വയനാട്ടില്‍ 7367 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം
Recommended Video

കല്‍പ്പറ്റ: മഴ കുറഞ്ഞിട്ടും വയനാട്ടിലെ വെള്ളത്തിനടിയിലായ പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും ദുരിതത്തില്‍. 111 ദുരിതാശ്വാസ ക്യാമ്പുകളിലായി 1873 കുടുംബങ്ങളില്‍ നിന്നും 7367 പേരാണ് നിലവില്‍ ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. ക്യാമ്പുകളിലെ സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് പെട്ടന്നെത്തിയ വെള്ളത്തില്‍ എല്ലാ അവശ്യസാധനങ്ങളും നഷ്ടമായി. പോയതെല്ലാം എങ്ങനെ തിരികെലഭിക്കുമെന്ന ആശങ്കയിലാണ് പലരും.
അതേസമയം, ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മഴക്കാല കെടുതികളെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാവികസേന, ദേശീയ ദുരന്ത നിവാരണ സേന, ആര്‍മി ഡിഫന്‍സ് സെക്യുരിറ്റി ഫോഴ്‌സ്, കുടാതെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീം പൊലിസ് തുടങ്ങിയവര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ജില്ലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പുതുശ്ശേരിക്കടവ് അടക്കമുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നിരവധി പേര്‍ ഒറ്റപ്പെട്ടുകഴിയുന്നുണ്ട്.

ആദ്യഘട്ടത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന സ്ഥലങ്ങളിലെത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാണ് സേന പ്രാധാന്യം നല്‍കുന്നത്. കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട്, പയ്യമ്പള്ളി പഞ്ചായത്തിലെ ബാവലി, പാല്‍വെളിച്ചം, താനിക്കല്‍, പനമരം പഞ്ചായത്തിലെ നീര്‍വാരം തുടങ്ങിയ സ്ഥലങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇവിടെയാണ് സേനയുടെ ആദ്യഘട്ട പ്രവര്‍ത്തനം. തുടര്‍ന്ന് പൊഴുതന പഞ്ചായത്തിലെ കുറിച്ചര്‍മല, പൊഴുതന റോഡ്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല, വാളാട് പഞ്ചായത്തിലെ വാളാട്, പെരിയ പഞ്ചായത്തിലെ വാളാട് തുടങ്ങിയവിടങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കും. അപകടാവസ്ഥ നിലനില്‍ക്കുന്ന ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും സേനയുടെ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ഏഴിമല, കൊച്ചി എന്നിവടങ്ങളില്‍ നിന്നുമുള്ള നാവികസേനയും ചെന്നൈയില്‍ നിന്നുമുള്ള ദേശീയ ദുരന്ത നിവാരണ സേനയും കണ്ണൂരില്‍ നിന്നുമുള്ള ആര്‍മിയുടെ ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സുമാണ് ജില്ലയിലെത്തിയിരിക്കുന്നത്.












Click it and Unblock the Notifications