വയനാട്ടുകാര്‍ക്ക് ആശ്വാസം, കൂട്ടില്‍ വീണ കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലെത്തിച്ചു
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയില്‍ നാട്ടുകാരെ വിറപ്പിച്ച കടുവയെ ഒടുവില്‍ ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് കടുവ കൂട്ടില്‍ വീണത്. ദിവസങ്ങളോളമാണ് ഈ കടുവ നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കംകെടുത്തിയത്. പത്ത് വയസ്സുള്ള പെണ്‍കടുവയാണിത്. ഈ കടുവയെ മൃഗ ഡോക്ടര്‍മാര്‍ വന്യമൃഗ പരിപാലന കേന്ദ്രത്തില്‍ വെച്ച് പരിശോധിച്ചു.
വലത് കണ്ണിന്റെ കാഴ്ച്ചയ്ക്ക് കുറവുണ്ട്. പല്ലുകള്‍ കൊഴിഞ്ഞ കടുവയുടെ ഇടതുകൈയ്യുടെ മുകള്‍ ഭാഗത്ത് ചെറിയ മുറിവുമുണ്ട്. നേരത്തെ കടുവയെ പിടിക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ വനംവകുപ്പിനെതിരെ രംഗത്ത് വന്നിരുന്നു.അതേസമയം കടുവയെ വീണ്ടും വനത്തില്‍ തുറന്ന് വിടാനുള്ള സാധ്യത കുറവാണ്. കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.

നേരത്തെ തന്നെ നാട്ടുകാര്‍ ഈ കടുവയെ വനത്തില്‍ തുറന്നുവിടരുതെന്ന് വനംവകുപ്പിനോട് നിര്‍ദേശിച്ചിരുന്നു. വീണ്ടും ഇവ തിരിച്ചുവരുമെന്നായിരുന്നു കാരണമായി പറഞ്ഞത്. പനവല്ലിയില്‍ നിന്ന് ജൂണ്‍ 23ന് രാത്രി കൂടുവെച്ച് പിടികൂടി പിറ്റേന്ന് ഉള്‍വനത്തില്‍ വിട്ടയച്ച എന്‍ഡബ്ല്യു 5 എന്ന പേരിട്ട കടുവയാണ് വീണ്ടും കൂട്ടില്‍ അകപ്പെട്ടതെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. വനംവകുപ്പ് നടത്തിയ കടുവ സെന്‍സസില്‍ ഈ കടുവയുടെ സാന്നിധ്യം തിരുനെല്ലി വനത്തില്‍ സ്ഥിരീകരിച്ചിരുന്നു.
മയക്കുവെടി വെക്കാനുള്ള ഉത്തരവ് ലഭിച്ച ശേഷം പനവല്ലിയില്‍ രണ്ട് ദിവസമായി നടന്ന തിരച്ചിലിന് ഒടുവിലാണ് കടുവ കൂട്ടിലായത്. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കൊന്ന കടുവ കഴിഞ്ഞ ദിവസം ഒരു വീട്ടിന് ഉള്ളിലേക്ക് ഓടിക്കയറിയിരുന്നു. ഇതോടെ നാട്ടുകാരെല്ലാം കൂടുതല്‍ ഭീതിയിലായിരുന്നു.
രണ്ടാഴ്ച്ചയായി മൂന്ന് കൂടുകളായിരുന്നു കടുവയെ പിടിക്കാനായി സ്ഥാപിച്ചത്. മുപ്പതോളം ക്യാമറകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ക്യാമറയില്‍ കടുവയുടെ ചിത്രങ്ങളൊന്നും പതിഞ്ഞിരുന്നില്ല. ഒരു അമ്മയും രണ്ട് കുട്ടികളും അടക്കം മൂന്ന് കടുവകളും മുമ്പ് പനവല്ലി ആദണ്ഡയില്‍ കൂട്ടിലായ കടുവയുമായിരുന്നു പനവല്ലിയില്‍ ഭീതി പരത്തിയത്.












Click it and Unblock the Notifications