മയക്കുവെടി വെച്ച് പിടിച്ച ആനയെ മുതുമല വനത്തില്‍ തുറന്നുവിട്ടു
ഗൂഡല്ലൂര്‍: വീട് തകര്‍ത്ത് വയോധികയെ കൊലപ്പെടുത്തിയ അക്രമകാരിയായ കാട്ടാനയെ മയക്കുവെടി പിടിച്ച ശേഷം, കഴിഞ്ഞദിവസം മുതുമല കടുവാ സങ്കേതത്തിലെ സിഗൂര്‍ വനത്തില്‍ തുറന്നുവിട്ടു. ഗൂഡല്ലൂര്‍ മേഖലയെ ഒന്നാകെ വിറപ്പിച്ചിരുന്ന ഈ ആനയെ ദിവസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ദൗത്യ സംഘം പിടിച്ചത്.
പുളിയമ്പാറ കാപ്പിക്കാട് വനത്തില്‍ വെച്ചായിരുന്നു മയക്കുവെടി വെച്ചത്. പിഎം 2 അഥവാ അരിസിരാജ എന്നാണ് ഈ മോഴയാന അറിയപ്പെട്ടിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് ഇതിനെ തുറന്നുവിട്ടത്. അതേസമയം നാട്ടുകാര്‍ക്കുള്ള ഭയം ഇപ്പോഴും മാറിയിട്ടില്ല. ഇത് തിരിച്ചെത്തുമെന്നാണ് ഭയം.

അതേസമയം കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചാണ് ആനയെ വനത്തില്‍ ഇറക്കിവിട്ടിരിക്കുന്നത്. ഇവ തിരിച്ചെത്തുന്നുണ്ടോയെന്നാണ് വനംവകുപ്പ് നിരീക്ഷിക്കുക. ആനയുടെ ഓരോ നീക്കങ്ങളും വനംവകുപ്പിന് ഇനി നിരീക്ഷിക്കാന്‍ സാധിക്കും.
മയക്കുവെടിയേറ്റ് മയങ്ങിയ ആനയ്ക്ക് ഇന്നലെ വൈകീട്ടോടെയാണ് ആലസ്യം വിട്ടത്. സാധാരണ നിലയിലേക്ക് മാറിയതായി വനംവകുപ്പും അറിയിച്ചു. ഈ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. വീട് തകര്‍ത്തായിരുന്നു വീട്ടമ്മയെ കൊലപ്പെടുത്തിയത്. ഇതോടെയാണ് മയക്കുവെടി വെച്ച് പിടിക്കാന്‍ വൈല്‍ഡ് ലൈഫ് ഗാര്‍ഡന്‍ ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസം മയക്കുവെടി വെച്ച് മയങ്ങിയ ആനയെ ലോറിയില്‍ കയറ്റാനായി ജെസിബി അടക്കം കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് റോഡ് നിര്‍മിച്ചാണ് മുതുമല വനത്തിലേക്ക് കൊണ്ടുപോയത്. നേരത്തെ ആനയെ നിരീക്ഷിക്കുന്നതിനിടെ വൈല്‍ഡ് ലൈഫ് ഗാര്‍ഡനെയും ആന ആക്രമിക്കാനെത്തിയിരുന്നു. ഇയാള്‍ക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തു.
ഈ മാസം വിറക് ശേഖരിക്കാന്‍ പോയ സ്ത്രീയെയും ഈ കാട്ടാന കൊലപ്പെടുത്തിയിരുന്നു. മനുഷ്യരുടെ നേരെ ചീറിയടുക്കുന്നതാണ് ഈ കാട്ടാനയുടെ രീതി. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ഒരു തൊഴിലാളിക്കും പരിക്കേറ്റിരുന്നു. ടാന്‍ടീയിലെ വീടുകളിലേക്ക് കുടിവെള്ളം വരുന്ന പൈപ്പ് ലൈന്‍ നന്നാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഈ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനായി ശ്രമിക്കുന്നതിനിടയില്‍ ടാന്‍ടീയിലെ തൊഴിലാളിയുടെ വീടും തകര്‍ത്തിരുന്നു.രാത്രി ഒരു മണിയോടെയായിരുന്നു ആക്രമണം. ഇയാളുടെ കുടുംബം ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ഓടി രക്ഷപ്പെട്ടത്. ഇവര്‍ അടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. വീടിന്റെ മുന്‍വശം പൂര്‍ണമായും ആന തകര്‍ത്തു. ഇവിടെയുണ്ടായിരുന്ന അരിയും തിന്നു.












Click it and Unblock the Notifications