നെല്ലിയമ്പം ഇരട്ടക്കൊല കേസ്; വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്ന പ്രതി അർജുന് വധശിക്ഷ
വയനാട്: പ്രമാദമായ നെല്ലിയമ്പം ഇരട്ടക്കൊല കേസിൽ ശിക്ഷ വിധിച്ചു. പ്രതിക്ക് വധശിക്ഷയാണ് വിധിച്ചത്. നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്‌ജി എസ്കെ അനില്‍കുമാറാണ് വിധി പ്രഖ്യാപിച്ചത്. ഏപ്രിൽ 24ന് കേസിൽ പ്രതി അർജുൻ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2021 ജൂൺ 10ന് രാത്രി എട്ടരയോടെയായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവൻ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ച. ഭാര്യ പത്മാവതിയാവട്ടെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിൽ മരണപ്പെടുകയും ചെയ്‌തു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റംബർ 17ന് പ്രതി അയൽവാസി കൂടിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്‌റ്റിലായത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
അന്ന് മാനന്തവാടി ഡിവൈഎസ്‌പി ആയിരുന്ന എപി ചന്ദ്രന്റെ നേതൃത്വത്തിൽ 41 അംഗ അന്വേഷണ സംഘം രൂപവത്കരിച്ചാണ് കേസിൽ വിപുലമായ അന്വേഷണം നടത്തിയത്. തുടർന്ന് സമീപ വാസികളെ ഉൾപ്പെടെ നിരവധി പേരെയാണ് അന്വേഷണ ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്‌തത്. ഒടുവിൽ ശാസ്ത്രീയ തെളിവുകളുടെ കൂടി സാഹത്തോടെയാണ് അർജുനിലേക്ക് എത്തുന്നത്.
വലിയ രീതിയിലുള്ള സന്നാഹങ്ങളോടെ ആയിരുന്നു അന്ന് അന്വേഷണം നടന്നത്. പ്രതിക്കായി വ്യാപക തിരച്ചിൽ നടന്നിരുന്നു. കൂടാതെ 1200ലധികം ആളുകളുടെ വിരലടയാളം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു.ആയിരത്തിൽ അധികം ആളുകളിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്‌തു. വയനാട് മുതൽ താമരശ്ശേരി വരെയുള്ള ഭാഗങ്ങളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുകയും ചെയ്‌തു.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ ആകെ 75 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും ചെയ്‌തിരുന്നു. 2023 ഡിസംബറിൽ കേസിന്റെ വിചാരണ പൂർത്തിയായിരുന്നു. പിന്നീട് ഫെബ്രുവരിയോടെ വാദം കേൾക്കൽ ആരംഭിക്കുകയും ചെയ്‌തു.
ഏപ്രിൽ 24ന് പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ കോടതി ഇന്നത്തേക്ക് വിധി പ്രസ്‌താവിക്കാൻ മാറ്റുകയായിരുന്നു. സെക്ഷൻ 302 ഐപിസി (കൊലപാതകം),449 ഐപിസി (ഭവനഭേദനം) 201 ഐ.പി.സി (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി അന്ന് കണ്ടെത്തിയത്. അതിന് പിന്നാലെയാണ് പരമാവധി ശിക്ഷ തന്നെ ഇയാൾക്ക് ഉറപ്പാക്കിയത്.












Click it and Unblock the Notifications