പന്നികളെ കടുവ കൊന്നു, ഇപ്പോഴിതാ കേസും, വെട്ടിലായി കര്‍ഷകന്‍; വനംവകുപ്പിനെതിരെ നാട്ടുകാര്‍
ബത്തേരി: വയനാട്ടില്‍ കടുവയെ പിടിക്കാനാവാത്ത വനംവകുപ്പിനെതിരെ കര്‍ഷകരുടെ രോഷം. വനംവകുപ്പ് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പ്രതികാരം തീര്‍ക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. നേരത്തെ കടുവ കാരണം നിരവധി വളര്‍ത്തുപന്നികളെ നഷ്ടപ്പെട്ട കര്‍ഷകനെതിരെ വനംവകുപ്പ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്.
സംഘര്‍ഷ മേഖലയിലെ സാധാരണയുണ്ടാവുന്ന വാക്ക തര്‍ക്കങ്ങളില്‍ പോലും ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് പരാതി നല്‍കുകയും കള്ളക്കേസ് എടുക്കുകയും ചെയ്യുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. എന്നാല്‍ സ്ത്രീകളോട് അടക്കം നാട്ടുകാര്‍ മോശമായി പെരുമാറിയെന്നും, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും വനപാലകര്‍ പറഞ്ഞു.

ഇവിടെയുള്ള സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിലാണ് കൂടും ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചിരുന്നത്. കടുവയെ പിടിക്കാനായി ഇവിടെ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെ കുറച്ച് പേര്‍ വന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് വനംവകുപ്പ് ആരോപിക്കുന്നത്. വെട്ടുമെന്നും, വാഹനം അടിച്ച് പൊളിക്കുമെന്നെല്ലാം ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സ്ഥം നില്‍ക്കുന്നിടത്താണ് ഫാം ഉള്ളത്. അവിടെ നിന്നാണ് പതിനേഴോളം വളര്‍ത്തുപന്നികളെ കടുവ പിടികൂടി കൊന്നത്. അന്ന് തന്നെ ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ കടുവയെ മാത്രം പിടിക്കാനായില്ല.
കൂട് പരിശോധിക്കാനായി വനപാലകര്‍ സ്ഥലത്തെത്തിയപ്പോള്‍ പ്രശ്‌നങ്ങളുണ്ടായെന്നാണ് ആരോപണം. ഉപജീവന മാര്‍ഗം വന്യജീവികള്‍ ഇല്ലാതാക്കുമ്പോള്‍ വനംവകുപ്പിനെതിരെ രോഷമുയരുന്നത് സാധാരണമാണ്. അത്തരം സ്വാഭാവികമായ പ്രതിഷേധത്തെ പോലും വനംവകുപ്പ് പ്രതികാരബുദ്ധിയോടെയാണ് കാണുന്നത്.
വനംവകുപ്പിന്റെ സ്വീകാര്യത ഇടിഞ്ഞുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം കൂട് പരിശോധിക്കാനെത്തിയ വനപാലകരെ കണ്ടിട്ട് പോലുമില്ലെന്നാണ് ഫാം ഉടമയായ ശ്രീജിത്ത് പറയുന്നത്. അന്ന് നിരവധി പരിപാടികളുമായി തിരക്കിലായിരുന്നു. മറ്റൊരു ഫാമില്‍ തീറ്റയുമായി പോവുകയും ചെയ്തു. വനപാലകരുമായി സംസാരിക്കുക പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് കൂട് സ്ഥാപിക്കുന്നതിന് വനപാലകരെ സഹായിച്ചവരാണ് കേസ് ചുമത്തപ്പെട്ട അഞ്ച് പേരുമെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി കൂടിനടുത്തേക്ക് ആരും വരരുതെന്നും, അങ്ങനെ സംഭവിച്ചാല്‍ കടുവ കയറില്ലെന്നും പറഞ്ഞിരുന്നു. അതുകൊണ്ട് എല്ലാവരും അടുത്ത ദിവസമാണ് വന്നത്. കടുവ അന്ന് രാത്രി വന്നെങ്കിലും കൂട്ടില്‍ കയറിയില്ലെന്നാണ് വനംവകുപ്പ് പറഞ്ഞത്. അതിനെ തുടര്‍ന്നാണ് ചെറിയ രീതിയില്‍ വാക്കുതര്‍ക്കമുണ്ടായത്. ഫാം ഉടമ സംഭവസ്ഥലത്ത് പോലുമില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications