വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് പ്രവേശനമില്ല; കര്‍ഷകര്‍ നട്ടംതിരിയുന്നു, കൃഷി വിളവെടുക്കാനാവുന്നില്ല
കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാട്ടിലെ ദുരന്ത മേഖലകളിലെ കൃഷി നശിക്കുന്നു. മുണ്ടക്കൈ, ചൂരല്‍മല ദുരന്ത മേഖലകളിലെ കൃഷിത്തോട്ടങ്ങളിലേക്ക് പ്രവേശനം അനുവദിക്കാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ദുരന്തം നടന്ന് 43 ദിവസം പിന്നിട്ട് കഴിഞ്ഞു. പക്ഷേ പ്രദേശത്തേക്കുള്ള പ്രവേശനത്തില്‍ ഇപ്പോഴും കര്‍ശന നിയന്ത്രണങ്ങളാണ് ഉള്ളത്.
ഇവിടങ്ങളിലെല്ലാം തോട്ടങ്ങളും കൃഷിയുമെല്ലാമുണ്ട്. ഇതെല്ലാം സാധാരണക്കാരുടെ വരുമാന മാര്‍ഗമാണ്. ഉരുള്‍പ്പൊട്ടല്‍ സകലതും തകര്‍ത്ത ഇവര്‍ക്ക് കരകയറണമെങ്കില്‍ കൃഷി ആവശ്യമാണ്. എന്നാല്‍ അവിടേക്ക് ഒന്ന് പോകാന്‍ പോലും പറ്റാത്ത നിയന്ത്രണമാണ് ഉള്ളത്.

ഉരുള്‍പ്പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മേഖലയില്‍ വനറാണി, റാണിമല, നാഗമല തുടങ്ങിയ സ്വകാര്യ തോട്ടങ്ങളും നിരവധി ചെറുകിട കര്‍ഷകരുമുണ്ട്. ഏലമാണ് ഇവിടെ പ്രധാന കൃഷി. കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടത്തില്‍ പ്രവേശിക്കാനും, ഏലം ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വിളവെടുക്കാനും അനുവദിക്കണമെന്ന് പ്രദേശത്തെ കര്‍ഷകരുടെ യോഗം ആവശ്യപ്പെട്ടിരിക്കുകയാണ്.
തോട്ടം തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാനുള്ള സാഹചര്യവും സൃഷ്ടിക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദിവസ വേതനമായ 300 രൂപ പലര്‍ക്കും ലഭിച്ചിട്ടില്ല. ജില്ലയിലെ വിവിധ മേഖലയില്‍ പുനരധിവസിപ്പിക്കപ്പെട്ട ദുരന്തബാധിതര്‍ ഇപ്പോഴും പല ആവശ്യങ്ങള്‍ക്കുമായി കളക്ടറേറ്റില്‍ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥ ദയനീയമാണെന്നും കര്‍ഷകര്‍ പറഞ്ഞു.
അതേസമയം മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജില്ലാ ഭരണകൂടം മുണ്ടക്കൈ, ചൂരല്‍മല ദുരന്ത മേഖലകളിലേക്കുള്ള പ്രവേശത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. നിലവില്‍ പ്രദേശവാസികള്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. ഇവിടേക്ക് പ്രവേശിച്ച് കഴിച്ചാല്‍ തിരിച്ചുവരുന്ന കാര്യത്തില്‍ നിശ്ചിത സമയമാണ് അനുവദിച്ചിരിക്കുന്നത്.
കര്‍ശന നിബന്ധനങ്ങളോടെയാണ് ഇവിടേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. തോട്ടങ്ങളിലേക്ക് പണിക്കാരെ എത്താനും, കൃഷിക്ക് ആവശ്യമുള്ള കാര്യങ്ങള്‍ കൊണ്ടുവരാനുമെല്ലാം സാധിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ശേഷം തോട്ടം പണിക്കാരെ ജോലിക്കായി കിട്ടാത്ത സാഹചര്യമാണ് ഉള്ളത്.
വയനാട്ടില്‍ ഇപ്പോള്‍ ഏലം വിളവെടുപ്പ് സീസണാണ്. കൃത്യസമയത്ത് വിളവെടുപ്പ് നടത്താന്‍ സാധിക്കുന്നില്ല. ഇതേ കാരണത്താല്‍ വിളകളെല്ലാം നശിച്ച് തുടങ്ങിയിരിക്കുകയാണ്. ചെറുകിട കര്‍ഷകരുടെ തോട്ടങ്ങളെല്ലാം കാടുകയറിയിരിക്കുകയാണ്. ഇവയെ പരിപാലിക്കാന്‍ സാധിക്കാത്തതാണ് വെല്ലുവിളി. കമുക് കര്‍ഷകരും ദുരിതത്തിലാണ്.
കമുകിന് മരുന്ന് തളിക്കേണ്ട സമയമാണ് ഇപ്പോള്‍. പ്രവേശന നിയന്ത്രണത്താല്‍ ഇതും മുടങ്ങി. രോഗം പിടിപ്പെടാതിരിക്കാന്‍ എത്രയും വേഗം മരുന്ന് തളിച്ചേ മതിയാവൂ എന്ന അവസ്ഥയിലാണ് കര്‍ഷകര്‍. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാവുന്നത്. ആനകള്‍ ഉണ്ടാക്കുന്ന കൃഷിനാശം വേറെയുമുണ്ട്. ആനത്താര നഷ്ടമായതിനാല്‍ ചൂരല്‍മലയില്‍ കുടുങ്ങിപ്പോയ ആനകളാണ് പ്രശ്‌നക്കാര്‍. വൈദ്യുതി ബന്ധം ഇതുവരെ പുനസ്ഥാപിക്കാത്തതും വലിയ വെല്ലുവിളിയാണ്.












Click it and Unblock the Notifications