കോണ്‍ഗ്രസിന് അധികാരമില്ലാത്തത് വികസനത്തെ ബാധിച്ചു, കേന്ദ്ര ഭരണം തിരിച്ചുപിടിക്കുമെന്ന് രാഹുല്‍
സുല്‍ത്താന്‍ ബത്തേരി: വയനാട് മണ്ഡലത്തെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ച് പിടിക്കുമെന്ന് രാഹുല്‍ പറഞ്ഞു. കേന്ദ്രത്തിലോ കേരളത്തിലോ കോണ്‍ഗ്രസിന് ഇപ്പോള്‍ അധികാരമില്ല. അത് വികസനത്തെ ബാധിച്ചിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
അതേസമയം ഇക്കാര്യത്തില്‍ ഇനി ആശങ്കപ്പെടേണ്ടതില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും. അതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. രാഹുലിനായി കാത്തിരിക്കുകയായിരുന്നു മണ്ഡലം. അദ്ദേഹമെത്തിയതോടെ പ്രചാരണ പരിപാടികള്‍ ശക്തമാക്കിയിരിക്കുകയാണ് യുഡിഎഫ്.

നേരത്തെ സുല്‍ത്താന്‍ ബത്തേരിയില്‍ രാഹുലിന്റെ റോഡ് ഷോയുമുണ്ടായിരുന്നു. പ്രവര്‍ത്തകരെ രാഹുല്‍ അഭിവാദ്യം ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെയോ മുന്നണിയിലെ മറ്റ് പാര്‍ട്ടികളുടെയോ കൊടികളില്ലാതെയാണ് റോഡ് ഷോ നടന്നത്. നേരത്തെ തന്നെ കെപിസിസി ഈ നിലപാട് വ്യക്തമാക്കിയിരുന്നു.
ഒരുപാര്‍ട്ടിയുടെയും കൊടി രാഹുലിന്റെ പ്രചാരണത്തിന് ഉപയോഗിക്കില്ലെന്നായിരുന്നു അറിയിച്ചത്. പകരം ബലൂണുകളും രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുകളുമാണ് പ്രവര്‍ത്തകര്‍ കൈയിലേന്തിയത്. എംഎല്‍എ ഐസി ബാലകൃഷ്ണന്‍ അടക്കം റോഡ് ഷോയില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങള്‍ അദ്ദേഹം റോഡ് ഷോയില്‍ ഉന്നയിച്ചു.
ബിജെപിയുടെ സങ്കല്‍പ്പം ഒരു രാജ്യവും ഒരു ഭാഷയും ഒരു നേതാവും മതിയെന്നതാണ് നമ്മുടെ നാടിന്റേത് അത്തരമൊരു സംസ്‌കാരമല്ല. ഒരു നേതാവ് മാത്രം മതിയെന്ന സങ്കല്‍പ്പം നാടിനോടുള്ള അവഹേളനമാണ്. ഹിന്ദിയാണ് വലുതെന്നും, മലയാളം ചെറുതാണെന്നും പറഞ്ഞാല്‍ അത് മലയാളികളെ മൊത്തത്തില്‍ അവളേഹിക്കുന്നത് പോലൊണ്.
ഓരോയിടത്തെയും ഭാഷകള്‍ അതാത് നാഗരികതയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം രാത്രിയാത്ര നിരോധനത്തെ കുറിച്ചും രാഹുല്‍ സംസാരിച്ചു. ഇക്കാര്യം പരിഹരിക്കാന്‍ ബാധ്യസ്ഥനാണ്. പ്രധാനമന്ത്രിക്ക് പലതവണയാണ് കത്തെഴുതിയത്. പരിഹാരത്തിനായി സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വയനാടിന് ഒരു മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നത് എളുപ്പമുള്ള കാര്യമല്ലേ? ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പലതവണ കത്തെഴുതി. പക്ഷേ പരിഹരിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനം യാഥാര്‍ത്ഥ്യമാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റുമെന്ന പരാമര്‍ശത്തില്‍ രാഹുല്‍ പ്രതികരിച്ചില്ല. പുല്‍പ്പള്ളിയിലും റോഡ് ഷോ നടന്നു. മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ് ഇനി റോഡ് ഷോ നടക്കുക.












Click it and Unblock the Notifications