കാടിളക്കി വന്ന് കാട്ടാനക്കൂട്ടം, ജനവാസ മേഖലയിലെത്തി; ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റ് കുടുങ്ങി
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം. കഴിഞ്ഞ ദിവസം കാടിറങ്ങി ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം വീണ്ടുമെത്തി. പുല്‍പ്പള്ളിയിലായിരുന്നു ഇവര്‍ എത്തിയത്. എന്നാല്‍ വന്യമൃഗ പ്രതിരോധത്തിനുള്ള വനാതിര്‍ത്തിയിലെ ഫെന്‍സിംഗ് ഓണാക്കിയതോടെ തിരികെ കാടുകയറാനാവാതെ കുടുങ്ങുകയും ചെയ്തു.
വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് കര്‍ണാടക വനമേഖലയില്‍ നിന്ന് വലിയൊരു കാട്ടാനക്കൂട്ടം പുല്‍പ്പള്ളി മേഖലയിലെ വിലങ്ങാടി ഭാഗത്തെത്തിയത്. പുഴകടന്നായിരുന്നു ആനക്കൂട്ടം ചേകാടി മേഖലയിലേക്ക് എത്തിയത്. അതേസമയം ആനക്കൂട്ടം കൃഷിയിടത്തില്‍ ഇറങ്ങിയ കാര്യം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. അതാണ് ഇവയെ ജനവാസ മേഖലയില്‍ തന്നെ കുടുക്കാന്‍ കാരണം.

നാട്ടുകാര്‍ കാട്ടാനക്കൂട്ടം എത്തിയത് അറിയാതെ വനാതിര്‍ത്തിയിലുള്ള ഫെന്‍സിംഗ് ഓണാക്കുകയായിരുന്നു. അതേസമയം കാട്ടാനകളെ കൃഷിയിടത്തില്‍ കണ്ട നാട്ടുകാര്‍ വൈകാതെ തന്നെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ആളുകളെ കണ്ടതോടെ കൃഷിയിടത്തിന് സമീപത്തെ വനത്തിലേക്ക് കാട്ടാനകള്‍ കയറിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ വനാതിര്‍ത്തിയിലെ ഫെന്‍സിംഗില്‍ നിന്ന് ആനകള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഇതോടെ ഇവ പിന്തിരിയുകയായിരുന്നു. അതേസമയം വനപാലകരും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും, ശബ്ദമുണ്ടാക്കിയുമെല്ലാം കാട്ടാനകളെ തുരത്താന്‍ ശ്രമിച്ചിരുന്നു. പക്ഷേ ഒരിക്കല്‍ ഷോക്കേറ്റതിനാല്‍ പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാന്‍ പോലും അവ തയ്യാറായില്ല.
അതേസമയം പിന്നീട് വൈദ്യുതി ഫെന്‍സിംഗ് ഓഫാക്കി നോക്കിയാണ് ആനകളെ കാടുകയറ്റാന്‍ ശ്രമിച്ചത്. ശനിയാഴ്ച്ച രാവിലെ മാത്രമാണ് കാട്ടാനക്കൂട്ടം തിരികെ കാട്ടിലേക്ക് കയറിപ്പോയത്. പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് പിന്നീട് വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ജനങ്ങള്‍ക്ക് കാര്യമുണ്ടായിട്ടില്ല. രാത്രി മുഴുവന്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.
എല്ലാ കൃഷിയും ഇവ തിന്നു നശിപ്പിച്ചു. കമുക്, കാപ്പി, കുരുമുളക് എന്നിവയെല്ലാം കാട്ടാനക്കൂട്ടം നശിപ്പിച്ചു. ചേകാടിയിലെ വനാതിര്‍ത്തിയിലാണ് നിലവില്‍ ഫെസിംഗ് ഉള്ളത്. എന്നാല്‍ ഇ വിടെ പുഴയും ഭാഗത്ത് ഫെന്‍സിംഗില്ല. ഇവിടെ കൂടി ഫെന്‍സിംഗ് സ്ഥാപിച്ചാല്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് കടക്കുന്ന തടയാനാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനായി അവര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications