കല്‍പ്പറ്റയെ വിറപ്പിച്ച് പുലി, നാട്ടുകാരെ കണ്ടിട്ടും ഭയന്നോടിയില്ല; കൂട് സ്ഥാപിച്ച് വനംവകുപ്പ്
കല്‍പ്പറ്റ: വയനാട്ടില്‍ കടുവാ ഭീഷണി അവസാനിക്കും മുമ്പ് ഭീതി പരത്തി പുലി. കല്‍പ്പറ്റ നഗരസഭ പരിധിയില്‍ വരുന്ന പെരുന്തട്ടയില്‍ കണ്ടെത്തിയ പുലിയാണ് നാട്ടുകാരുടെ വിറപ്പിക്കുന്നത്. ജീവന് തന്നെ ഈ പുലി ഭീഷണിയുയര്‍ത്തുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇവിടെ പുലി പശുവിനെ കൊന്നത്. ഇതിന് പുറമേ മറ്റൊരു പുലി ആക്രമിക്കുകയും ചെയ്തു.
നാട്ടുകാര്‍ വലിയ രോഷത്തിലാണ്. എത്രയും പെട്ടെന്ന് പുലിയെ പിടിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വനംവകുപ്പ് പുലിയെ കണ്ട ഭാഗത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്. ഇവിടെ വ്യാപക തിരച്ചില്‍ അടക്കം വനംവകുപ്പ് നടത്തിയതാണ്.

പുലിയെ കണ്ടെത്തുന്നതിന് മുമ്പ് വനംവകുപ്പ് ഇവിടെ ഒരു ലൈവ് ക്യാമറ അടക്കം മൂന്ന് ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. വനപാലക സംഘം ഇവിടെ പരിശോധനയും നടത്തിയിരുന്നു. ശനിയാഴ്ച്ചയാണ് പുലിയെ കണ്ടത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റിനോട് അടുത്തുള്ള പാറയ്ക്ക് മുകളിലായിട്ടാണ് പുലിയെ കണ്ടത്. വൈകീട്ട് അഞ്ചര മുതല്‍ കൃത്യം ഒരു മണിക്കൂറോളം പുലിയുടെ സാന്നിധ്യം ഇവിടെയുണ്ടായിരുന്നു.
നാട്ടുകാരെ കണ്ട് ഭയന്നോടുന്ന പുലിയല്ല ഇതെന്നാണ് വനംവകുപ്പ് പറയുന്നത്. കാരണം പുലി ശബ്ദം കേട്ടിട്ടും കാട്ടിലേക്ക് പോയിട്ടില്ല. പുലി മാത്രമല്ല ഈ മേഖലയില്‍ കടുവാസാന്നിധ്യവും ശക്താണ്. ഇത് എസ്റ്റേറ്റ് മേഖലയായതിനാല്‍ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ട് ആകെ കാടുമൂടിയ നിലയിലാണ്. ഇത് പുലി അടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് എളുപ്പത്തില്‍ വിഹരിക്കാന്‍ വഴിയൊരുക്കും.
അതേസമയം കാടുവെട്ടി തെളിച്ചില്ലെങ്കില്‍ പുലി വരുന്നത് അറിയാനാവില്ല. ഇവിടെ വീടുകള്‍ക്ക് സമീപവും പാടിയുടെ പരിസരത്തുമെല്ലാം പുലി സ്ഥിരമായി എത്തുന്നുണ്ട്. തേയില തോട്ടം അടച്ചതോടെ തൊഴിലില്ലാതായ തൊഴിലാളികള്‍ പശുവളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വരുമാനത്തിലാണ് ജീവിക്കുന്നത്. കടുവയും പുലിയും സ്ഥിരം വരുന്നതോടെ നാട്ടുകാര്‍ ആകെ ബുദ്ധിമുട്ടിലാണ്. പ്രദേശത്ത് സ്‌കൂള്‍ ഉള്ളതും നാട്ടുകാരുടെ ഭയം വര്‍ധിപ്പിക്കുന്നു.
നേരത്തെ പന്തല്ലൂര്‍ ചപ്പുതോട്ടില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കൊലയാളി കാട്ടാനകളെ തുരത്താനുള്ള ശ്രമവും വിജയിച്ചിരുന്നില്ല. കുങ്കിയാനകളെ ഉപയോഗിച്ചാണ് ഇവ ഉള്‍വനത്തിലേക്ക് തുരത്താന്‍ ശ്രമിച്ചത്. ആക്രമാസക്തരായ രണ്ട് കാട്ടാനകളെ വനംവകുപ്പ് ഡ്രോണ്‍ ക്യാമറയുടെസഹായത്തോടെ കണ്ടെത്തിയിരുന്നു. ഇവയെ തുരത്താന്‍ മുതുമലയില്‍ നിന്നാണ് കാട്ടാനകളെ കൊണ്ടുവന്നത്.












Click it and Unblock the Notifications