വയനാട്ടില്‍ വിലസി കടുവ, പണയമ്പത്ത് പശുവിനെ കൊന്നു, കൃഷ്ണഗിരിയില്‍ 7 ആടുകളെ കൊന്നു
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയെ കൊണ്ട് പൊറുതി മുട്ടി നാട്ടുകാര്‍. പലയിടങ്ങളിലായി കടുവകള്‍ വിലസുകയാണ്. വനംവകുപ്പ് മഷിയിട്ട് നോക്കിയാലും കടുവയെ കാണാനും പിടിക്കാനും പറ്റാത്ത അവസ്ഥയാണ്. വടക്കനാട് പണയമ്പത്ത് ഇതിനിടെ പശുവിനെ കടുവ കൊന്നു. അത് മാത്രമല്ല, കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിനെ സംസ്‌കരിച്ച കുഴി മാന്തിതുറക്കുവാനും കടുവയെത്തി.
വൈകീട്ടായിരുന്നു പശുവിനെ കടുവ കൊന്നത്. ഈ പശു ആറ് മാസം ഗര്‍ഭിണിയായിരുന്നു. സംഭവ സ്ഥലത്തിനടുത്തുള്ള സ്ഥലത്ത് എത്തിയവര്‍ കടുവയെ നേരിട്ട് കണ്ടു. പശുവിനെ ആക്രമിക്കുന്നത് കണ്ടതും ഈ നാട്ടുകാരാണ്.

അതേസമയം കടുവയെ കണ്ട നാട്ടുകാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ സ്ത്രീകളാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിലെത്തി കടുവ പശുവിനെ കൊന്ന കാര്യം അറിയിച്ചത്. എന്നാല്‍ അപ്പോഴേക്കും കടുവ രരക്ഷപ്പെട്ടിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി കടുവയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു.
പശുവിനെ കുഴിച്ചിട്ട സ്ഥലത്ത് വീണ്ടും കടുവ വന്നതായും, കുഴി മാന്തുന്നതായും കണ്ടുവെന്ന് പശുവിന്റെ ഉടമ പറഞ്ഞു. പത്ത് ലിറ്റര്‍ പാല്‍ തരുന്ന പശുവിനെയാണ് കടുവ കൊന്നതെന്ന് ഇയാള്‍ പറയുന്നു. നഷ്ടപരിഹാരത്തിനായി ആവശ്യപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ശരിക്കും വനംവകുപ്പിനാണ് ഇത് തീരാ തലവേദനയായിരിക്കുന്നത്.
നാട്ടുകാര്‍ ആകെ സംഘടിച്ച് കടുവയെ തിരഞ്ഞ് ഇവിടെയെത്തിയിരുന്നു. പശുവിനെ സംസ്‌കരിച്ച കുഴി കടുവ മാന്തുത്തുറക്കാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്. അതേസമയം നാട്ടുകാര്‍ ആകെ ഭയത്തിലാണ്. എത്രയും പെട്ടെന്ന് കടുവയെ പിടിച്ചില്ലെങ്കില്‍ തങ്ങളെയും കടുവ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
കൃഷ്ണഗിരിയിലെ സാഹചര്യം ഇതിനേക്കാള്‍ ഭീകരമാണ്. കടുവ ഒറ്റരാത്രിയില്‍ ഏഴ് ആടുകളെയാണ് കൊന്നത്. അതും രണ്ടിടങ്ങളിലായിട്ടാണ് ആക്രമണമുണ്ടായത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരു മാസം കൊണ്ട് പതിനെട്ട് ആടുകളെയാണ് കടുവയുടെ ആക്രമണത്തില്‍ ഇവിടെയുള്ളവര്‍ക്ക് നഷ്ടമായത്.
രണ്ട് ദിവസങ്ങള്‍ കൊണ്ട് കൃഷ്ണഗിരിയില്‍ പത്ത് ആടുകളെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഒരു മാസത്തിലേറെയായി കടുവ നാട്ടുകാരെ വിറപ്പിക്കുകയാണ്. അമ്പലവയല്‍, പൂതാടി, പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും കടുവയുടെ ആക്രമണം നിരന്തരം ഉണ്ടാകുന്നുണ്ട്. മീനങ്ങാടി പഞ്ചായത്തില്‍ അടക്കം കൂടുതലും ആടുകളെയാണ് കടുവ ലക്ഷ്യമിടുന്നതും ആക്രമിക്കുന്നതും.
ജനങ്ങളാകെ രോഷത്തിലാണ്. തെരുവിലിറങ്ങിയതോടെ വനംവകുപ്പ് ആകെ സമ്മര്‍ദത്തിലാണ്. കൂടുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കടുവ ഒന്നിലും വീണിട്ടില്ല. റോഡ് ഉപരോധിച്ച നാട്ടുകാര്‍ ഡിഎഫ്ഒ സ്ഥലത്ത് എത്തണമെന്നും, കടുവയെ ഉടന്‍ പിടിക്കണമെന്നും ആവശ്യപ്പെട്ടു.












Click it and Unblock the Notifications