വയനാട്ടില്‍ വീണ്ടും കടുവ ഭീതി, പ്രതിഷേധം ശക്തം, കൂട് സ്ഥാപിക്കാന്‍ വനംവകുപ്പിന്റെ അനുമതി
പുല്‍പ്പള്ളി: വയനാട്ടില്‍ വീണ്ടും കടുവ ഭീതി. ടൗണ്‍ പരിസരത്തെ ജനവാസ മേഖലയില്‍ ഇറങ്ങി പശുക്കിടാവിനെ കടുവ കൊന്നതോടെയാണ് നാട്ടുകാര്‍ ആകെ ഭീതിയിലായിരിക്കുന്നത്. കൂട് സ്ഥാപിച്ച് കടുവയെ പിടിക്കണമെന്നാണ് ആവശ്യം. നാട്ടുകാര്‍ ആകെ പ്രതിഷേധത്തിലാണ്. പഞ്ചായത്ത് ഭരണസമിതിയുടെയും, സര്‍വകക്ഷിയുടെയും നേതൃത്വത്തില്‍ ചെതലയം റേഞ്ച് ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു.
രാത്രിയാണ് സമരം അവസാനിപ്പിച്ചത്. അതേസമയം കൂട് സ്ഥാപിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന ശേഷമായിരുന്നു ഉപരോധം ആരംഭിച്ചത്. ജനപ്രതിനിധികളും, രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം ഇതില്‍ അണിനിരന്നിരുന്നു.

കടുവ ഭീഷണി ഉണ്ടായിട്ടും നടപടിക്രമങ്ങള്‍ വൈകുന്നതാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. ക്യാമറ സ്ഥാപിക്കുന്നത് നടക്കുന്നുണ്ടെങ്കിലും, കൂട് സ്ഥാപിക്കാന്‍ കാലതാമസം നേരിടുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഉത്തരവ് ലഭിക്കണമെന്ന നിബന്ധന അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്.
ജില്ലാ തലത്തില്‍ തന്നെ അടിയന്തര സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ സംവിധാനമുണ്ടാക്കണമെന്നാണ് സര്‍വകക്ഷി യോഗം ആവശ്യപ്പെടുന്നത്. അക്രമകാരികളായ മൃഗങ്ങള്‍ നാട്ടില്‍ ജനങ്ങളുടെ ജീവന് ഭീഷണിയാവുമ്പോഴും സാങ്കേതികത്വങ്ങള്‍ പറഞ്ഞ് തുടര്‍ നടപടി വൈകിപ്പിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
അതേസമയം പുല്‍പ്പള്ളി ടൗണില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ജനവാസ കേന്ദ്രത്തിലാണ് കടുവ പശുക്കിടാവിനെ കൊന്നത്. വനത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററില്‍ അധികമുള്ള സ്ഥലത്ത് കടുവയെത്തിയതോടെ ജനം പരിഭ്രാന്തിലായി. കഴിഞ്ഞ ദിവസം വൈകീട്ട് പഴശ്ശിരാജാ കോളേജ് പരിസരത്ത് ചിലര്‍ കടുവയെ കണ്ടിരുന്നു.
മങ്ങിയ വെളിച്ചത്തില്‍ ഇത് നായയാണെന്നാണ് കരുതിയത്. നേരത്തെ പഴശ്ശിരാജാ മേഖലയില്‍ അടക്കം വലിയ രീതിയില്‍ കടുവ ശല്യമുണ്ടായിരുന്നു. വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്ന കടുവ ഗ്രാമങ്ങള്‍ മാറിയാണ് സഞ്ചരിച്ചിരുന്നത്. വനപാലകര്‍ പലവട്ടം കാടിളക്കി പരിശോധന നടത്തിയെങ്കിലും കടുവ ഗ്രാമം മാറി സഞ്ചരിക്കുകയായിരുന്നു.












Click it and Unblock the Notifications