'വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രയോഗം ഇവിടെ നടപ്പാക്കുന്നു'; സുൽത്താൻ ബത്തേരിയുടെ പേര് മാറ്റത്തിൽ ആനി രാജ
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന ബിജെപി അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രന്റെ പ്രഖ്യാപനത്തിൽ കടുത്ത വിമർശനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ. സുരേന്ദ്രൻ ജയിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ ഉത്തരേന്ത്യയിലെ വർഗീയ വിദ്വേഷ പ്രയോഗങ്ങൾ ഇവിടെയും നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന സിപിഐ നേതാവ് ആരോപിച്ചു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് പത്ത് വോട്ട് നേടുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും ആനി രാജ ചൂണ്ടിക്കാട്ടി. ജനകീയ വിഷയങ്ങളിലൊന്നും സുരേന്ദ്രൻ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ ആനി രാജ ഇത്തരം പ്രസ്‌താവനകളിലൂടെ ജനശ്രദ്ധ നേടാനാണ് ശ്രമമെന്നും തുറന്നടിച്ചു. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ എൽഡിഎഫിന് വേണ്ടി ആനി രാജയും എൻഡിഎക്കായി സുരേന്ദ്രനുമാണ് രംഗത്തിറങ്ങുന്നത്.

വയനാടിന്റെ മണ്ണിൽ വിഷം കലർത്താൻ ശ്രമിക്കേണ്ടെന്നും ആനി രാജ പറയുകയുണ്ടായി. എല്ലാ വിഭാഗങ്ങളും ഇടകലർന്ന് ജീവിക്കുന്ന, സാഹോദര്യം നിലനിൽക്കുന്ന മണ്ഡലമാണിത്. അവിടേക്കാണ് വിഷം കലർത്താൻ ശ്രമിക്കുന്നതെന്ന് പറഞ്ഞ ആനി രാജ വയനാട്ടിലെ ജനങ്ങൾ അത് അനുവദിക്കില്ലെന്നും വ്യക്തമാക്കുകയുണ്ടായി.
അതേസമയം, കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കെ സുരേന്ദ്രൻ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിന് തുടക്കമിട്ടത്. സുൽത്താൻ ബത്തേരിയുടെ ശരിക്കുമുള്ള പേര് ഗണപതി വട്ടം ആണെന്നും ക്ഷേത്രത്തിന് പേര് ഉൾപ്പെടെ ചൂണ്ടിക്കാട്ടി സുരേന്ദ്രൻ പറഞ്ഞിരുന്നു.
താൻ ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന വാഗ്‌ദാനം നൽകാനും സുരേന്ദ്രൻ മടിച്ചില്ല. കൂടാതെ ടിപ്പു സുൽത്താന്റെ പേര് ഈ സ്ഥലത്തിന് നൽകേണ്ടത് എന്ത് ആവശ്യത്തിനാണെന്ന ചോദ്യവും ബിജെപി സംസ്ഥാന അധ്യക്ഷൻ ഉയർത്തുകയുണ്ടായി. എന്ത് സംഭാവനയാണ് ടിപ്പു സുൽത്താൻ കേരളത്തിന് നൽകിയതെന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം.
ടിപ്പു സുൽത്താൻ മലയാളികളെ ആക്രമിച്ച ആളാണ്. ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതം മാറ്റിയ ആളാണ്. പഴശ്ശിരാജയും അദ്ദേഹത്തിന്റെ പടയാളികളും ടിപ്പുവിനെതിരെ പൊരുതുകയായിരുന്നു. അധിനിവേശ ശക്തികൾക്ക് എതിരെ പൊരുതിയ വലിയ ചരിത്രമാണ് ഇവിടത്തിനുള്ളതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ സുരേന്ദ്രന്റെ പ്രസ്‌താവന വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കന്മാരും സാഹിത്യകാരന്മാരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽപ്പെട്ട ആളുകൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ വിവാദത്തിലൂടെ ഒരു ആളനക്കം സൃഷ്‌ടിക്കുക എന്ന ബിജെപിയുടെ തന്ത്രമാണ് ഇവിടെ വിജയിച്ചതെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications