വടക്കനാട് നാട്ടുകാരെ വിറപ്പിച്ച് കടുവ, കൂടൊരുക്കി കാത്തിരുന്ന് വനംവകുപ്പ്
കല്‍പ്പറ്റ: ഒരിടവേളയ്ക്ക് ശേഷം വയനാട്ടില്‍ വീണ്ടും കടുവ ഭീഷണി. വടക്കനാട്ടെ ജനവാസ അതിര്‍ത്തിയിലാണ് നാട്ടുകാരെ കടുവ വിറപ്പിക്കുന്നത്. വനംവകുപ്പ് കടുവയെ പിടിക്കാനായി രണ്ടിടത്ത് കൂട് സ്ഥാപിച്ചിരിക്കുകയാണ്. അമ്പതേക്കറിലുമാണ് അമ്മവയലിലുമാണ് കടുവ സ്ഥിരമായി എത്തുന്നത്. ഇവിടെയാണ് കൂടുതല്‍ സ്ഥാപിച്ചത്.
അതേസമയം ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് കടുവയുടെ സാന്നിധ്യം നേരത്തെ വനംവകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്ത് നിന്നും ആറ് കിലോമീറ്റര്‍ മാറി കുറിച്യാട് കഴിഞ്ഞ ദിവസം രണ്ട് പശുക്കളെ കടുവ പിടികൂടിയിരുന്നു. ഈ കടുവയാണോ ഇപ്പോള്‍ വടക്കനാട്ട് എത്തിയതെന്നാണ് സംശയം.

കഴുത്തിന് പരുക്കേറ്റ് ജനവാസ ജനവാസ മേഖലയിലെത്തിയ കടുവയെ മൂന്നാഴ്ച്ചയോളമായി ഗ്രാമവാസികള്‍ ഇവിടെ പല സമയത്തായി കാണുന്നുണ്ട്. അതേസമയം നാട്ടുകാര്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയാണ്. പരുക്കേറ്റതിനാല്‍ കടുവ അപകടകാരിയാണ്. വനംവകുപ്പ് കടുവയുടെ സഞ്ചാരം അറിയുന്നതിനാല്‍ പലയിടത്തായി പതിമൂന്നോളം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൊന്നിലാണ് കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞത്.
ഡബ്ല്യുഡബ്ല്യുഎല്‍ 106 എന്ന കടുവയാണ് ഇതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് വനംവകുപ്പിന്റെ പട്ടികയിലുള്ള കടുവയാണ്. നേരത്തെ അമ്പതേക്കറില്‍ പോത്തിനെ കടുവ കൊന്നിരുന്നു. വനംവകുപ്പ് കടുവയെ പിടികൂടി നാലാം മൈലിലെ വന്യജീവിതം സംരക്ഷണ കേന്ദ്രത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമം.
അതേസമയം കടുവ മാത്രമല്ല ഈ മേഖലകളില്‍ നേരത്തെ തന്നെ കാട്ടാനകളുമുണ്ട്. ഇവ നിരന്തരം നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ കടുവ കൂടി വന്നതോടെ വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. ഓടത്തോട് മേഖലയിലെ ജനജീവിതം വലിയ ആശങ്കയിലാണ്.
കഴിഞ്ഞ ദിവസം ഓടത്തോട് കൂട്ടമുണ്ട എസ്‌റ്റേറ്റിനോട് ചേര്‍ന്ന ഭാഗത്ത് മേയ്ക്കാന്‍ വിട്ട മൂന്ന് ആടുകളെയാണ് കടുവ കൊന്നത്. കടുവ ഇതിലൊരു ആടിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. സജി എന്നയാളുടെ ആടുകളാണിത്. ഇയാള്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് ആടുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
നാട്ടുകാരാണ് പിന്നീട് വനപാലകരെ കാര്യം അറിയിച്ചത്. ഇതേ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തുകയും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇവിടെ ക്യാമറകളും സ്ഥാപിച്ചിരുന്നു. ആഴ്ച്ചകള്‍ക്ക് മുമ്പ് കുന്നമ്പറ്റയിലെ കര്‍ഷകന്റെ രണ്ട് പശുക്കളെയും കൊന്നത് ഇതേ കടുവയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ വനംവകുപ്പ് പട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്.
ചെമ്പ്ര വനമേഖലയില്‍ നിന്നാണ് കടുവ അടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ജൂലായില്‍ കാട്ടാനകള്‍ ഈ പ്രദേശത്ത് ഇറങ്ങി പരിഭ്രാന്തി പരത്തിയിരുന്നു.












Click it and Unblock the Notifications