കോട്ടകൾ ഇളകിതുടങ്ങിയോ? വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വോട്ട് ഇടിയും, സുരേന്ദ്രൻ മുന്നേറ്റമുണ്ടാക്കുമോ?
വയനാട്: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി കേരള മണ്ണിൽ മത്സരത്തിന് ഇറങ്ങുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിൽ തന്നെയാണ് രണ്ടാമൂഴവും അദ്ദേഹം മത്സരിക്കുന്നത്. എന്നാൽ 2019ലെ സാഹചര്യങ്ങളിൽ നിന്ന് മാറി രാഷ്ട്രീയ അന്തരീക്ഷം പൂർണമായി മറ്റൊരു തലത്തിലേക്ക് എത്തി എന്നതാണ് വസ്‌തുത. ഇതിൽ നിന്നുകൊണ്ട് തിരഞ്ഞെടുപ്പിൽ ഏത് രീതിയിൽ ജനങ്ങൾ പ്രതികരിക്കുമെന്ന പരിശോധിക്കുന്ന മനോരമയുടെ പ്രീപോൾ സർവേ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
വയനാട് മണ്ഡലത്തിൽ ഇക്കുറിയും രാഹുൽ ഗാന്ധി തന്നെ ജയിക്കുമെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കൈപ്പത്തി ചിഹ്നത്തിൽ കല്ലിനെയോ തൂണിനെയോ നിർത്തിയാൽ പോലും അനായാസം ജയിക്കുമെന്ന് തമാശ രൂപേണ പറയുന്ന വയനാട് മണ്ഡലത്തിൽ ഇക്കുറി രാഹുലിന് വെല്ലുവിളി ഉയർത്താൻ ദദേശീയ നേതാവായ ആനി രാജയ്ക്കും, കെ സുരേന്ദ്രനും കഴിയില്ലെന്ന് തന്നെയാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.

എന്നാൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ആശങ്കയാകുന്ന കാര്യം എന്തെന്നാൽ മണ്ഡലത്തിൽ രാഹുലിന്റെ വോട്ട് വിഹിതത്തിൽ ഇടിവുണ്ടാകും എന്നതാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ പ്രകടമായ വ്യാത്യാസം മനസിലാവുന്നത്. ആകെത്തുകയിൽ രാഹുലിന് ഗംഭീര ഭൂരിപക്ഷം ലഭിക്കുമെന്ന് തന്നെയാണ് സർവേ വ്യക്തമാക്കുന്നത്.
എങ്കിൽ കൂടി വോട്ട് വിഹിതത്തിൽ ഉണ്ടാവുന്ന കുറവ് കോൺഗ്രസിനെ ഇരുത്തി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. മണ്ഡലത്തിൽ കന്നി മത്സരത്തിന് ഇറങ്ങുന്ന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ വോട്ട് വിഹിതം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചത് ബിഡിജെഎസ് നേതാവായ തുഷാർ വെള്ളാപ്പള്ളിയാണ്.
ഇത്തവണ സുരേന്ദ്രൻ നേരിട്ട് ഇറങ്ങുന്നതോടെ നാല് ശതമാനത്തോളം വോട്ടാണ് സുരേന്ദ്രൻ അധികം നേടുകയെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഇത് രാഹുലിന്റെ വോട്ട് വിഹിതത്തിൽ വിള്ളൽ ഉണ്ടാക്കുമെന്ന് പ്രകടമാണ്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി 64.67 ശതമാനം വോട്ട് മണ്ഡലത്തിൽ നിന്ന് നേടിയിരുന്നു. ഇത്തവണ അത് 62.5 ശതമാനമായി കുറയുമെന്നാണ് സർവേയിൽ പറയുന്നത്.
രാഹുലിനെ കൂടാതെ ഇത്തവണ വോട്ട് വിഹിതത്തിൽ ഇടിവ് നേരിടുമെന്ന് സർവേ പ്രവചിക്കുന്ന മറ്റൊരു മുതിർന്ന നേതാവ് കൂടിയുണ്ട്. കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് അപായ സൂചന ലഭിച്ച മറ്റൊരു നേതാവ്, രാഹുലിന്റെ ജയം സുനിശ്ചിതമെങ്കിൽ കണ്ണൂരിൽ സുധാകരന്റെ കാര്യം അത്ര പന്തിയല്ല.
കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനും, എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജനും 43 ശതമാനം വീതം വോട്ട് നേടുമെന്നാണ് സർവേ പറയുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തിൽ സുധാകരൻ 50.27 വോട്ട് നേടിയാണ് വിജയിച്ചത്. ഏഴ് ശതമാനത്തോളം വോട്ടിന്റെ ഇടിവാണ് സുധാകരൻ നേരിടേണ്ടി വരികയെന്നാണ് സർവേ പറയുന്നത്.
ഇത് പ്രകാരം കണ്ണൂർ മണ്ഡലത്തിൽ വ്യക്‌തമായി ആര് ജയിക്കുമെന്ന് സർവേയിൽ പറയുന്നില്ല. എൽഡിഎഫ് മികച്ച മുന്നേറ്റമുണ്ടാക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള സാധ്യതയും തള്ളി കളയാൻ കഴിയില്ല. ഇതോടെ 2019 തിരഞ്ഞെടുപ്പിലെ ഏകപക്ഷീയമായ ഫലം ഇക്കുറി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇതുവരെ സർവേയിൽ നിന്ന് വ്യക്തമാവുന്ന കാര്യം.












Click it and Unblock the Notifications