‍മാണി മനോജ് ഇതില്‍പ്പെട്ടത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

ഇയാള്‍ മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും, അതിനാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതെന്നും സൂചനയുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണക്കടത്തുകാരെ തട്ടിക്കൊണ്ടു പോയത് അടക്കം വിവിധ കേസുകളില്‍ പ്രതിയുമായ കമ്പളക്കാട് മുഹസിന്റെ വിവാഹ വാര്‍ഷിക ചടങ്ങിനിടെയാണ് പതിനാറ് പേര്‍ അടങ്ങിയ സംഘം പിടിയിലായത്. മുഹസിന്‍ ഗോവ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്നയാളാണ്. ലോക്ഡൗണ്‍ കാരണം വിവാഹാഘോഷം നടന്നിരുന്നില്ല. ഈ കാരണം കൊണ്ടാണ് വിവാഹ വാര്‍ഷികം സംഘടിപ്പിച്ചത്. നൂറോളം പേര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ അടക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.
അതേസമയം ഗുണ്ടാസംഘത്തെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇക്കൂട്ടത്തിലെ പലര്‍ക്കും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു. ആഘോഷം കൊഴുക്കുന്നതിനിടെയാണ് പോലീസ് പെട്ടെന്ന് വന്നത്. അതിഥികള്‍ ആകെ അമ്പരന്ന് പോയി. ഇതോടെ മസില്‍പവര്‍ കാണിച്ച് ആളാകാനാണ് കമ്പളക്കാട് മുഹ്‌സിന്‍ മറ്റ് ഗുണ്ടകളെയും വിളിച്ച് വരുത്തിയതെന്ന് കരുതുന്നു. ഇവര്‍ ചില കുറ്റകൃത്യങ്ങള്‍ നടപ്പിലാക്കാനുള്ള ഗൂഢാലോചനയും റിസോര്‍ട്ടില്‍ വെച്ച് നടത്തിയതായിട്ടാണ് വിവരം. പല കേസുകളിലും കൂട്ടുപ്രതികളായിരുന്നവര്‍ വരെ ഈ അറസ്റ്റിലായവരിലുണ്ട്.
ഇവരില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചാല്‍ അത് സംസ്ഥാനത്തെ മയക്കുമരുന്ന് വേട്ടയ്ക്ക് തന്നെ ഗുണം ചെയ്യുമെന്നാണ് പോലീസ് വിലയിരുത്തല്‍. കൂടുതല്‍ ഗുണ്ടകളുമായി ബന്ധമുണ്ടാക്കി ക്വട്ടേഷന്‍ ഫീല്‍ഡീല്‍ വന്‍തുക ആവശ്യപ്പെടാനുള്ള കളമൊരുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാഷ്ട്രീയ സ്വാധീനം വരെയുള്ളവര്‍ അറസ്റ്റിലായവരിലുണ്ട്. തിങ്കളാഴ്ച്ച രാതി പത്ത് മണിക്കായിരുന്നു റെയ്ഡ്. പക്ഷേ അതിന് മുമ്പ് തന്നെ റിസോര്‍ട്ടും പരിസരവും പോലീസ് നിരീക്ഷണ വലയത്തിലാക്കിയിരുന്നു. റിസോര്‍ട്ടിനുള്ളില്‍ വരെ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് സൂചന. ലക്ഷങ്ങള്‍ പൊടിച്ചാണ് പാര്‍ട്ടി നടത്തിയത്. 16 കോട്ടേജുകളാണ് ബുക്ക് ചെയ്തത്. പടിഞ്ഞാറത്തറ മേഖലയിലെ റിസോര്‍ട്ടുകളും ടൂറിസ്റ്റ് പ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരി മരുന്ന് ഇടപാടുകള്‍ നടക്കുന്നതായി പരാതി വ്യാപകമായിട്ടുണ്ട്.












Click it and Unblock the Notifications