ചൂരിമലക്കുന്നില്‍ പശുവിന് നേരെ കടുവയുടെ ആക്രമണം, ഭയന്ന് വിറച്ച് നാട്ടുകാര്‍
മീനങ്ങാടി: വയനാട്ടില്‍ കടുവയുടെ ആക്രമണം പതിവാകുന്നു. കൊളഗപ്പാറ ചൂരിമലക്കുന്നില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കടുവയുടെ ആക്രമണം. നാട്ടുകാരെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കടുവാ ആക്രമണം. ബീനാച്ചി എസ്റ്റേറ്റിന് സമീപം മേയാന്‍ വിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. വ്യാഴാഴ്ച്ച വൈകീട്ടാണ് കടുവ പശുവിനെ ആക്രമിച്ചത്.
അതേസമയം പശു ചത്തിട്ടില്ല. എന്നാല്‍ ആക്രമണത്തില്‍ പശുവിന്റെ കാലൊടിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പശുവുള്ളത്. അതേസമയം കടുവ വീണ്ടുമെത്തുമെന്ന ഭയം നാട്ടുകാര്‍ക്കിടയിലുണ്ട്. കന്നുകാലികളെ അടക്കം ഇനിയും നഷ്ടപ്പെടുമെന്ന ഭയം കര്‍ഷകര്‍ക്കുണ്ട്.

അതേസമയം ചൂരിമലക്കുന്നില്‍ ഷേര്‍ളി കൃഷ്ണന്റെ കറവപ്പശുവിനെയാണ് കടുവ ആക്രമിച്ചത്. ഇവരുടെ പശുക്കള്‍ക്കെതിരെ ഇത് ആദ്യമായിട്ടല്ല കടുവയുടെ ആക്രമണമുണ്ടാവുന്നത്. ഒരു വര്‍ഷത്തിനിടെ നാലു പശുക്കളെയാണ് ഇത്തരത്തില്‍ കടുവ ആക്രമിക്കുന്നത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ അധീനതയിലുള്ള ബീനാച്ചി എസ്റ്റേറ്റിന്റെ പരിസരത്താണ് പശുക്കളെ സ്ഥിരമായി മേയാന്‍ വിടുന്നത്.
അതേസമയം കുറച്ചുമാസങ്ങളായി കടുവയുടെ ശല്യം ഈ ഭാഗത്തില്ലാത്തത് കൊണ്ട് നാട്ടുകാര്‍ ഭയമില്ലാതെ ജീവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണ്. മേയാന്‍ വിട്ട പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചത് മനസ്സിലായത്. കടുവയുടെ കാല്‍പ്പാടുകള്‍ സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. അതേസമയം വനപാലകരെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തി.
നേരത്തെ കാപ്പിക്കുന്നിലും കടുവയുടെ ആക്രമണം പശുവിന് നേരെയുണ്ടായിരുന്നു. ക്ഷീരകര്‍ഷകന്റെ കണ്‍മുന്നില്‍ വെച്ചായിരുന്നു കടുവയുടെ ആക്രമണം. എട്ടുമാസം ഗര്‍ഭിണിയായ പശുവിന് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. മേയാന്‍ വിട്ട പശുക്കളുമായി വീട്ടിലേക്ക് വരുന്നതിനിടെയാണ് കാടിറങ്ങി എത്തിയ കടുവ കൂട്ടത്തിലെ ഒരു പശുവിനെ പിടികൂടിയത്.
പശുവിന്റെ ഉടമയായ എല്‍ദോസിന്റെ മകന്‍ ജെയ്‌മോന്‍ കടുവ പശുവിനെ പിടിക്കുന്നത് കണ്ട് ബഹളം വെക്കുകയായിരുന്നു. ഇതോടെ കടുവ ജെയ്‌മോന് നേരെ ചാടുകയായിരുന്നു. ഇയാള്‍ ധൈര്യം കൈവിടാതെ ബഹളമുണ്ടാക്കിയതോടെയാണ് കടുവ പിന്തിരിഞ്ഞ് കാടിനുള്ളിലേക്ക് രക്ഷപ്പെട്ടത്.
അതേസമയം പശുവിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. പശുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത കുറവാണെന്ന് ഉടമയായ എല്‍ദോസ് പറയുന്നു. വെറ്ററിനറി ഡോക്ടറെത്തി ചികിത്സയാരംഭിച്ചിട്ടുണ്ട്. എന്നാല്‍ പരുക്ക് സാരമാണ്. വനപാലകര്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. എല്‍ദോസിന് ഇത് ആദ്യമായിട്ടല്ല കടുവ കാരണം നഷ്ടമുണ്ടാകുന്നത്.
നേരത്തെ എല്‍ദോസിന്റെ മൂന്ന് കന്നുകാലികളെയാണ് കടുവ ആക്രമിച്ച് കൊന്നത്. 2014, 2018, 2021 വര്‍ഷങ്ങളിലായിട്ടാണ് പശുക്കളെ ഇയാള്‍ക്ക് കടുവയുടെ ആക്രമണത്തില്‍ നഷ്ടമായത്. തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ പോലും കടുവ ആക്രമിക്കുകയായിരുന്നു. തുച്ഛമായ നഷ്ടപരിഹാരമാണ് വനംവകുപ്പ് നല്‍കുന്നതെന്ന് എല്‍ദോസ് പറഞ്ഞു.












Click it and Unblock the Notifications