വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങി കരടി; മയക്കുവെടി വെക്കാന്‍ ഉത്തരവ്
കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ ദീര്‍ഘനേരത്തെ തിരച്ചിലിന് ശേഷം പുറത്തുചാടിച്ചു. തരുവണ കരിങ്ങായിരിയിലെ നെല്‍പ്പാടത്തിനടുത്ത ഒളിച്ചിരുന്ന കരടിയെ കുറ്റിക്കാട്ടില്‍ നിന്ന് പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചത്. ഇവിടെ നിന്ന് തോട്ടത്തിലേക്ക് പോയ കരടിയെ മയക്കുവെടി വെക്കാനാണ് തീരുമാനം.
നേരത്തെ വെള്ളമുണ്ട പഞ്ചായത്തിലെ പലയാണ. കരിങ്ങാരി, പ്രദേശങ്ങളിലാണ് കരടിയെ കണ്ടത്. കരിങ്ങാരിയില്‍ നെല്‍വയലിലൂടെ ഓടുന്ന കരടിയുടെ ദൃശ്യങ്ങളും പുറത്തുവന്നിരരുന്നു. കരടിയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയിട്ടുണ്ട്.

അതേസമയം വനംവകുപ്പിന്റെ വലിയൊരു സംഘം തന്നെ പ്രദേശത്തുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം കരടിക്കായുള്ള തിരച്ചിലിലാണ്. തിങ്കളാഴ്ച്ച ഉച്ച മുതല്‍ പ്രദേശങ്ങളില്‍ കരടിയുടെ സാന്നിധ്യമുണ്ടായിരുന്നു. 45 മണിക്കൂറില്‍ അധികമായി കരടി ജനവാസ മേഖലയിലുണ്ട്.
ഇവിടെ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കുറുവാദ്വീപില്‍ നിന്നാണ് കരടി പുറത്തുവന്നത് എന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച്ച പുലര്‍ച്ച പയ്യള്ളി മേഖലയിലാണ് കരടി ഇറങ്ങിയത്. അവിടെ നിന്ന് ഒരു വീടിന്റെ സിസിടിവിയില്‍ കരടിയുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. വള്ളിയൂര്‍ക്കാവിലും തോണിച്ചലിലും അതിന് ശേഷമാണ് കരടി എത്തിയത്. കരിങ്ങാരി കൊമ്മയാട് മേഖലയില്‍ നിന്നാണ് നെല്‍പ്പാടത്തിലേക്ക് എത്തിയത്.
വെറ്ററിനറി സംഘം നെല്‍പ്പാടത്ത് ഉണ്ട്. ഡാര്‍ട്ട് ചെയ്യാനുള്ള സംഘവും സ്ഥലത്ത് കാത്തുനില്‍ക്കുന്നുണ്ട്. അതേസമയം ജനത്തിന് കരടിയുടെ സാന്നിധ്യം വലിയ ഭീതിയുണ്ടാക്കുന്നുണ്ട്. കാരണം ഒരിഞ്ച് പോലും വനഭൂമിയില്ലാത്ത എടവക പഞ്ചായത്തിലെ തോണിച്ചാലില്‍ വരെ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് ഭീതി ആരംഭിച്ചത്.
നാട്ടുകാര്‍ വീടുകള്‍ക്ക് പിറകിലായിട്ടാണ് കരടിയെ നേരിട്ട് കണ്ടത്. റോഡരികിലൂടെ നടന്നുപോയ കരടിയെ ഓട്ടോഡ്രൈവറും കൂടി കണ്ടതോടെ നാട്ടിലാകെ ഭയമായി. തുടര്‍ന്നാണ് വനപാലകരും നാട്ടുകാരുമെല്ലാം കരടിയെ തിരഞ്ഞ് രംഗത്തിറങ്ങിയത്. പിന്നീട് സമീപ പ്രദേശങ്ങളിലെല്ലാം കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.












Click it and Unblock the Notifications