രാഹുല്‍ഗാന്ധിക്ക് വിജയസര്‍ട്ടിഫിക്കറ്റ് കൈമാറി; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ ഉടനെത്തുമെന്ന് രാഹുല്‍
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വയനാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതലക്കാരനുമായ എന്‍ സുബ്രഹ്മണ്യന്‍, സ്ഥാനാര്‍ത്ഥിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് പി.വി ബാലചന്ദ്രന്‍, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.
ഡല്‍ഹിയിലെ എ ഐ സി സി അസ്ഥാനത്തെത്തിയ നേതാക്കള്‍ വയനാട് ലോക്‌സഭാ മണ്ഡലം നിലവില്‍ അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളെ കുറിച്ചും വികസനപദ്ധതികളെ കുറിച്ചും രാഹുലുമായി സംസാരിച്ചു. വന്‍വിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ ഉടന്‍ വയനാട്ടിലെത്തുമെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി. കെ പി സി സിയാണ് തിയ്യതി തീരുമാനിക്കേണ്ടത്.

ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന കെ പി സി സി യോഗം രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് അന്തിമ രൂപം നല്‍കുമെന്നാണറിയുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് രാഹുല്‍ഗാന്ധി വരാതിരുന്ന സാഹചര്യത്തില്‍ എന്‍ സുബ്രഹ്മണ്യനാണ് വയനാട് ജില്ലാ കലക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
വയനാട് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളും ലീഡ് നല്‍കിയാണ് ഇത്തവണ രാഹുല്‍ഗാന്ധിയെ വിജയിപ്പിച്ചത്. വയനാട് ജില്ലയില്‍ കേവലം 11 ബൂത്തുകളില്‍ മാത്രമാണ് എല്‍ ഡി എഫിന് നേരിയ ലീഡ് നേടാനായത്. എന്‍ ഡി എക്ക് ഒരു വോട്ടും കിട്ടാത്ത ബൂത്തും ജില്ലയിലുണ്ട്. വന്‍വിജയത്തിന് ശേഷം ജില്ലയിലെത്തുന്ന രാഹുലിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍.












Click it and Unblock the Notifications