പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് ശുപാര്‍ശ, ഭാര്യക്ക് ജോലി നല്‍കും; പ്രതിഷേധം ശക്തം
കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനം. പുല്‍പ്പള്ളി പഞ്ചായത്തില്‍ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. കടുത്ത പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടക്കുന്നത്. ഇതിനിടെയാണ് തീരുമാനമുണ്ടായത്.
ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം രൂപ അടക്കം പതിനൊന്ന് ലക്ഷം രൂപ ഉടന്‍ നല്‍കാനും തീരുമാനിച്ചു. അതേസമയം പുല്‍പ്പള്ളിയിലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. വനംവകുപ്പിനെ അടക്കം പ്രതിഷേധക്കാര്‍ തടഞ്ഞു. പുല്‍പ്പള്ളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചു വിട്ടു. വാഹനത്തില്‍ മുകളില്‍ വനംവകുപ്പിന് റീത്തും വെച്ചു. ജീപ്പിന്റെ റൂഫും വലിച്ച് കീറി. പോലീസ് വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു. കേണിച്ചിറയില്‍ കടുവ പിടിച്ച പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിന് മുകളിലാണ് പ്രതിഷേധക്കാര്‍ കെട്ടിവെച്ചത്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും വരെയുണ്ടായി.
പോളിന്റെ കുടുംബത്തിന് അര്‍ഹമായ കാര്യങ്ങള്‍ ലഭിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ശുപാര്‍ശയല്ല ഉറപ്പാണ് വേണ്ടെന്നും ഇവര്‍ പറഞ്ഞു. അതേസമയം എംഎല്‍എമാര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും ജനം ഇവര്‍ക്ക് നേരെ കുപ്പിയെറിഞ്ഞു. തടയാനെത്തിയ പോലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു. ഇതോടെ പോലീസ് ലത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.
കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊലപ്പെട്ടത്. ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ പോള്‍ കമിഴ്ന്ന് വീഴുകയായിരുന്നു. പിന്നാലെ വന്ന കാട്ടാന നെഞ്ചില്‍ ചവിട്ടുകയായിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. സ്ഥലത്തെത്തിയ ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെയും ഒരു വിഭാഗം പ്രതിഷേധിച്ചു. നേതാക്കളെ കൂക്കിവിളിച്ചു. പ്രതിഷേധം യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ തിരിക്കാന്‍ രാഷ്ട്രീയക്കളി ഉണ്ടെന്ന് ടി സിദ്ദിഖ് ആരോപിച്ചു.












Click it and Unblock the Notifications