നമീബിയക്കെതിരെ മാത്രമല്ല അഭിഷേക് ശർമ്മ പാകിസ്ഥാനെതിരെയും കളിക്കില്ല? സഞ്ജുവിന്റെ സാധ്യത കൂടുന്നു!
ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് പാകിസ്ഥാനെതിരായ നിർണായക മത്സരം നഷ്‌ടമായേക്കുമെന്ന് റിപ്പോർട്ട്. വയറുവേദനയെത്തുടർന്ന് ചൊവ്വാഴ്‌ചത്തെ പരിശീലനത്തിൽ താരത്തിന് പങ്കെടുക്കാനായിരുന്നില്ല. നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിനായി ടീം ഒരുങ്ങവേ, അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു. ഇപ്പോൾ രണ്ട് മത്സരങ്ങളിൽ താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നമീബിയ മത്സരത്തിന് മുന്നോടിയായി സഹപരിശീലകൻ റയാൻ ടെൻ ഡോഷേറ്റ് അഭിഷേകിന്റെ ആരോഗ്യനിലയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. 'അതെ, വാഷിംഗ്‌ടൺ സുന്ദർ ഇന്നലെ ടീമിനൊപ്പം ചേർന്നു, അവൻ ഇന്ന് പരിശീലനം നടത്തും. അഭിക്ക് വയറുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ട്; ദിവസങ്ങൾക്കകം കളിക്ക് ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ടെൻ ഡോഷേറ്റ് പറഞ്ഞത്.

ഇതോടെയാണ് അഭിഷേകിന്റെ അഭാവത്തെ കുറിച്ച് ചർച്ചകൾ സജീവമാവുന്നത്. അഭിഷേകിന് ആശുപത്രിയിലേക്ക് മാറ്റി എന്നും ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെങ്കിലും പരിശീലനത്തിൽ പങ്കെടുക്കാത്തത് കൊണ്ട് തന്നെ വിശ്രമം അനിവാര്യമായിരിക്കും എന്നാണ് ലഭ്യമായ വിവരം. അങ്ങനെയെങ്കിൽ പാകിസ്ഥാനെതിരായ മത്സരവും അഭിഷേകിന് നഷ്‌ടമായേക്കും.
25 വയസുള്ള അഭിഷേക് കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. രോഗത്തിന്റെ കൃത്യമായ സ്വഭാവം നിർണയിക്കുന്നതിനുള്ള മെഡിക്കൽ പരിശോധനകൾ നിലവിൽ നടക്കുന്നുണ്ട്. അതിന് ശേഷമാവും എത്ര ദിവസത്തെ വിശ്രമം വേണ്ടി വരുമെന്ന കാര്യത്തിൽ തീരുമാനമാവുക.
'വയറ്റിൽ അണുബാധയെ തുടർന്നാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രശ്‌നം കണ്ടെത്തുന്നതിനായി ചില പരിശോധനകൾ നടത്തിവരികയാണ്. ഇന്ന് ആശുപത്രി വിടുമോ എന്ന് ഇപ്പോഴും വ്യക്തമല്ല, പക്ഷേ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം ഇപ്പോൾ സംശയമായി തോന്നുന്നു' എന്നാണ് ബിസിസിഐ വൃത്തങ്ങൾ നേരത്തെ അറിയിച്ചത്.
ഫെബ്രുവരി 15 ന് കൊളംബോയിൽ പാകിസ്ഥാനെതിരെ നടക്കുന്ന ഉയർന്ന മത്സരത്തിന് മുമ്പ് അഭിഷേക് ശർമ്മ സുഖം പ്രാപിക്കുമെന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നു. എങ്കിലും അതിന് ശേഷിക്കുന്നത് വെറും നാല് ദിവസങ്ങൾ മാത്രമായതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം അടുത്ത ദിവസം തന്നെ അറിയാൻ കഴിയുമെന്നാണ്.
മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ വസതിയിൽ ഞായറാഴ്‌ച നടന്ന ടീം അത്താഴവിരുന്നിൽ അഭിഷേക് ശർമ്മ പങ്കെടുത്തിരുന്നുവെന്നും എന്നാൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ടീമിലെ മറ്റുള്ളവരേക്കാൾ നേരത്തെ പോയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അഭിഷേക് ശർമ്മയുടെ അഭാവത്തിൽ സഞ്ജു സാംസണായിരിക്കും ഇഷാൻ കിഷനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക.
സഞ്ജുവിന് ഇത് ലൈഫ് ലൈൻ
നേരത്തെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്ന സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം അഭിഷേക് ശർമ്മയുടെ അഭാവത്തിൽ നമീബിയക്ക് എതിരെ കളിയ്ക്കാൻ കഴിയുക എന്നത് ലൈഫ് ലൈനാണ്. ഒരുപക്ഷേ, അഭിഷേകിന്റെ അസാന്നിധ്യം നീളുകയാണെങ്കിൽ പാകിസ്ഥാനെതിരായ നിർണായക മത്സരത്തിലും സഞ്ജു തന്നെയാവും ഓപ്പണർ.
Credit: Mykhel


Click it and Unblock the Notifications
