മൂന്ന് ജില്ലകളുടെ സംഗമം, എണ്ണമറ്റ ടൂറിസം കേന്ദ്രങ്ങൾ; വയനാട് ലോക്‌സഭാ മണ്ഡലം പൊളിയല്ലേ? പ്രത്യേകത അറിയാം
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. കേരളത്തിലെ 20 സീറ്റുകളിലും മികച്ച മത്സരം തന്നെ നടക്കുമെന്നാണ് പ്രതീക്ഷ. ഇക്കുറിയും കേരളത്തിൽ നിന്ന് ദേശീയ ശ്രദ്ധ നേടാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് വയനാട്. പേര് പോലെ വയനാട് ജില്ലയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചെറിയൊരു മണ്ഡലമല്ല ഇത്. പതിനഞ്ച് ലക്ഷത്തോളം വോട്ടർമാരെ ഉൾക്കൊള്ളുന്ന മൂന്ന് ജില്ലകളിലെ ഇടങ്ങൾ ഉൾക്കൊള്ളുന്ന ഇവിടത്തെ കുറിച്ച് അറിയേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ഇവയൊക്കെയാണ്.
വയനാട് മണ്ഡലം: ഭൂപ്രകൃതി
നേരത്തെ സൂചിപ്പിച്ചത് പോലെ വയനാട് മണ്ഡലം കേവലം വയനാട് ജില്ലയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കൂടി ഇതിന്റെ സാന്നിധ്യമുണ്ട്. അതായത് ഈ മണ്ഡലത്തിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. അതിൽ മൂന്നെണ്ണം വയനാട്ടിൽ നിന്നുള്ളതാണ്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നിവയാണ് ഈ മണ്ഡലങ്ങൾ.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള തിരുവമ്പാടി മണ്ഡലവും വയനാടിന്റെ തന്നെ ഭാഗമാണ്. കൂടാതെ മലപ്പുറം ജില്ലയിലുള്ള നിലമ്പൂർ, ഏറനാട്, വണ്ടൂർ എന്നീ മണ്ഡലങ്ങൾ ഇതിന്റെ കൂടെയാണ്. ഈ പറഞ്ഞവയിൽ ഭൂരിഭാഗവും മലയോര മേഖകളാണ്. പശ്ചിമഘട്ടത്തിന്റെ മുഴുവൻ സൗന്ദര്യവും പേറുന്ന വയനാട് മണ്ഡലത്തിനെ വ്യത്യസ്‌തമാക്കുന്നതും ഈ ഘടകങ്ങൾ ഒക്കെ തന്നെയാണ്.
ടൂറിസവും കൃഷിയും
വയനാടിന്റെ ഏറ്റവും വലിയ ഉപജീവന മാർഗങ്ങൾ ടൂറിസവും കൃഷിയും തന്നെയാണ്. കാപ്പി, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ പ്രധാന ഉത്പാദന കേന്ദ്രമാണ് വയനാട്. മണ്ഡലത്തിൽ ഉൾപ്പെടെ നിലമ്പൂർ, തിരുവമ്പാടി മണ്ഡലങ്ങളും ഏറെക്കുറെ സമാനമായ ഭൂപ്രകൃതിയും സാഹചര്യങ്ങളും തന്നെ ഉള്ളവയാണ്. അനുദിനം വളരുന്ന ടൂറിസം മേഖല തന്നെയാണ് ഇവിടുത്തെ സവിശേഷത.
ബാണാസുര സാഗർ അണക്കെട്ട്, ചെമ്പ്ര കൊടുമുടി, കുറുവ ദ്വീപ്, എടക്കൽ ഗുഹകൾ, ചെയിൻ ട്രീ, പൂക്കോട് തടാകം, തോൽപ്പെട്ടി വന്യജീവി സങ്കേതം, ബാംബൂ ഫാക്ടറി, വയനാട് വന്യജീവി സങ്കേതം, സൂചിപ്പാറ വെള്ളച്ചാട്ടം, ഫാൻ്റം റോക്ക് തുടങ്ങി ഒട്ടനേകം സവിശേഷമായ ടൂറിസം കേന്ദ്രങ്ങളുടെ ഭൂമിയായ വയനാട് ഇക്കാര്യത്തിൽ കേരളത്തിലെ മറ്റേത് മണ്ഡലത്തെക്കാളും ഒട്ടും പിറകിലല്ല.
വോട്ടർമാർ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ 13,59,679 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 6,74,807 പുരുഷന്മാരും 6,84,871 സ്ത്രീകളുമാണുള്ളത്. ഇവിടെ ഒരു വോട്ടർ മാത്രമാണ് ഭിന്ന ലിംഗത്തിൽപെട്ടത്. മണ്ഡലത്തിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാർ കൂടുതലായിരുന്നു.
മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം
ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് വയനാട്ടിൽ ഉള്ളതെന്ന് നേരത്തെ പറഞ്ഞല്ലോ. അതിൽ കൂടുതലും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന്റെ കൈവശമാണ് ഉള്ളത്. സുൽത്താൻബത്തേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഐസി ബാലകൃഷ്‌ണനാണ്. കൽപറ്റയിൽ കോൺഗ്രസിന്റെ ടി സിദ്ദിഖ് ആണ് എംഎൽഎ.
വണ്ടൂരിൽ കോൺഗ്രസിന്റെ തന്നെ എപി അനിൽകുമാറും, മുസ്ലീം ലീഗിന്റെ പികെ ബഷീറും ഉൾപ്പെടെ നാല് എംഎൽഎമാർ യുഡിഎഫിനൊപ്പമാണ്. മാനന്തവാടിയിൽ ഒആർ കേളുവും, തിരുവാനമ്പാടിയിൽ ലിന്റോ ജോസഫും, നിലമ്പൂരിൽ ഇടതുപക്ഷ സ്വതന്ത്രനായി പിവി അൻവറും ഉൾപ്പെടെ എൽഡിഎഫിന്റെ അംഗസംഖ്യ മൂന്നാണ്.
സിറ്റിങ് എംപി രാഹുൽ ഗാന്ധി
എന്നാൽ എല്ലാ കണക്കുകളെയും മറികടക്കുന്ന ഭൂരിപക്ഷമാണ് നിലവിലെ എംപിയായ രാഹുൽ ഗാന്ധി കഴിഞ്ഞ വർഷം നേടിയത്. 706,367 വോട്ടുകളാണ് രാഹുൽ ഈ മണ്ഡലത്തിൽ നിന്ന് സ്വന്തമാക്കിയത്. നാല് ലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിന് കിട്ടിയത്. ഇക്കുറി ആര് മത്സരിക്കുമെന്ന് കാര്യത്തിൽ യുഡിഎഫിൽ തീരുമാനം ആയിട്ടില്ലെങ്കിലും, എൽഡിഎഫിന് വേണ്ടി സിപിഐ നേതാവ് ആനി രാജ കളത്തിൽ ഇറങ്ങും.












Click it and Unblock the Notifications