വീടുകള്‍ തകര്‍ത്തു, പാടിമുറികള്‍ തകര്‍ത്തു, വയനാട്ടില്‍ താണ്ഡവമാടി കാട്ടാനകള്‍
കല്‍പ്പറ്റ: പുല്‍പ്പള്ളി ആലൂര്‍കുന്ന് ആദിവാസി കോളനിയില്‍ കാട്ടാന ആക്രമണം. ഇവിടെയുള്ള ഏഴോളം വീടുകള്‍ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. കോളനി മുറ്റത്തെ ജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകളും കാട്ടാനകള്‍ തകര്‍ത്തു.
വയനാട്ടില്‍ പലയിടത്തും ഇടതടവില്ലാതെ കാട്ടാനയും കടുവയുമെല്ലാം ഇറങ്ങുന്നുണ്ട്. ജനജീവിതമാണ് ഏറ്റവും ദുസ്സഹമായിരിക്കുന്നത്. കോളനിയോട് ചേര്‍ന്ന് ഇവിടെ വനമേഖലയാണ്. അവിടെ നിന്നാണ് രണ്ട് കാട്ടാനകള്‍ എത്തിയത്.

ഇവ കോളനിയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കിത്. വീടുകളോട് ചേര്‍ന്നുള്ള ഷെഡുകളാണ് തകര്‍ത്തത്. ഇവിടെ വന്യമൃഗങ്ങളെ നേരിടാനുള്ള സംവിധാനങ്ങളെല്ലാം നിലച്ച അവസ്ഥയിലാണ്.
അതേസമയം അട്ടമലയിലും കാട്ടാന രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഇവിടെ പാടിമുറി തകര്‍ത്തായിരുന്നു കാട്ടാനയുടെ വിളയാട്ടം. കാട്ടാന വന്ന സമയത്ത് പാടികളില്‍ ആളില്ലായിരുന്നു. അതുകൊണ്ട് സമീപത്തെ പാടികളില്‍ താമസിക്കുന്ന തൊഴിലാളികള്‍ ബഹളം വെച്ചത് കൊണ്ടാണ് കാട്ടാനയെ തുരത്താന്‍ സാധിച്ചത്.
വനംവകുപ്പധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. നേരത്തെ മുണ്ടക്കൈ ഡിവിഷനിലെ ഒന്നിലധികം പാടി മുറികളും കാട്ടാന തകര്‍ത്തിരുന്നു. കാട് ഉണങ്ങി കരിഞ്ഞതോടെ ഭക്ഷണവം വെള്ളവും തേടി കാട്ടാനകളുടെ പലയാനവും ആരംഭിച്ചിരിക്കുകയാണ്. മുതുമല കടുവ സങ്കേതത്തിലെ മഴ നിഴല്‍ കാടുകളില്‍ നിന്നും കാട്ടാനകള്‍ വനത്തിലെ നിത്യഹരിത മേഖലകളിലേക്കാണ് പലായനം നടത്തുന്നത്.












Click it and Unblock the Notifications