ജലനിരപ്പ് 773 ആയി, ബാണാസുര സാഗര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
വയനാട്: ബാണാസുര സാഗര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്റര്‍ ആയതിനാല്‍ ആണ് റെഡ് അലര്‍ട്ട് നല്‍കിയത്. 773.50 മീറ്റര്‍ ജലനിരപ്പ് എത്തിയാല്‍ അധിക ജലം ഒഴുക്കി വിടാന്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയും ഇന്നുമായി അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇടവിട്ടുള്ള മഴയാണെങ്കിലും അത് ശക്തമായി തന്നെ പെയ്യുന്നുണ്ട്.
ഇതിനെ തുടര്‍ന്നാണ് ബാണാസുര സാഗറില്‍ ജലനിരപ്പ് ഉയര്‍ന്നത്. ഇപ്പോഴത്തെ മഴയുടെ അളവ് വെച്ചാണെങ്കില്‍ രാത്രിയോടെ ബാണാസുര സാഗര്‍ അണക്കെട്ട് 773.50 മീറ്റര്‍ ജലനിരപ്പ് പിന്നിടും. അതേസമയം രാവിലെയോടെ മാത്രമേ അധികമുള്ള ജലം ഒഴുക്കി വിടാന്‍ സാധ്യതയുള്ളൂ. ജാഗ്രതാ നിര്‍ദേശം ജില്ലാ കളക്ടര്‍ നല്‍കിയിട്ടുണ്ട്.

പനമരം പുഴ ഒഴുക്കുന്ന ഇടങ്ങളില്‍ അടക്കം ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. പത്ത് മീറ്ററോളം പനമരം പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മേപ്പാടി, പുത്തുമല, വെള്ളരിമല എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള ചില കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച്ച പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം മുങ്ങിപ്പോയിരുന്നു. എന്നാല്‍ ഇപ്പോഴുള്ള മഴ അത്രത്തോളം ശക്തമല്ല. നാളെയും മഴ ഇടവേളയില്ലാതെ പെയ്താല്‍ ക്യാമ്പുകള്‍ തുറന്നേക്കും. വനപ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. പുഴയും കരകവിഞ്ഞ് ഒഴുകുന്നുണ്ട്.












Click it and Unblock the Notifications