ദുരന്തം തകര്‍ത്ത മുണ്ടക്കൈയിലെ സ്‌കൂളിലേക്ക് കുട്ടികളുടെ പ്രിയ അധ്യാപകരെത്തി; മന്ത്രി വാക്കുപാലിച്ചു
കല്‍പ്പറ്റ: ദുരന്തം തകര്‍ത്ത വയനാട്ടിലെ മുണ്ടക്കൈ സ്‌കൂളിലേക്ക് ശാലിനി ടീച്ചറും അശ്വതി ടീച്ചറും തിരികെയെത്തി. മുറിവേറ്റ മനസ്സുകളെ സാന്ത്വനപ്പെടുത്താന്‍ ഇനി അവരും കുട്ടികള്‍ക്കൊപ്പമുണ്ടാവും. ഇരുവരും നേരത്തെ ഈ സ്‌കൂളില്‍ നിന്ന് സ്ഥലം മാറിപോയിരുന്നു. മീനങ്ങാടി, മേപ്പാടി സ്‌കൂളുകളിലേക്കാണ് ഇവര്‍ സ്ഥലം മാറിപ്പോയത്.
എന്നാല്‍ ദുരന്തത്തിന്റെ വലിയ മുറിവ് മനസ്സിലുള്ള കുരുന്നുകള്‍ അധ്യാപകരുടെ സ്ഥലം മാറ്റം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരുന്നില്ല. ഇരുവരെയും തിരികെ കൊണ്ടുവരണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ട് അധ്യാപകരെയും മുണ്ടക്കൈ സ്‌കൂളില്‍ തന്നെ വീണ്ടും നിയമിച്ചത്.

അപൂര്‍വമായ നടപടിക്ക് കൂടിയാണ് ഇത് വഴിവെച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോടുള്ള സ്‌നേഹം കണ്ടില്ലെന്ന് നടിക്കാന്‍ അധികൃതര്‍ക്ക് സാധിക്കില്ലായിരുന്നു. 2022 മുതല്‍ മുണ്ടക്കൈ സ്‌കൂളിലെ അധ്യാപകരാണ് അശ്വതിയും ശാലിനി തങ്കച്ചനും. കുട്ടികള്‍ക്കെല്ലാം ഇവര്‍ വളരെ പ്രിയപ്പെട്ടവരാണ്. വെറും രണ്ട് വര്‍ഷങ്ങളുടെ ഇടവേളയിലാണ് ഇവര്‍ കുട്ടികളുടെ മനം തകര്‍ന്നത്.
കുട്ടികളുടെയെല്ലാം പ്രിയ അധ്യാപകരായിരുന്നു ഇരുവരും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അതേ യൂണിഫോമില്‍ സ്‌കൂളിലെത്തി ഗ്രൗണ്ട് സൈക്കിള്‍ ചവിടുന്ന ശാലിനിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. കുട്ടികളില്‍ ഒരാളാണ് അധ്യാപകരെന്ന തോന്നല്‍ ഇരുവരുമുണ്ടാക്കിയിരുന്നു.
അത്രത്തോളം ജനപ്രീതി നേടിയ രണ്ട് അധ്യാപകരില്ലാതെ കുട്ടികള്‍ എങ്ങനെയാണ് ദുരന്തത്തെ അതിജീവിച്ച ഈ ഘട്ടത്തില്‍ സ്‌കൂളിലെത്തുക. മാസങ്ങള്‍ക്ക് മുമ്പാണ് അശ്വതി ടീച്ചറെ മേപ്പാടി ഗവ എല്‍പി സ്‌കൂളിലേക്കും ശാലിനിയെ മീനങ്ങാടി എല്‍പി സ്‌കൂളിലേക്കും മാറ്റിയത്. ഉരുള്‍പ്പൊട്ടലുണ്ടായി സ്‌കൂള്‍ ഇല്ലാതായപ്പോള്‍ കുട്ടികളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു രണ്ട് പ്രിയ അധ്യാപകരെയും തിരികെ എത്തിക്കണമെന്ന കാര്യം.
പ്രവേശനോത്സവ ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി കുട്ടികളുടെ ആഗ്രഹപ്രകാരം രണ്ടുപേരെയും തിരികെ എത്തിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. ഇതോടെ രണ്ട് അധ്യാപകരും മടങ്ങിയെത്താന്‍ വഴിയൊരുങ്ങുകയായിരുന്നു.












Click it and Unblock the Notifications