വയനാട്ടിൽ പുല്ലരിയാൻ പോയ ആളെ പുഴയിൽ കാണാതായി; ഏതോ ഒരു ജീവി വലിച്ചുകൊണ്ടുപോയെന്ന് ഭാര്യ
മീനങ്ങാടി: പുല്ലരിയാൻ പോയ ആളെ പുഴയിൽ കാണാതായി. മീനങ്ങാടി മുരണി കുണ്ടുവയലിലെ കീഴാനിക്കൽ സുരേന്ദ്രനെ(55) ആണ് കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീടിന് പിറക് വശത്ത് അല്പം മാറി പുല്ലരിയാൻ പോയതായിരുന്നു സുരേന്ദ്രൻ. ഭാര്യ അന്വേഷിച്ച് ചെന്നപ്പോൾ ഏതോ ജീവി സുരേന്ദ്രനെ വലിച്ചുകൊണ്ടുപോകുന്നതായി കണ്ടതായി ഭാര്യ ഷൈല പറഞ്ഞു.
മുതലയാണോ സുരേന്ദ്രനെ ആക്രമിച്ചത്. പുല്ലരിഞ്ഞ് വെച്ചതിന് സമീപത്ത് വലിച്ചുകൊണ്ടുപോയ പാടുണ്ട്. സുരേന്ദ്രന്റെ ഷൂസും തോർത്തും പുഴയ്ക്കരികിൽ ഉണ്ടായിരുന്നു. അഗ്നിരക്ഷാ സേന, പോലീസ്, എൻ ഡി ആർ എഫ്, പൾസ് എമർജൻസി ടീം, തുർക്കി ജീവൻ രക്ഷാ സമിതി എന്നിവർ പ്രദേശത്ത് തിരച്ചൽ നടത്തിയെങ്കിലും സുരേന്ദ്രനെ കണ്ടെത്താനായില്ല.

കാരപ്പുഴ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് നിർത്തിവെച്ചശേഷമാണ് തിരച്ചൽ ആരംഭിച്ചത്. പ്രതികൂീല സാഹചര്യത്തെ തുടർന്ന് വൈകീട്ടോടെ തിരച്ചിൽ നിർത്തി. ഇന്ന് വീണ്ടും തിരച്ചിൽ നടത്തും. എന്താണ് സംഭവിച്ചത് എന്നറിയാതെ ആകെ അമ്പരപ്പിലാണ് ഇവിടെ ഉള്ളവർ.
മുതല കൊണ്ടുപോയി എന്ന വിവരം അറിഞ്ഞാണ് പലരും പുഴക്കരയിലേക്ക് എത്തിയത്. അതേസമയം പുഴയിൽ എത്ര നീരൊഴുക്ക് ഉണ്ടെങ്കിലും പുഴയിൽ ഇറങ്ങി പരിചയമുള്ള സുരേന്ദ്രൻ ഈ വെള്ളത്തിൽ അപകടത്തിൽ പെടുമെന്ന് ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. മണിക്കൂറുകളോളം തിരിച്ചിൽ നടത്തിയിട്ടും സുരേന്ദ്രനെ കണ്ടെത്താൻ സാധിക്കാത്തതിലുള്ള ആശങ്ക എല്ലാവർക്കും ഉണ്ട്.
കാരപ്പുഴ അണക്കെട്ടിൽ നിന്ന് തുറന്നുവിട്ട വെള്ളത്തിൽ മുതലയുണ്ടോ എന്ന സംശയംവും ഉയർന്നിട്ടുണ്ട്. കാരപ്പുഴയിൽ നിന്ന് ഉള്ള ജലം ഒഴുകിയെത്തുന്നത് പനമരം പുഴയിലാണ്. പനമരം പുഴയിൽ പലതവണ മുതലയെ കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു മുതല കാരാപ്പുഴ അണക്കെട്ടിന് മുകളിൽ എത്തിയിരുന്നു. ഈ മുതലയെ പിടിച്ചുകൊണ്ടുപോയി.
ഇതിന് പിന്നാലെ റിസർവോയറിന് താഴെ 2 മുതലകളെ കണ്ടിരുന്നു. അതുകൊണ്ട് തന്നെ പുഴയിൽ മുതലയുണ്ടോ എന്ന സംശയം ബലപ്പടുന്നുണ്ട്. ആരോഗ്യവാനായ സുരേന്ദ്രനെ 20 മീറ്ററോളം വലിച്ചുകൊണ്ട് പോകണമെങ്കിൽ ശക്തിയുള്ള ഏതോ ജീവി ആയിരിക്കണം എന്നാണ് ബന്ധുവായ ഷാജി പറഞ്ഞത്. വെളിച്ചക്കുറവും ശക്തമായ മഴയും കാരണം ആണ് കഴിഞ്ഞ ദിവസം ആറരയോടെ തിരച്ചിൽ അവസാനിപ്പിച്ചത്.












Click it and Unblock the Notifications