പന്തല്ലൂര്‍ നഗരത്തില്‍ താവളമടിച്ച് കാട്ടാന, വ്യാപാക നാശനഷ്ടം, വനംവകുപ്പിന് വീണ്ടും തലവേദന
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ശല്യമേറുന്നു. പന്തല്ലൂര്‍ നഗരത്തിലും സമീപ പ്രദേശത്തുമെല്ലാം കാട്ടാന നാശം വിതച്ചിരിക്കുകയാണ്. നഗരത്തില്‍ സ്ഥിരമായി ഒറ്റയാന്‍ ഇറങ്ങാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നഗരത്തിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഗേറ്റ് കാട്ടാന തകര്‍ത്ത് ഉള്ളില്‍ കടന്ന് നാശനഷ്ടമുണ്ടാക്കി.

ഇതോടെ നാട്ടുകാര്‍ ഭയത്തിലാണ്. ഗ്ലെന്റോക്ക് വനത്തില്‍ നിന്നും ഇറങങുന്ന കാട്ടാന കഴിഞ്ഞ രണ്ട് ദിവസമായി പന്തല്ലൂര്‍ നഗരത്തിലാണ് താവളമുറപ്പിച്ചിരിക്കുന്നത്.
പന്തല്ലൂര്‍ താലൂക്ക് ആശുപത്രി, കോടതി, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവ കാട്ടാന നശിപ്പിച്ചു. വനത്തിലേക്ക് കാട്ടാനയെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ കാട്ടാനയെ നിരീക്ഷിക്കുകയാണെന്ന് വനംവകുപ്പ് പറയുന്നു. അതേസമയം തിരുനെല്ലിയിലും കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്.
തിരുനെല്ലി പഞ്ചായത്തില്‍ കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്ന് തന്നെ വന്യ മൃഗങ്ങളെ പേടിച്ച് പിന്മാറുകയാണ്. ആലത്തൂരില്‍ വയലില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം ഞാറ് ചവിട്ടി നശിപ്പിച്ചിരിക്കുകയാണ്. വിള ഇറക്കാന്‍ പോലും ഇനി വിത്തില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
കുറുവയില്‍ നിന്ന് പുഴ നീന്തി വരുന്ന ആനകള്‍ പാല്‍വെളിച്ചം ഭാഗത്തും വ്യാപക നാശനഷ്ടമാണ് വരുത്തുന്നത്. ഇതിനിടെ കടുവാഭീതിയിലായിരിക്കുകയാണ് മീനങ്ങാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍. പലയിടത്തും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കടുവ കൊന്ന കാട്ടുപന്നിയുടെ ജഡം ആവയലില്‍ കണ്ടെത്തിയിരുന്നു.
ഇവിടെ താമസിച്ചിരുന്നവര്‍ രാത്രി ശബ്ദം കേട്ട് വീടിന്റെ പുറത്തിറങ്ങിയപ്പോഴാണ് കടുവ പന്നിയെ ആക്രമിക്കുന്നത് കണ്ടത്. കടുവയുടെ സാന്നിധ്യം സ്ഥിരമായിട്ടും വനംവകുപ്പ് കാര്യമായ നടപടി എടുക്കുന്നില്ലെന്നും ജനങ്ങളെല്ലാം ഭീതിയിലാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ആളുകളൊന്നും ഇരുട്ടുന്നത് വരെ കാത്തിരിക്കാതെ വീട്ടിലേക്ക് മടങ്ങുകയാണ് ഈ മേഖലയില്‍. നാട്ടുകാരും വനംവകുപ്പും തമ്മില്‍ വാക്കേറ്റവും ഇതിനിടെയുണ്ടായി. കടുവാ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ കവലകളില്‍ നിന്ന് അടക്കം ആളൊഴിഞ്ഞ് പോവുകയാണ്.
ജോലിക്കും പഠനത്തിനുമായി പോയി വൈകിയെത്തുന്നവരും, രാവിലെ നേരത്തെ പോകേണ്ടവരുമാണ് വലിയ ഭീതിയിലുള്ളത്. പന്ത്രണ്ട് ദിവസങ്ങള്‍ മുമ്പ് മൈലമ്പാടിയില്‍ പുല്ലുമേയാനായി കെട്ടിയിട്ട പശുവിനെയും കടുവ ആക്രമിച്ചിരുന്നു. നേരത്തെ സമീപത്ത് സ്ഥാപിച്ച ഒരു ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു.












Click it and Unblock the Notifications